X

ഈ ഗെറ്റൗട്ട് ജനാധിപത്യ വിരുദ്ധം-എഡിറ്റോറിയല്‍

ഭരണഘടന ഉറപ്പുനല്‍കുന്ന പൗരസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അനുബന്ധമായാണ് മാധ്യമ സ്വാതന്ത്ര്യത്തേയും കണക്കാക്കുന്നത്. ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പിനാവശ്യമായ അവിഭാജ്യഘടകമാണ് മാധ്യമ സ്വാതന്ത്ര്യം. വാര്‍ത്തകള്‍ അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യവും വാര്‍ത്തകള്‍ അറിയിക്കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും പ്രധാനമാണ്. ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അധികാര സ്ഥാനങ്ങളെ ചോദ്യംചെയ്യുന്ന ഉത്തരവാദിത്തമുണ്ട്. കറക്ടീവ് ഫോഴ്‌സാണ് മാധ്യമങ്ങള്‍. അധിക്ഷേപിച്ച് വിശ്വാസ്യത തകര്‍ക്കുന്നത് മാധ്യമങ്ങളെ നിര്‍വീര്യമാക്കലാണ്. അത് ഏകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പാണ്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് ഭരണഘടനയില്‍ പ്രത്യേക വകുപ്പ് വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും 19ാം വകുപ്പിലൂടെ രാജ്യം അനുവദിച്ചിരിക്കുന്നത് പൗരന്റെ അഭിപ്രായം പറച്ചിലിനും അത് പരസ്യമായി പ്രകടിപ്പിക്കുന്നതിനുമുള്ള മൗലികാവകാശമാണ്. ഭരണകൂടത്തെയും കോടതികളുടെ വിധികളെപോലും വിമര്‍ശിക്കാനും ചോദ്യംചെയ്യാനും വ്യവസ്ഥയും സ്വാതന്ത്ര്യവുമുള്ള നാട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന പ്രവണത ഇയ്യിടെയായി വര്‍ധിച്ചുവരുന്നത് കാണാം. ഭരണഘടനാപദവിയിലിരിക്കുന്നവരില്‍നിന്നുപോലും ഇത്തരത്തിലുള്ള പെരുമാറ്റം കണ്ടുവരുന്നത് എത്രമാത്രം ലജ്ജാകരമാണ്. അതിലേറ്റവും ഒടുവിലത്തേതാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞദിവസം രണ്ട് ചാനല്‍ പ്രതിനിധികളെ വാര്‍ത്താസമ്മേളത്തില്‍നിന്ന് ഇറക്കിവിട്ട നടപടി. രാജ്ഭവന്റെ അനുമതി പ്രകാരം വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്കുനേരെ ‘ഗെറ്റൗട്ട്’ പ്രയോഗവുമായാണ് ഗവര്‍ണര്‍ രംഗത്തെത്തിയത്. കൈരളി ടി.വി, മീഡിയ വണ്‍ എന്നീ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെയാണ് ഗവര്‍ണര്‍ ഇറക്കിവിട്ടത്. ജയ്ഹിന്ദ് ചാനലിന് വാര്‍ത്താസമ്മേളനത്തിലേക്ക് അനുമതി പോലും ലഭിച്ചില്ല. ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള സമീപനം ഗവര്‍ണറില്‍ നിന്നുമുണ്ടാകുന്നത്. മുമ്പ് ഡല്‍ഹിയില്‍ മലയാള മാധ്യമങ്ങളെ കാണില്ലെന്ന നിലപാടും അദ്ദേഹത്തില്‍നിന്നുണ്ടായിരുന്നു.

മോദി കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ പല നിലയിലും ഭീഷണി നേരിടുന്നുണ്ട്. ജനാധിപത്യത്തിന്റെ ആണിക്കല്ലെന്ന് പറയാവുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥകളിലൊന്നാണ് ഇന്ത്യയിലേത്. 180 രാഷ്ട്രങ്ങളിലെ സ്ഥിതി വിശകലനം ചെയ്ത് പുറത്തിറക്കിയ ലോക പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യക്ക് 142 ാം സ്ഥാനമാണ്. മാധ്യമങ്ങള്‍ക്ക് കൂച്ച്‌വിലങ്ങിടാനുള്ള ശ്രമങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും രാജ്യത്ത് നടക്കുന്നുണ്ട്. മാധ്യമങ്ങളെ ഏതുവിധേനയും ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള അധികാര കേന്ദ്രങ്ങളുടെ നീക്കങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ഇക്കാര്യത്തില്‍ കേരളത്തിലെ സി.പി.എം സര്‍ക്കാറും ഒട്ടും പിന്നിലല്ല. ബി.ജെ.പി നേതാക്കളുമായി തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ മാധ്യമങ്ങളോട് ‘കടക്കുപുറത്ത്’ പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നാം കണ്ടതാണ്. മുറിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെന്നറിഞ്ഞ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ ഉള്ളില്‍ കടത്തിവിട്ടതിന് മാനേജറോട് കയര്‍ക്കുകയും മാധ്യമപ്രവര്‍ത്തകരോട് മുറിയില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ പുറത്തേക്കിറങ്ങുന്നതിനിടയില്‍ ‘കടക്കു പുറത്ത്’ എന്ന് ആക്രോശിക്കുകയുമായിരുന്നു. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും ഇതേ സര്‍ക്കാര്‍ തന്നെയാണ്. നിയമസഭയുടെ ചരിത്രത്തില്‍ അതുവരെയില്ലാത്ത നിയന്ത്രണമാണ് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയത്. മീഡിയ റൂമില്‍ ഒഴികെ എല്ലായിടത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത വിലക്കാണ് ഏര്‍പ്പെടുത്തിയത്. മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ഓഫീസുകളില്‍ പ്രവേശിക്കുന്നതും വിലക്കി.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഇല്ലാതാക്കുന്നതിനുള്ള നീക്കമായേ ഇതിനെയെല്ലാം കാണാനാകൂ. മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം മൂല്യമുള്ളതായി കാണുന്ന ഭരണകൂടങ്ങളല്ല ഇപ്പോഴുള്ളതെന്ന് ചുരുക്കം. മാധ്യമ സ്വാതന്ത്ര്യത്തില്‍ എന്തെങ്കിലും വിട്ടുവീഴ്ചകള്‍ നടത്താന്‍ ജനാധിപത്യ സമൂഹത്തിനു അവകാശമില്ല. അതിനു നേരെയുയരുന്ന ഭീഷണി രാജ്യത്തിന്റെ നിലനില്‍പിനെതിരെയാണ്. അതുകൊണ്ട് മാധ്യമ സ്വാതന്ത്ര്യം എന്നത് ഇത്തരം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ അവിഭാജ്യ ഘടകവുമാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനെതിരെ ഏത് കോണില്‍ നിന്നുയരുന്ന വെല്ലുവിളിയായാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. ജനാധിപത്യം നിലനില്‍ക്കാനും ഭരണഘടനക്ക് കോട്ടം തട്ടാതിരിക്കാനും അത് അത്യാവശ്യവുമാണ്.

Test User: