മുഹ്‌സിന്‍ ടി.പി.എം
പ്രബുദ്ധ കേരളമെന്ന വിശേഷണത്തെ അപഹാസ്യമാക്കുന്ന മദ്യനയമാണ് പിണറായിയുടെ രണ്ടാം സര്‍ക്കാറും സ്വീകരിച്ച് വരുന്നത്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറച്ച് കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അവകാശപ്പെട്ടാണ് എല്‍.ഡി.എഫ് അധികാരത്തില്‍ വരുന്നത്. എന്നാല്‍ മദ്യത്തിന്റെ ഉത്പാദനം കൂട്ടാനും പരമാവധി ജനങ്ങളെ മദ്യം കുടിപ്പിക്കാനുമാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. മദ്യ വില്‍പ്പനയിലൂടെയുള്ള വരുമാനത്തിലാണ് സര്‍ക്കാര്‍ കണ്ണുവെക്കുന്നത്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും മദ്യം വേണമെന്ന നിലപാടാണ് സര്‍ക്കാറിന്. സാമ്പത്തിക സമാഹരണത്തിന് ബദല്‍ മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാനുള്ള ഇച്ഛാശക്തി നഷ്ടപ്പെട്ടതിനാലാണ് സര്‍ക്കാര്‍ കേരളത്തിന്റെ ബോധ മണ്ഡലത്തെ നശിപ്പിക്കുന്ന രീതിയില്‍ ജനങ്ങളുടെ മദ്യാസക്തി ചൂഷണം ചെയ്ത് മദ്യം ഒഴുക്കുന്നത്.
ബീഹാറില്‍ മദ്യ നിരോധനം നടപ്പിലാക്കിയത് 2016 ല്‍ ആയിരുന്നു. 4000 കോടി രൂപയുടെ നികുതി വരുമാനം വേണ്ടെന്ന് വെച്ച് നടപ്പില്‍ വരുത്തിയ മദ്യ നിരോധനം ആറ് വര്‍ഷം പിന്നിടുമ്പോള്‍ നികുതി വരുമാനം ഇതര മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ ഗജനാവിലേക്ക് തിരിച്ചെത്തിയെന്ന് കണക്കുകള്‍ സാക്ഷ്യം പറയുന്നു. ആ സംസ്ഥാനം സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകളിലും ഗണ്യമായ വര്‍ധനവുണ്ടായെന്ന് അംഗീകൃത ഏജന്‍സികളുടെ പഠനം തെളിയിക്കുന്നു. കൊലയും കൊലപാതകങ്ങളുമടക്കമുള്ള സാമൂഹ്യതിന്മകളില്‍നിന്ന് ബീഹാര്‍ പതുക്കെ തിരിച്ച് നടക്കുന്നുവെന്ന സന്തോഷകരമായ കണക്കുകളും ആഭ്യന്തര മന്ത്രാലയം പുറത്ത്‌വിട്ടിട്ടുണ്ട്.
പരമ്പരാഗത മദ്യഷാപ്പുകളും ബീവറേജസ് വില്‍പ്പന ശാലകള്‍ക്കുംപുറമേ പുതിയ ഇടങ്ങള്‍ മദ്യ വില്‍പ്പനക്കായി തേടുകയാണ് സര്‍ക്കാര്‍. കെ.എസ്.ആര്‍. ടി.സി ഡിപ്പോകളില്‍ ബീവറേജസ് ഔട് ലെറ്റുകള്‍ തുടങ്ങാനുള്ള ആലോചന വന്നെങ്കിലും ശക്തമായ പ്രതിഷേധം കാരണം പിന്‍വാങ്ങുകയാണുണ്ടായത്. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ആരാധനാലയങ്ങളില്‍ നിന്നും മദ്യ ശാലകളിലേക്കുണ്ടായിരുന്ന ദൂര പരിധി വെട്ടിക്കുറച്ചും മദ്യശാല തുടങ്ങുന്നതിനുള്ള ലൈസന്‍സ് അനുവദിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം എടുത്തുകളഞ്ഞും മദ്യ ലോബിയെ പരമാവധി സഹായിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. അബ്ക്കാരി നിയമത്തില്‍ ഭേദഗതി വരുത്തി ഓണ്‍ലൈന്‍ സംവിധാനത്തില്‍ മദ്യമെത്തിക്കാനും ഇടത് കേന്ദ്രങ്ങളില്‍ ആലോചന ശക്തിയായി നടന്നെങ്കിലും പ്രായോഗിക തടസങ്ങള്‍ കാരണം നടപ്പിലാവാതെ പോയി. പബ്ബുകളും ബൂവറികളും ഡിസ്റ്റിലെറികളും തുടങ്ങുവാനുള്ള തീരുമാനവും നടപടി കാത്ത്കിടക്കുകയാണ്. നിലവില്‍ സ്വകാര്യ മേഖലകളിലുള്ള ഡിസ്റ്റിലെറികളെയാണ് അധികവും ബെവ്‌ക്കോ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിനായി ആശ്രയിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഉത്പാദകരില്‍നിന്നും വാങ്ങുന്ന മദ്യത്തിന് 247 മുതല്‍ 257 വരേ സംസ്ഥാന നികുതി ചുമത്തിയാണ് വില്‍പ്പന നടത്തുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വിദേശ മദ്യത്തിന്റെ 16 ശതമാനവും വിറ്റ്‌പോവുന്നത് രാജ്യത്തെ ജനസംഖ്യയിലെ നാല് ശതമാനം മാത്രം വരുന്ന കേരളത്തിലാണ്. 8.5 ലിറ്ററോളം ആളോഹരി മദ്യപാനമാണ് കേരളത്തില്‍. ദേശീയ ശരാശരി 3.5 ലിറ്ററാണെന്നോര്‍ക്കണം. സ്വന്തമായൊരു ബ്രാന്‍ഡില്‍ വിദേശമദ്യം ഉത്പാദിപ്പിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്ന കണക്കുകളാണിതൊക്കെ.
2022-23 ലെ ബജറ്റ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണെങ്കില്‍ പോലും കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് ആരംഭിക്കുക എളുപ്പമായിരിക്കില്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വിദേശ കുത്തക കമ്പനികളും ഇതര സംസ്ഥാന കമ്പനികളും യഥേഷടം ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. ദിനേന കോടികളുടെ വിറ്റുവരവുള്ള ഉത്പന്നങ്ങളൊന്നും സ്വന്തമായി നിര്‍മ്മിക്കാതെ മദ്യം സ്വന്തം ബ്രാന്‍ഡില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാറിനും മദ്യാസക്തി ബാധിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ ഒരുപാട് സാധ്യതകളാണ് ഐ.ടി വ്യവസായത്തിനുള്ളത്. അടിസ്ഥാന സൗകര്യമൊരുക്കിയും നികുതിയിളവ് നല്‍കിയും യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തേജിപ്പിച്ച സ്ഥാപനങ്ങളാണ് അധികവും. ശരാശരിക്ക് മീതെ മികവുകളുള്ള നമ്മുടെ ടെക്കികള്‍ നിര്‍മ്മിക്കുന്ന ഹാര്‍ഡ്‌വെയറുകള്‍ക്കും സോഫ്റ്റ്‌വെയറുകള്‍ക്കും ഉന്നത നിലവാരമാണുള്ളത്. ഡാറ്റാ പ്രോസസിങ്ങും നല്ല നിലയില്‍ നടക്കുന്നു. യഥേഷ്ടം ബി.പി.ഒ ജോബുകള്‍ കേരളത്തിലെ ഐ.ടി പാര്‍ക്കുകളിലേക്ക് വരുന്നുണ്ട്. തിരുവനന്തപുറത്തെ ടെക്‌നോ പാര്‍ക്കില്‍ മാത്രം 460 ഐ.ടി കമ്പനികളിലായി 63000 പേര്‍ ജോലി ചെയ്യുന്നുണ്ട്. കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ 410 കമ്പനികളിലായി 51000 പേരും കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 50 ല്‍ അധികം കമ്പനികളിലായി രണ്ടായിരത്തോളം പേരും ജോലി ചെയ്യുന്നുണ്ട്. ഒട്ടുമിക്ക വ്യവസായങ്ങളേയും കോവിഡ് സാഹചര്യവും ലോക്ഡൗണും സാമ്പത്തികമായി തളര്‍ത്തിയെങ്കിലും പിടിച്ച്‌നില്‍ക്കുകയും സാമ്പത്തികമായി ഉയര്‍ച്ച കൈവരിക്കുകയും ചെയ്തത് ഐ.ടി വ്യവസായങ്ങളായിരുന്നു. ജോലി ചെയ്യുന്ന പ്രഫഷണലുകള്‍ക്ക് ആസ്വദനത്തിനും സമ്മര്‍ദ്ദ ലഘൂകരണത്തിനും മാനസിക ഉല്ലാസ സംവിധാനങ്ങളൊരുക്കേണ്ടതിന് പകരം മദ്യശാലകള്‍ ഐ.ടി പാര്‍ക്കുകളില്‍ കൊണ്ടുവരാനുള്ള ശ്രമം ടെക്കികളുടെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കും. തൊഴിലിടങ്ങളില്‍ തൊഴിലാളി സൗഹൃദ അന്തരീക്ഷം ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാറിന് സാധിക്കണം. പകരം ഐ.ടി പാര്‍ലറുകളില്‍ മദ്യശാലകള്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ ലക്ഷത്തിലധികം വരുന്ന ടെക്കികളുടെ ആത്മാഭിമാനത്തെ ഇതിലൂടെ സര്‍ക്കാര്‍ പരിഹസിച്ചിരിക്കുകയാണ്. ഐ.ടി പ്രഫഷണലുകളുടെ പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരം മദ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ്‌വെക്കുന്നു.