X

‘ഇതാണ് ഞങ്ങളുടെ പാരമ്പര്യം’; ശിവഭക്തരെ പുഷ്പദളങ്ങളുമായി സ്വീകരിച്ച് വാരാണസിയിലെ മുസ്‍ലിംകൾ

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്കുള്ള ശിവഭക്തരുടെ കാവഡ് യാത്രക്കിടെ മതസൗഹാർദത്തിന്റെ കാഴ്ചയൊരുക്കി ഉത്തർ പ്രദേശിലെ വാരാണസി നഗരം. നൂറുകണക്കിന് ശിവഭക്തരെ മുസ്‍ലിംകൾ പുഷ്പ ദളങ്ങൾ വർഷിച്ചും കുടിവെള്ളം നൽകിയും സ്വാഗതം ചെയ്തു. കാവഡ് യാത്രയെച്ചൊല്ലി ബി.ജെ.പി സർക്കാറുകൾ പുറത്തിറക്കിയ വിഭജന ഉത്തരവ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മതസൗഹാർദത്തിന്റെ മാതൃകയുമായി വാരാണസിക്കാർ രംഗത്തുവന്നത്.

‘കനത്ത ചൂടിനിടയിലും കാശിയിൽ നിരവധി ഭക്തരാണ് എത്തിയത്. മുസ്‍ലിം സമുദായത്തിൽപെട്ട ഞങ്ങൾ പുഷ്പ ദളങ്ങൾ വർഷിച്ച് അവരെ സ്വീകരിച്ചു’ -പരിപാടിക്ക് നേതൃത്വം നൽകിയ ആസിഫ് ഷെയ്ഖ് പറഞ്ഞു. ഞങ്ങൾ അവർക്ക് വെള്ളക്കുപ്പികളും നൽകി. കഴിഞ്ഞ കുറെ വർഷങ്ങളായി ഞങ്ങളിത് ചെയ്യുന്നുണ്ട്. ഇനിയും ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാരാണസി എ​പ്പോഴും സംയോജിത സംസ്കാരമായ ‘ഗംഗ ജമുനി തഹ്സീബി’ന്റെ ഉദാഹരണമാണ്. ആ പാരമ്പര്യവും പൈതൃകവുമാണ് ഞങ്ങൾ പിന്തുടരുന്നത്. ഹിന്ദുക്കളും മുസ്‍ലിംകളും സിഖുകാരും ക്രിസ്ത്യാനികളും ഇവിടെ ഒരുമിച്ച് ജീവിക്കുന്നു. എല്ലാ ആഘോഷങ്ങളും ഞങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ കൊണ്ടാടുന്നു. ഒരു രാഷ്ട്രീയത്തിന്റെയും ഭാഗമാകാൻ ഞങ്ങളില്ല. ഇവിടെ എത്തുന്ന ശിവഭക്തരെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്.

കാശിയിൽ എല്ലാ മതസ്ഥരും സൗഹാർത്തോടെ ജീവിക്കുന്ന എന്ന സന്ദേശം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ -ആസിഫ് ഷെയ്ഖ് കൂട്ടിച്ചേർത്തു. രാജ്യത്തെ ഹിന്ദു-മുസ്ലിം സംസ്കാരങ്ങളുടെ സംയോജനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണ് ‘ഗംഗ ജമുനി തഹ്സീബ്’.

കാശി വിശ്വാനാഥ ക്ഷേത്രത്തിന് സമീപമാണ് മുസ്‍ലിംകൾ ശിവഭക്തരെ സ്വീകരിച്ചത്. ദേശീയ പതാകയുമേന്തിയാണ് ഇവരെത്തിയത്. ഈ സൗഹാർദത്തെയടക്കം തകർക്കാനാണ് ഹിന്ദുത്വ ശക്തികൾ പുതിയ ഉത്തരവുമായി വന്നത്. കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലെ ഹോട്ടലുകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർ പ്രദേശ് സർക്കാറിന്റെ ഉത്തരവ് ഈ മതസൗഹാർദത്തെ കൂടി തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു. ഇതിന് പിന്നാലെ ഹരിദ്വാർ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡ് സർക്കാറും ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം, പേര് പ്രദർശിപ്പിക്കണമെന്ന നിർദേശം സുപ്രിംകോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തിട്ടുണ്ട്. ഉത്തരവിനെതിരെ പ്രതിപക്ഷ കക്ഷികളടക്കം വലിയ വിമർശനമാണ് ഉയർത്തിയിരുന്നത്. ഇതിനിടയിലാണ് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് വരുന്നത്.

വിവിധ സർക്കാറുകളുടെ വിവാദ നിർദേശത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കടകൾക്ക് മുന്നിൽ ഉടമകളുടെയും തൊഴിലാളികളുടെയും പേരോ ജാതിയോ ​പ്രദർശിപ്പിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

webdesk13: