X

‘ഇത് ഇന്ത്യയാണ്, ഇവിടെയുള്ള എല്ലാവര്‍ക്കും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമുണ്ട്’; പ്രതികരണത്തിന് പിന്നാലെ ഗായകന്‍ പവന്‍ സിങ് ബി.ജെ.പിയില്‍നിന്ന് പുറത്ത്

പട്‌ന: ലോക്‌സഭ തെരഞ്ഞടുപ്പില്‍ എന്‍.ഡി.എയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കാന്‍ പത്രിക നല്‍കിയ ഭോജ്പുരി ഗായകന്‍ പവന്‍ സിങ്ങിനെ ബി.ജെ.പി പുറത്താക്കി. ബിഹാറിലെ കരാകട്ട് മണ്ഡലത്തില്‍നിന്നാണ് പവന്‍ സിങ് ജനവിധി തേടുന്നത്. ഉപേന്ദ്ര കുശ് വഹയാണ് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി.

മേയ് ഒമ്പതിന് പവന്‍ സിങ് പത്രിക സമര്‍പ്പിച്ചതോടെ ബി.ജെ.പി നേതൃത്വത്തില്‍ നിന്ന് കടുത്തസമ്മര്‍ദമുണ്ടാവുകയും പത്രിക പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ പ്രേം കുമാര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍, പവന്‍ വഴങ്ങിയിരുന്നില്ല. എന്തുവന്നാലും പത്രിക പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.

ഞാന്‍ എന്റെ നോമിനേഷന്‍ പിന്‍വലിക്കില്ല. ബി.ജെ.പി എനിക്കെതിരെ നടപടിയെടുക്കാന്‍ ഞാനൊരു കുറ്റവാളിയല്ല, ഒരു കലാകാരനാണ്. ഇത് ഇന്ത്യയാണ്, ഇവിടെയുള്ള എല്ലാവര്‍ക്കും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമുണ്ട്.ആരു പറഞ്ഞാലും എന്ത് വില കൊടുത്തും തെരഞ്ഞെടുപ്പില്‍ മത്സരിക്കും’ എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.പശ്ചിമ ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തില്‍ പവന്‍ സിങ്ങിന് ബി.ജെ.പി സീറ്റ് നല്‍കിയിരുന്നെങ്കലും അദ്ദേഹം നിരസിക്കുകയായിരുന്നു.

പവന്‍ സിങ് കൂടി പത്രിക നല്‍കിയതോടെ മണ്ഡലത്തില്‍ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയത്. സി.പി.എം.എലിലെ രാജാറാം സിങ് കുഷ്വാഹയാണ് ഇന്ത്യസഖ്യത്തിന്റെ സ്ഥാനാര്‍ഥി.ജുണ്‍ ഒന്നിന് ഏഴാം ഘട്ടത്തിലാണ് മണ്ഡലത്തിലെ വോട്ടെടുപ്പ്.

webdesk13: