കൊച്ചിയില്‍ മോഡലുകള്‍ കാര്‍ അപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ പൊലീസില്‍ നല്‍കിയ മൊഴി നമ്മുടെ നാടിന്റെ മനസാക്ഷിയെ ഞെട്ടിക്കാന്‍ പര്യാപ്തമാണ്. പ്രതികള്‍ക്ക് ഇവരെ എത്തിച്ചു കൊടുത്ത പോക്‌സോ കേസിലെ പ്രതിയായ അഞ്ജലിയെ കുറിച്ചും അവരുടെ രീതികളെ കുറിച്ചുമാണ് പെണ്‍കുട്ടികള്‍ പൊലീസിനോട് തുറന്നു പറഞ്ഞിരിക്കുന്നത്. തങ്ങളുടെ അനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്കുമുന്നിലും അവര്‍ വെളിപ്പെടുത്തുകയുണ്ടായി. ”ടെലി കോളര്‍ ജോലി വാഗ്ദാനം ചെയ്താണ് അഞ്ജലി കെണിയിലാക്കിയത്. പല കാരണങ്ങള്‍ പറഞ്ഞ് കൊച്ചിയിലെത്തി മുന്തിയ ഹോട്ടലുകളില്‍ താമസിപ്പിക്കും. പാര്‍ട്ടിയിലും മറ്റും പങ്കെടുപ്പിക്കും. താനടക്കം ആറു പേരെ നമ്പര്‍ 18 ഹോട്ടലുകളില്‍ കൊണ്ടു പോയിരുന്നു. പലരും ലഹരി മരുന്ന് ഉപയോഗിക്കുന്നത് കണ്ട് ഭയന്നു. ഒരു കണക്കിനാണ് അവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. വിദേശത്തു നിന്നുവരെ ഭീഷണി കോളുകള്‍ വരുന്നുണ്ട്. വന്‍ തുകയും വാഗ്ദാനം ചെയ്തു. സിനിമ, സീരിയല്‍ താരങ്ങള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ നമ്പര്‍ 18 ല്‍ അന്നുണ്ടായിരുന്നു.”
നാടിന്റെ സാമൂഹികാന്തരീക്ഷത്തെ തന്നെ തകര്‍ക്കുന്ന രീതിയിലുള്ള ലഹരി മാഫിയയുടെ വ്യാപനത്തിന്റെ ഉദാഹരണങ്ങളിലൊന്നാണ് പെണ്‍കുട്ടികളുടെ ഈ വെളിപ്പെടുത്തല്‍. മുഴുവന്‍ സാമൂഹിക വ്യവഹാരങ്ങളേയും നിയന്ത്രിക്കുന്ന തലത്തിലേക്കു മയക്കുമരുന്ന് സംഘങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഈ മായിക വലയത്തില്‍ വിദ്യാഭ്യാസത്തിന്റെയോ മറ്റു സാമൂഹിക ശ്രേണീകരണത്തിന്റെയോ ഒന്നും വ്യതിരിക്തതകളില്ലാതെ സമൂഹം അകപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിയെ മയക്കു മരുന്ന് സൂക്ഷിച്ചതിന്റെ പേരില്‍ പിടികൂടിയത് ദിവസങ്ങല്‍ള്‍ക്കു മുന്‍പാണ്. തന്റെ സുഹൃത്തുക്കളായ നിരവധി ഡോക്ടര്‍മാരും ഇതേ പോലെ മയക്കുമരുന്നിന് അടിമകളാണെന്നും ജോലിയിലെ ആയാസത്തിനു വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നതെന്നുമാണ് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്.
കടുത്ത മത്സരങ്ങളുടെ പുതിയ കാലത്ത് തൊഴില്‍ മേഖലയിലെ സ്ട്രസ്സും മറ്റും ചൂഷണം ചെയ്ത് ലഹരി സംഘങ്ങള്‍ യുവാക്കളേയും യുവതികളെയുമെല്ലാം വലയില്‍ വീഴ്ത്തിക്കൊണ്ടിരിക്കുമ്പോള്‍ വന്‍ പ്രത്യാഘാതങ്ങളാണ് അതിന്റെ പിന്നാലെ വരാനിരിക്കുന്നത്.
മനുഷ്യ ജീവന് പുല്ലുവില കല്‍പ്പിക്കാത്ത രീതിയിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുന്നതിന്റെ തെളിവുകളാണ് ദിനംപ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്ന കൊലപാതക വാര്‍ത്തകള്‍. നിസാര പ്രശ്‌നങ്ങളുടെ പേരിലാണ് അച്ഛനമ്മമാരും കൂടെപ്പിറപ്പുകളും അയല്‍വാസികളുമെല്ലാം കൊലക്കത്തിക്കിരയായിക്കൊണ്ടിരിക്കുന്നത്. അതി ദാരുണമായ ഈ സാഹചര്യങ്ങളുടെ അടിസ്ഥാന കാരണം പരിശോധിക്കുമ്പോള്‍ അവിടെയെല്ലാം വില്ലനാകുന്നത് ലഹരിയാണ്. ലൈംഗിക ചൂഷണങ്ങള്‍, കള്ളക്കടത്ത്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ തുടങ്ങിയ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ തിന്മകള്‍ക്കും പിന്‍ബലം ലഹരി തന്നെ.
എന്നാല്‍ ഈ രീതിയല്‍ ലഹരി സാര്‍വത്രികമാകുമ്പോഴും ഭരണകൂടവും നിയമപാലകരും നോക്കു കുത്തിയാകുന്നുവെന്നത് ഈ മേഖലയിലുള്ളവര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ടിരിക്കുകയാണ്. ലഹരി കടത്തിന്റെയും ഉപയോഗത്തിന്റെയുമെല്ലാം പേരില്‍ പൊലീസ് പിടിയിലകപ്പെടുന്നവര്‍ പുഷ്പം പോലെ ഊരിപ്പോരുന്നതാണ് കാണുന്നത്. എന്നാല്‍ ഈ മാരക വിപത്തിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു സുരക്ഷതിത്വവും ലഭിക്കുന്നില്ലെന്നു മാത്രമല്ല അവരുടെ ജീവിതം മുള്‍മുനയിലായിത്തീരുകയുമാണ്. ലഹരി മാഫിയകളുടെ ആക്രമണങ്ങള്‍ക്കിരയാവുന്നവരുടെ പരാതികളുടെ സ്ഥാനം പലപ്പോഴും ചവറ്റുകൊട്ടയിലാണു താനും. അധികൃതരുടെ ഇത്തരം സമീപനങ്ങള്‍ ലഹരി മാഫിയകള്‍ തഴച്ചുവളരുന്നതിനും ഇതിനെതിരെ നിലകൊള്ളുന്നവരുടെ ആത്മവിശ്വാസം തകര്‍ത്തുകളയുന്നതുമാണ്.
ലഭ്യത കുറയ്ക്കുന്നതിലൂടെയല്ല, ബോധവല്‍ക്കരണത്തിലൂടെയാണ് ഉപയോഗം കുറയ്ക്കാന്‍ കഴിയുക എന്ന വിചിത്ര വാദമാണ് മദ്യത്തിന്റെ കാര്യത്തില്‍ പിണറായി സര്‍ക്കാറിനുള്ളത്. ലഹരിയുടെ കാര്യത്തിലും ഇതേ അഴഞ്ഞ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇരുളടഞ്ഞ ഭാവിയായിരിക്കും ഈ ഉദാസീനതയുടെ അനന്തരഫലം.