X

ഇതു ഡെയ്ഞ്ചര്‍ ലൈന്‍- കെ.പി.എ മജീദ്‌

കെ.പി.എ മജീദ്‌

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പോയി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്കൊപ്പം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ഭൂപീന്ദര്‍ യാദവിനെയും കണ്ട് കെ റെയില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ആശങ്ക സംസാരിച്ചിരുന്നു. അവര്‍ക്കൊന്നും ഇതേക്കുറിച്ചൊരു വിവരവുമില്ലെന്നു മാത്രമല്ല, അടിമുടി ദുരൂഹമായ പദ്ധതിയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പലതും ഒളിച്ചുവെക്കുന്നുവെന്നും ബോധ്യമായി. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ ഇന്ത്യന്‍ റെയില്‍വെയുടെയും ഇതില്‍ നിന്നു രൂപപ്പെട്ട കെ. റെയില്‍ കോര്‍പ്പറേഷന്റെയും മേല്‍നോട്ടത്തില്‍ മുക്കാല്‍ ലക്ഷം കോടി പൊതു പണം മുടക്കി നടപ്പാക്കുന്ന പദ്ധതി എന്തിനാണ് ഒളിച്ചു കടത്തുന്നത്. കേരള മന്ത്രിസഭ ഒന്നര വര്‍ഷം മുമ്പ് അംഗീകരിച്ച പദ്ധതിയുടെ ഡി.പി.ആര്‍ രഹസ്യ രേഖയാക്കിവെച്ച് നിയമസഭയില്‍ നിന്ന് പോലും മറച്ചുവെക്കാനുള്ള കാരണം ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടാവും.

”ദേശീയ – സംസ്ഥാന പാതകള്‍ വീതി കൂട്ടിയാല്‍ ആളുകള്‍ക്ക് റോഡിലൂടെ തന്നെ സ്പീഡില്‍ പോകാന്‍ കഴിയും; അപ്പോള്‍ സില്‍വര്‍ ലൈന്‍ നഷ്ടത്തിലാകും. അതുകൊണ്ട്, നിലവിലെ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തരുത്. റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തി യാത്രാച്ചെലവ് വര്‍ധിപ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തുടക്കമിട്ട, റെയില്‍ പാത ഇരട്ടിപ്പിക്കല്‍, മൂന്നാം പാത നിര്‍മാണം എന്നിവ കേരളത്തില്‍ നടപ്പാക്കിയാല്‍ സില്‍വര്‍ ലൈനിന്റെ വരുമാനം കുറക്കും; അതിന് അനുവദിക്കരുത്. ഇന്ത്യന്‍ റെയില്‍വെ ചാര്‍ജ് കുത്തനെ കൂട്ടി നിര്‍ദിഷ്ട സില്‍വര്‍ പദ്ധതിയിലെ ട്രെയിന്‍ നിരക്കിന് ഒപ്പമെത്തിക്കണം; അല്ലെങ്കില്‍ ജനങ്ങള്‍ ഇതില്‍ കയറില്ല…” എന്നിങ്ങനെ പോകുന്നു 2019 ഓഗസ്റ്റില്‍ ചേര്‍ന്ന മന്ത്രി സഭായോഗം അംഗീകരിച്ച ഡി.പി.ആറിലെ വിവരങ്ങള്‍.കെ റെയിലിനു വേണ്ടി സിസ്ത്ര നടത്തിയ പ്രാഥമിക സാധ്യതാ പഠനത്തിനു നേതൃത്വം നല്‍കി, 35 വര്‍ഷം ഇന്ത്യന്‍ റെയില്‍വെയുടെ എഞ്ചിനീയറിങ് വിഭാഗത്തില്‍ ജോലി ചെയ്തതിനു ശേഷം 2016 ല്‍ സര്‍വീസില്‍ നിന്നു വിരമിച്ച ആലോക് കുമാര്‍ വര്‍മ്മ പറയുന്നതോ, മെട്രോ മാന്‍ ശ്രീധരന്‍ പറയുന്നതോ സംസ്ഥാന സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല. ആലോക് കുമാര്‍ വര്‍മ്മ നത്തിയ മൂന്നു കൊല്ലത്തെ ഗവേഷണത്തിന്റെ ഭാഗമായാണ് ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 – 200 കിലോമീറ്റര്‍ ആക്കി ഉയര്‍ത്തുന്നത് ഇന്ത്യന്‍ റെയില്‍വെ അംഗീകരിച്ചത്. ‘2018 ലെ ഫീസിബിലിറ്റി പഠനറിപ്പോര്‍ട്ടും 2019 അന്തിമഫീസിബിലിറ്റി പഠനറിപ്പോര്‍ട്ടും അറബിക്കടലിലേക്ക് വലിച്ചെറിയേണ്ടതാണ്. അല്ലെങ്കില്‍ വല്ല റെയില്‍വേ മ്യൂസിയത്തിലും പ്രദര്‍ശിപ്പിക്കണം. ശാസ്ത്രീയത തൊട്ടു തീണ്ടിയിട്ടില്ലാത്തതും റെയില്‍വെ ബോര്‍ഡിന്റെ തന്നെ എഞ്ചിനീയറിങ്ങ് കോഡിന് വിരുദ്ധമായിട്ടുള്ളതുമായ റിപ്പോര്‍ട്ടുകളാണ് ഇവ. ഇത്രയും നിലവാരം കുറഞ്ഞതും ചട്ടങ്ങള്‍ ലംഘിക്കുന്നതുമായ ഒരു ഫീസിബിലിറ്റി പഠനം ഇതിനു മുമ്പ് മറ്റൊരു റെയില്‍വെ പ്രോജക്ടിന്റെയും കാര്യത്തിലുണ്ടായിട്ടില്ല. അങ്ങേയറ്റത്തെ നിരുത്തരവാദിത്തവും പ്രൊഫഷണലിസം ഇല്ലായ്മയുമാണ് സിസ്ത്ര ഇന്ത്യയും കെ റെയിലും കാണിച്ചതെന്നും’ ആലോക് കുമാര്‍ വര്‍മ്മ പറയുന്നതാണ് കെ. റെയിലുമായി ബന്ധപ്പെട്ട് ഡോ.എം.കെ മുനീര്‍ കണ്‍വീനറായ യു.ഡി.എഫ് പഠന സംഘത്തിന്റെ റിപ്പോര്‍ട്ടിലും അടിവരയിട്ടത്.

യു.ഡി.എഫ് യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ഘടക കക്ഷികളെല്ലാം അംഗീകരിച്ച ശേഷമാണ് നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവും യു.ഡി.എഫ് എം.എല്‍.എമാരും ജനങ്ങളുടെ ആശങ്ക അവതരിപ്പിച്ചപ്പോള്‍ ഒരു ചര്‍ച്ചക്കും സര്‍ക്കാര്‍ തയ്യാറായില്ല. നിയമസഭയിലോ ജനം തെരഞ്ഞെടുത്ത എം.എല്‍.എമാരുമായോ പ്രതിപക്ഷ നേതാവുമായോ ചര്‍ച്ചക്ക് പോലും തയ്യാറാവാതെ ‘പൗരപ്രമുഖരുമായി’ മുഖ്യമന്ത്രി മുഖാമുഖം നടത്തുമ്പോള്‍ തന്നെ എല്ലാം വ്യക്തമാണ്. സ്വന്തം മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐക്കും സ്വന്തം പാര്‍ട്ടിക്ക് ബുദ്ധിയും വിവരവും തുണിസഞ്ചിയില്‍ എത്തിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിനും പോലും ബോധ്യപ്പെടാത്ത പദ്ധതിയെ യു.ഡി.എഫ് കണ്ണടച്ച് പിന്തുണച്ചില്ലെങ്കില്‍ തീവ്രവാദി-ഭീകരവാദി ചാപ്പകുത്തി ഒളിച്ചോടാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. ഇപ്പോള്‍ പുറത്തായ ഡി.പി.ആറിലെ വിവരങ്ങള്‍ സര്‍ക്കാറിന്റെ ഹിഡന്‍ അജണ്ട സംശയ ലേശമന്യേ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു.

മുസ്‌ലിംലീഗിനെ ദിവസം പത്തുതവണയെങ്കിലും ‘അവഗണിക്കുന്ന’ മുഖ്യമന്ത്രി ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖയെങ്കിലും പരിഗണിച്ച് ഒരാവര്‍ത്തി വായിക്കണം: ‘ സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്, പാരിസ്ഥിതിക ആഘാത പഠനം, സാമൂഹിക ആഘാത പഠനം എന്നിവയൊന്നും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതെയും റെയില്‍വേ ലൈനിന്റെ അലൈന്‍മെന്റ് കൃത്യമായി നിര്‍ണയിക്കാതെയും കേരളത്തില്‍ അങ്ങോളമിങ്ങോളം കല്ലുകള്‍ നാട്ടി അതിര്‍ത്തി നിര്‍ണയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും ജനാധിപത്യ വിരുദ്ധമാണ്, വിദേശ ഫണ്ടിങ് ഏജന്‍സികളില്‍ നിന്ന് വായ്പ ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന കെ.റെയില്‍ അധികാരികളുടെ വിശദീകരണം പ്രതിഷേധാര്‍ഹമാണ്. ഇതിനകം ലഭ്യമായ വസ്തുതകളും വിവരങ്ങളും വെച്ച് പരിശോധിക്കുമ്പോള്‍ കേരള വികസനത്തിനായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ട പദ്ധതിയല്ല കെ.റെയില്‍ കമ്പനിയുടെ സില്‍വര്‍ലൈന്‍. കെ.റെയില്‍ കമ്പനിയുടെ വെളിപ്പെടുത്തലനുസരിച്ച് സില്‍വര്‍ ലൈന്‍, സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. സില്‍വര്‍ ലൈന്‍ വഴി നേട്ടമുണ്ടാകുന്നത് ഒരു ന്യൂനപക്ഷത്തിനാണെങ്കിലും അതിന്റെ പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങളെല്ലാം അനുഭവിക്കേണ്ടിവരുന്നത് ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളായിരിക്കും. കേരത്തിലെ മണ്ണിന്റെയും മനുഷ്യന്റെയും പാരിസ്ഥിതികമായ സുസ്ഥിരത ഉറപ്പാക്കുന്ന വികസനമാണ് പരിഷത്തിന്റെ ലക്ഷ്യം. സില്‍വര്‍ ലൈന്‍ അതിന് സഹായകരമല്ലാത്തതുകൊണ്ടാണ് അതിനാവരുത് മുന്‍ഗണനയെന്ന് പരിഷത്ത് പറയുന്നത്.’ കിഴക്ക് പടിഞ്ഞാറായി ജലനിര്‍ഗമനം ഉള്ള കേരളത്തില്‍ തെക്കു വടക്കു മതില്‍ കെട്ടി വെള്ളപ്പൊക്കം രൂക്ഷമാക്കണോയെന്ന് ചോദിച്ചാല്‍ തീവ്രവാദിയാവും, കെ റെയിലിന്റെ പത്തിലൊന്നു ചെലവില്‍ നിലവിലെ പാതയില്‍ 160 കിലോ മീറ്റര്‍ വേഗത്തില്‍ തീവണ്ടി ഓടിച്ചുകൂടെയെന്ന് പഠനം മുന്നോട്ടു വെച്ചാല്‍ ഭീകരവാദിയാവും, ഒരൂ മണിക്കൂര്‍ കൊണ്ട് വിമാനത്തില്‍ എത്താവുന്ന സ്ഥലത്തേക്ക് നാലു മണിക്കൂര്‍ കൊണ്ടെത്തുന്ന പുതിയൊരു റെയില്‍ എന്തിനാണെന്ന് സംശയിച്ചാല്‍ ടെററിസ്റ്റാവും. ഇസ്‌ലോമോഫോബിയയില്‍ മത്ത്പിടിച്ച സി.പി.എമ്മിന് തീവ്രവാദികളെ ഇല്ലാതാക്കാന്‍ കെ റെയില്‍ സില്‍വര്‍ലൈന്‍ അനിവാര്യമാണത്രെ. കെ റയില്‍ നടപ്പാക്കിയാന്‍ പിന്നെ യു.ഡി.എഫിന്റെ ഓഫീസുകള്‍ കാണില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് കേന്ദ്രത്തിന് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട ഏക നേട്ടം.

മോദി-പിണറായി പാലമായി വര്‍ത്തിക്കുന്നെന്ന് ആരോപണമുള്ള ജോണ്‍ബ്രിട്ടാസ് എം.പിയുടെ ഭാര്യയെ കെ റെയിലിന്റെ കുഞ്ചിക സ്ഥാനത്തേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് അന്തര്‍ നാടകങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഓഹരി തുല്യമാണെന്നാണ് പദ്ധതി പറയുന്നതെങ്കിലും ഇതിനാവശ്യമായ തുക 90 ശതമാനവും കണ്ടെത്തേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാറിനാണ്, കേന്ദ്ര വിഹിതമായി 10%, തുക മാത്രമേ അന്തിമാനുമതി ലഭിച്ചാലും കിട്ടുകയുള്ളൂ. കേരളസര്‍ക്കാര്‍ 28% തുക കിഫ്ബി വഴി നല്‍കുന്നതിന് പുറമെ 53% തുക വായ്പയായും നല്‍കണം. സ്വകാര്യ പങ്കാളിത്തത്തിലൂടെ ഉള്‍പ്പെടെ 9% തുകയും സംസ്ഥാനം വഹിക്കണം. അഥവാ, കിഫ്ബിയായും നേരിട്ടും മറ്റുവഴിയിലൂടെയല്ലാമായി 90 ശതമാനം ബാധ്യത കടത്താല്‍ മുടിഞ്ഞ് നടുനിവര്‍ത്താനാവാത്ത കേരളീയരുടെ മേലെ കെട്ടിവെക്കുന്ന ഡെയ്ഞ്ചര്‍ ബ്ലൂവെയില്‍ ഗെയിമാണ് സി.പി.എം കളിക്കുന്നത്. ഒരു മുന്നറിയിപ്പുമാല്ലാതെ അടച്ചിട്ട വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അടുക്കളയില്‍ മഞ്ഞക്കല്ലിട്ട് കേരളത്തിലും സിങ്കൂരും നന്ദിഗ്രാമും സൃഷ്ടിക്കുന്നവര്‍ ജനതാല്‍പര്യം ഗൗനിക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭത്തിനാണ് യു.ഡി.എഫ് തീരുമാനം. ദിവസം നാലു നേരം ആറു വീതം മുസ്‌ലിംലീഗിനെ വര്‍ഗീയ വാദികള്‍ എന്നു വായിട്ടലച്ചാലും പിണറായി വിജയന്റെ രണ്ടാം എസ്.എന്‍.സി ലാവിലിന്‍ നടക്കില്ല.

 

 

Test User: