കോവിഡ് കാലത്ത് കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തലസ്ഥാന നഗരിയില്‍ അര്‍ധരാത്രി ഭരണാധികാരികളുടെ മൂക്കിനുതാഴെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ചിട്ട് ഈ വരുന്ന ഓഗസ്റ്റ് മൂന്നിന് മൂന്നു വര്‍ഷം തികയുകയാണ്. സംഭവത്തിന് ഉത്തരവാദിയായ വ്യക്തി സംസ്ഥാനത്തെ പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്നതും പ്രസ്തുത വ്യക്തിയെ ജില്ലാകലക്ടറായി നിയമിച്ചതും എന്തു സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്? സര്‍ക്കാരിന്റെയും ഭരണകക്ഷിക്കാരുടെയും പിന്തുണയും സംരക്ഷണവുമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും എന്ത് തോന്ന്യാസംചെയ്താലും സുരക്ഷിതത്വവും സംരക്ഷണവും ലഭിക്കുമെന്നതിന് ഇതിലധികം തെളിവ് ആവശ്യമുണ്ടോ. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ചീഫായിരുന്ന കെ.എം ബഷീറിന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ശ്രീറാംവെങ്കട്ടരാമനെ കഴിഞ്ഞ ദിവസമാണ് പിണറായി സര്‍ക്കാര്‍ ആലപ്പുഴ ജില്ലാകലക്ടറായി നിയമിച്ചത്. ഇതിനുമുമ്പുതന്നെ കേസിലിരിക്കവെ അദ്ദേഹത്തെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ ജോ. സെക്രട്ടറിയും കോവിഡ് കൈകാര്യംചെയ്യുന്ന ഓഫീസിന്റെ സ്‌പെഷല്‍ ഓഫീസറും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ എം. ഡിയുമാക്കി സര്‍ക്കാര്‍ നിയോഗിച്ചിരുന്നതാണ്. അമിതമായി മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നതിന് വ്യക്തമായ തെളിവുകളുണ്ടായിരുന്നിട്ടും പൊലീസും ഐ.എ.എസ്‌ലോബിയും ഭരണകക്ഷിക്കാരും ഒത്തുകളിച്ചതിന്റെ ഫലമായാണ് ശ്രീറാമിന് കേസില്‍നിന്ന് തല്‍കാലത്തേക്ക് തലയൂരിപ്പോരാനിടവന്നത്. വിചാരണ ഒന്നര വര്‍ഷത്തോളം നീണ്ടതിന് കാരണം ഇദ്ദേഹമായിരുന്നു. കേസ് വിധിക്കുന്നതിന് ഇടയ്ക്കുള്ള ഈ നിയമനം ബഷീറിന്റെ കുടുംബത്തോടും മാധ്യമപ്രവര്‍ത്തക സമൂഹത്തോടും മാത്രമല്ല ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടാണ് പിണറായി സര്‍ക്കാരിന്റെ ഈ തീക്കളി. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ കോവിഡ് സുരക്ഷാഉപകരണങ്ങള്‍, റാബീസ് വാക്‌സിന്‍ വാങ്ങിയതുള്‍പ്പെടെ ലക്ഷങ്ങളുടെ അഴിമതിയാരോപണത്തിന് വിധേയമായി നില്‍ക്കവെകൂടിയാണ് ശ്രീറാമിന് അനുകൂലമായ ഈ നിയമനം.
വാഹനാപകടത്തിന് കാരണമായ കാറില്‍ സഞ്ചരിച്ചിരുന്നത് ശ്രീറാമിനെ കൂടാതെ അയാളുടെ പെണ്‍ സുഹൃത്ത് വഫാ ഫിറോസായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നതാണ്. അവരുടെ മൊഴിയില്‍ ശ്രീറാം മദ്യപിച്ചിരുന്നതായാണ് പറഞ്ഞിരുന്നത്. എന്നാല്‍ അപകടം നടന്നയുടന്‍ രക്ത പരിശോധന നടത്താനോ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിക്കാനോ പൊലീസ് തയ്യാറായിരുന്നില്ല. ഇത് അന്നുതന്നെ വലിയ കോലാഹലത്തിന് ഇടയാക്കിയിരുന്നു. താരതമ്യേന മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് യോജിച്ചതാണോ അര്‍ധരാത്രി തലസ്ഥാന നഗരിയില്‍ മദ്യപിച്ച് വാഹനമോടിക്കല്‍ എന്ന ചോദ്യമാണ് ഉയര്‍ന്നത്. എം.ബി.ബി.എസ് ബിരുദ ധാരികൂടിയാണ് ശ്രീറാം. തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ഹോട്ടലില്‍നിന്ന് ലക്കുകെട്ടാണ് അദ്ദേഹം 100 കിലോമീറ്റര്‍ വേഗതയില്‍ കാറോടിച്ചതെന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതിനും അലസ ഡ്രൈവിംഗിനുമെല്ലാം സാധാരണക്കാരെ കേസെടുത്ത് ജയിലിടക്കാന്‍പോലും മടികാട്ടാത്ത പൊലീസും ഗതാഗത വകുപ്പും ഒരുന്നത ഉദ്യോഗസ്ഥന്റെ കാര്യം വന്നപ്പോള്‍ അതൊന്നും നടപ്പാക്കിയില്ലെന്ന് മാത്രമല്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഇറക്കിയ വായ്ത്താരികളും ഇന്ന് ജലരേഖകളായിരിക്കുന്നു. ബഷീറിന്റെ മൃതശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി പിന്നീടിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തനിക്ക് കുടുംബാംഗത്തെ നഷ്ടമായതുപോലുള്ള വേദനയാണുള്ളതെന്നുവരെ രേഖപ്പെടുത്തിയിരുന്നു.
ഇന്ന് അതേമുഖ്യമന്ത്രിതന്നെ അതേ പ്രതിയെ ജില്ലാകലക്ടറായി നിയമിച്ചത് കണക്കിലെടുക്കുമ്പോള്‍ മുതലക്കണ്ണീര്‍ ഇത്രയും വരുമോ എന്നാണ് ജനം ആശ്ചര്യപ്പെടുന്നത്. 2020 ഫെബ്രുവരിയില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രപ്രകാരം ശ്രീറാം വെങ്കട്ടരാമനെതിരെ നരഹത്യക്ക് കേസ് നിലനില്‍ക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നതാണ്. പത്തു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ആ കേസിലെ പ്രതിയാണ് ഇപ്പോള്‍ ഒരു റവന്യൂജില്ലയുടെ മജിസ്‌ട്രേട്ടിന്റെ ചുമതല വഹിക്കാനെത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനും സര്‍ക്കാരിന് എപ്പോള്‍ വേണമെങ്കിലും സമാനമായി പുനര്‍നിയമനം നല്‍കിയാലും അത്ഭുതപ്പെടേണ്ടതില്ല. പിണറായി സര്‍ക്കാരിന്റെതന്നെ ഒന്നാം ഭരണകാലത്തിന്റെ അവസാനമാണ് മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ എസ്.വി പ്രദീപും അതിദാരുണമായി ഇതേ തലസ്ഥാന നഗരിയുടെ പ്രാന്തപ്രദേശത്ത് ടിപ്പറിടിച്ച് മരണപ്പെട്ടത്. ഇതില്‍ ഇനിയും വിചാരണ നടന്നിട്ടില്ല. ബഷീര്‍ കേസിലെ ഒന്നാം പ്രതി ശ്രീറാമിനെ തിരിച്ചെടുക്കാന്‍ കാട്ടിയ ആര്‍ജവം എന്തുകൊണ്ട് സര്‍ക്കാരിന് കേസിന്റെ കാര്യത്തിലില്ല? പല തവണ കോടതിയില്‍ ഹാജരാകാതെയും തെളിവ് നശിപ്പിച്ചതായും വ്യക്തമായ നിലക്ക് എന്തുകൊണ്ട് കളങ്കിതനെ സര്‍വീസില്‍ തിരിച്ചെടുത്തുവെന്ന ചോദ്യം നിലനില്‍ക്കെയാണ് ഈ നിയമനം. ഇതിനെ മാധ്യമ പ്രവര്‍ത്തകരോടുള്ള ഈസര്‍ക്കാരിന്റെ നയമായും കാണാനാകും. ജനങ്ങള്‍ക്ക് ഭരണകൂടത്തോടും നീതിന്യായ വ്യവസ്ഥയോടുതന്നെയും വിശ്വാസവും അഭിമാനവും തോന്നുന്നത് അവയുടെ പ്രവര്‍ത്തന രീതികൊണ്ടാണ്. പ്രതിക്ക് ശിക്ഷ വിധിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് അയാളെ ജനങ്ങളുടെ ചെലവില്‍ അവരുടെ തലയ്ക്ക്മുകളില്‍ വാഴിക്കുന്നത് അതില്ലാതാക്കലാണ്. സാമാന്യനീതിയോടാണ് സര്‍ക്കാര്‍ ‘കടക്കൂ, പുറത്ത്’ പറഞ്ഞിരിക്കുന്നത്.