X

ഇത് രാജ്യത്തിനെതിരായ ആക്രമണം-എഡിറ്റോറിയല്‍

ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ അതിക്രൂരമായ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. ഹരിയാനയിലെ അംബാലയില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ച് യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു, അസമിലെ സില്‍ചാറില്‍ ക്രിസ്മസ് ആഘോഷം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അലങ്കോലമാക്കി, യു.പിയിലെ ആഗ്ര മഹാത്മാഗാന്ധി മാര്‍ഗിലെ സെന്റ് ജോണ്‍സ് കോളജ് കവലയില്‍ ഹിന്ദുത്വര്‍ സാന്താക്ലോസിന്റെ കോലം കത്തിച്ചു, ഹരിയാനയിലെ ഗുരുഗ്രാമിലെ പട്ടൗഡി നഗരത്തിലെ സ്‌കൂളില്‍ നടന്ന ക്രിസ്മസ് ആഘോഷം ജയ്ശ്രീറാം വിളിച്ചെത്തിയ സംഘം തടഞ്ഞു. ഇങ്ങനെ നിരവധി ആക്രമണങ്ങള്‍ക്കാണ് രാജ്യത്തെ ക്രിസ്തീയ സഹോദരങ്ങള്‍ തങ്ങളുടെ ആഘോഷ ദിവസത്തില്‍ സാക്ഷ്യം വഹിക്കേണ്ടി വന്നത്. ക്രിസ്മസ് ആഘോഷത്തിന്റെ മറവില്‍ മത പരിവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നു എന്നതാണ് അക്രമികളുടെ ന്യായം.

ക്രിസ്മസ് ദിനത്തില്‍ നടന്ന ഈ ആക്രമണം ഏതെങ്കിലും ഒരു മതസമൂഹത്തിനെതിരായോ അവരുടെ ആചാരങ്ങള്‍ക്കെതിരായോ ഉള്ള നീക്കമായി പരിമിതപ്പെടുത്താന്‍ കഴിയില്ല. എന്നല്ല, രാജ്യത്തിന്റെ മതനിരപേക്ഷതക്കെതിരായി നിരന്തരമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭീഷണിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിട്ടുവേണം ഇതിനെ കാണാന്‍. ഹിന്ദുത്വത്തിന്റെ പേരില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഇക്കൂട്ടര്‍ മതങ്ങളെ മാത്രമല്ല, മാനവികതയെ തന്നെ ശത്രുപക്ഷത്തു നിര്‍ത്തിയിരിക്കുകയാണ് എന്ന് നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ദളിതര്‍ക്കും മുസ്‌ലിംകള്‍ക്കും മറ്റുപിന്നാക്ക ജന വിഭാഗങ്ങല്‍ക്കുമെതിരെ ഉത്തരേന്ത്യയില്‍ ഇടതടവില്ലാതെ നടന്നു കൊണ്ടിരിക്കുന്ന സംഘപരിവാറിന്റെ ക്രൂരവിനോദങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കു നേരെയും തിരിയുമ്പോള്‍ വര്‍ഗീയ ഫാസിസത്തിനെതിരായി മതേതര ശക്തികളുടെ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടപ്പെടുന്നത്.

പ്രൊട്ടസ്റ്റന്റ് പുരോഹിതനും നാസിവിരുദ്ധ പ്രവര്‍ത്തകനുമായിരുന്ന എമിന്‍ മാര്‍ട്ടിന്‍ നീമൊളെറുടെ വരികളാണ് ഇവിടെ പ്രസക്തമാകുന്നത്. നാസിസത്തിനെതിരെയും ഹിറ്റ്‌ലറുടെ ആര്യമേധാവിത്വ സിദ്ധാന്തത്തിനെതിരെയും നിശബ്ധത പാലിച്ച ജര്‍മനിയിലെ ബുദ്ധി ജീവികള്‍ക്കെതിരായ വിമര്‍ശനമായിട്ടും, നാസികളാല്‍ വേട്ടയാടപ്പെടുന്നവരോടുള്ള ഐക്യദാര്‍ഢ്യവുമായും അദ്ദേഹം പറഞ്ഞു: ആദ്യം അവര്‍ കമ്യൂണിസ്റ്റുകളെ തേടി വന്നു, ഞാന്‍ ഒന്നും മിണ്ടിയില്ല, കാരണം ഞാനൊരു കമ്മ്യൂണിസ്റ്റല്ലായിരുന്നു, പിന്നീട് അവര്‍ തൊഴിലാളികളെ തേടി വന്നു, അപ്പോഴും ഞാനൊന്നും മിണ്ടിയില്ല, കാരണം ഞാനൊരു തൊഴിലാളിയായിരുന്നില്ല. പിന്നീടവര്‍ ജൂതരെ തേടിവന്നു, ഞാനൊന്നും മിണ്ടിയില്ല, കാരണം ഞാനൊരു ജൂതനായിരുന്നില്ല. ഒടുവില്‍ അവര്‍ എന്നെ തേടി വന്നു, അപ്പോള്‍ എനിക്കുവേണ്ടി സംസാരിക്കാന്‍ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…

ഇന്ത്യയുടെ ആത്മാവ് മത നിരപേക്ഷതയാണ്. ജാതികളും ഉപജാതികളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരാണ് രാജ്യത്തെ മഹാഭൂരിപക്ഷവും. അതോടൊപ്പം എണ്ണം കൊണ്ട് ലോകത്തെ തന്നെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് രാജ്യത്തെ മുസ്‌ലിംകള്‍. ക്രിസ്തു, സിക്ക്, പാഴ്‌സി, ബുദ്ധ, ജൈന തുടങ്ങിയ നിരവധി മതങ്ങള്‍ വേറെയും. എന്നാല്‍ ഈ മതവിശ്വാസികളെയെല്ലാം ചേര്‍ത്തു നിര്‍ത്തുന്ന ഒരേ ഒരു വികാരം ഇന്ത്യന്‍ എന്നുള്ളതാണ്. 1947 ഓഗസ്റ്റ് 15ന് തങ്ങളുടെ യൂണിയന്‍ ജാക്ക് പതാക താഴത്തിക്കെട്ടുമ്പോള്‍ ബ്രിട്ടീഷുകാരന്‍ ഈ രാജ്യത്തിന് കല്‍പ്പിച്ചത് വിരലിലെണ്ണാവുന്ന വര്‍ഷങ്ങളുടെ ആയുസ് മാത്രമായിരുന്നു. എന്നാല്‍ സായിപ്പിനെ മാത്രമല്ല, ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ്. നമ്മോടൊപ്പം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച മറ്റു പലരാജ്യങ്ങളും രാഷ്ട്രീയമായ അസ്തിരതയുടെ ഭാഗമായപ്പോള്‍ ഇന്ത്യ എന്നും തലയുയര്‍ത്തിനിന്നു. ഇന്ത്യക്കാരന്‍ എന്ന ഒരു വികാരമാണ് രാജ്യത്തെ മുന്നോട്ടു നയിച്ചത് എന്നതാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. രാജ്യത്തിന്റെ ആധാരശിലയായ ഈ വികാരത്തിന് മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Test User: