നാമെത്ര പുരോഗമിച്ചെന്നു പറഞ്ഞാലും രോഗങ്ങള്‍ മനുഷ്യന്റെ കൂടെപ്പിറപ്പാണിന്ന്. മാറാരോഗികളും കിടപ്പുരോഗികളുമായ എത്രയെത്ര പേരാണ് നമുക്കു ചുറ്റിലുമായി ജീവച്ഛവങ്ങളായി കഴിയുന്നത്. അര്‍ബുദം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയവ അടുത്ത കാലത്തായി വര്‍ധിക്കുന്നതിനോടൊപ്പം ചികില്‍സാചെലവും പതിന്മടങ്ങായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും കൈത്താങ്ങ് ഇവരിലെ നിരാലംബര്‍ക്ക് അനിവാര്യമാകുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കിടപ്പുരോഗികള്‍ക്കും മാനസികരോഗികള്‍ക്കുമായി പ്രഖ്യാപിച്ച ആശ്വാസകിരണം പദ്ധതിവഴിയുള്ള ധനസഹായം ഏറെക്കാലമായി മുടങ്ങിക്കിടക്കുന്നുവെന്നത് നമ്മുടെ മുന്‍ഗണനകള്‍ ഏതെന്ന് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ വാടകയിനത്തിലും മന്ത്രിമാരുടെ ഡസന്‍ കണക്കിന് പേഴ്‌സണല്‍ സ്റ്റാഫിനുമായി ചെലവിടുന്ന ശതകോടികളുടെ ചെറിയൊരംശംപോരേ ഇത്തരത്തില്‍ ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ കഴിയുന്നവരെ ഒന്നു തലോടാന്‍?
കിടപ്പുരോഗികളെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവര്‍ക്കായി 2010ല്‍ തുടക്കമിട്ട പദ്ധതിയാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്നത്. നഗര ഗ്രാമ പ്രദേശങ്ങളില്‍ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം 600 രൂപയാണ് സാമൂഹിക നീതി വകുപ്പുവഴി നല്‍കിവന്നിരുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇതില്‍ യാതൊരു മുടക്കവും വരുത്തിയില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ-ജനസമ്പര്‍ക്ക പരിപാടി വഴി കോടികള്‍ ഇവര്‍ക്കായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്താണ് ഇതിന് മുടക്കം വന്നത്. 2019 മാര്‍ച്ചിലാണ് പദ്ധതിയിലൂടെയുള്ള ധനസഹായം മുടങ്ങിയത്. 2020ല്‍ കുറച്ചുപേര്‍ക്ക് തുക നല്‍കിയെങ്കിലും അതും പൂര്‍ണമായും നിലച്ചു. കോവിഡ് കാലത്ത് കുടുംബങ്ങള്‍, പ്രത്യേകിച്ച് രോഗികള്‍ കടുത്ത പ്രതിസന്ധിയിലകപ്പെട്ട സമയത്തുതന്നെയാണ് സംസ്ഥാനസര്‍ക്കാര്‍ ഇവരോട് ക്രൂരത കാണിച്ചതെന്നത് ഓര്‍ക്കാന്‍കൂടി വയ്യാതായിരിക്കുന്നു. ഓട്ടിസം, ക്യാന്‍സര്‍, തളര്‍ച്ചബാധിച്ചവര്‍, നൂറു ശതമാനം അന്ധര്‍, ബുദ്ധിമാന്ദ്യം ബാധിച്ചവര്‍ തുടങ്ങിയവരുടെ പരിചരണം നല്‍കുന്നവര്‍ക്ക് ജോലിക്ക് പോകാന്‍ പോയിട്ട് അത്യാവശ്യകാര്യത്തിനുപോലും ഒന്ന് പുറത്തിറങ്ങാന്‍ പറ്റാത്തതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അവര്‍ക്കുള്ള ചെറിയൊരു താങ്ങാണ് പ്രതിമാസമുള്ള 600 രൂപ. ദിവസം അത്രയും രൂപ സമ്പാദിക്കുന്നവര്‍ക്ക് ഇതൊരു വലിയ തുകയുമല്ല. 125 കോടിയോളം രൂപയാണ് ഈയിനത്തില്‍ കുടിശികയുള്ളതെന്നാണ് അറിയുന്നത്. 2021ല്‍ 58 കോടി രൂപ അനുവദിച്ചെങ്കിലും അതിന്റെ വിതരണവും നിലച്ചതിന് ആരാണുത്തരവാദി? സാമൂഹിക സുരക്ഷക്കായി പ്രത്യേക മിഷന്‍ തന്നെ രൂപീകരിച്ചിട്ടുള്ള സംസ്ഥാനത്തിന് അതിലുള്ളവരുടെ ജോലിയെന്താണ്? ആര്‍ദ്രം മിഷനും കൊട്ടിഘോഷിച്ച് നടപ്പാക്കിയതാണ് പിണറായി സര്‍ക്കാര്‍. ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ സാമൂഹിക സുരക്ഷാരംഗത്തേക്ക് മൊത്തത്തില്‍ 679.92 കോടിയാണ് സര്‍ക്കാര്‍ മാറ്റിവെച്ചതായി അറിയിച്ചിരിക്കുന്നത്. ഇതാകട്ടെ സാമൂഹിക നീതിവകുപ്പിന് കീഴിലെ പെന്‍ഷനുള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്കുള്ള തുകയാണ്.
ഇതിനിടയില്‍ തന്നെയാണ് ആശ്വാസകിരണം പദ്ധതിയിലെ അംഗത്വത്തിനായി നിരവധി വയോധികരുടെയും മറ്റും കാത്തിരിപ്പ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇതിലെ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. കൂടുതല്‍ പേരെ ഉള്‍പെടുത്തിയതും ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തതുമാണ് വിതരണം മുടങ്ങാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെ റെയില്‍പോലെ ശതകോടികള്‍ ചെലവാക്കുന്ന പദ്ധതിക്ക് ദിവസവും ഖജനാവില്‍നിന്ന് പണംമുടക്കുമ്പോള്‍ ഈയൊരു ആവശ്യത്തിനെന്തുകൊണ്ട് തുക കണ്ടെത്താന്‍ സര്‍ക്കാരിനാവുന്നില്ലെന്നാണ് ഇവര്‍ക്കായുള്ള സംഘടന ഭാരവാഹികള്‍ ചോദിക്കുന്നത്. ഈ ന്യായമായ ആവശ്യത്തെ കണ്ടില്ലെന്ന് നടിക്കുന്ന ഇടതുസര്‍ക്കാര്‍ നടപടി അവരുടെ മാറുന്ന മുഖത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. തൊഴിലാളി വര്‍ഗ സര്‍ക്കാരെന്ന് പറയുന്നവര്‍ ആ പാവങ്ങളുടെ കയ്യില്‍നിന്ന് മദ്യത്തിനും മറ്റുമായി ഈടാക്കുന്ന ശതകോടികളുടെ നികുതിപ്പണത്തില്‍നിന്നൊരു ഓഹരിയെങ്കിലും എടുത്ത് രോഗീശുശ്രൂഷകര്‍ക്ക് കൊടുക്കാനായാല്‍ അതാണ് ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പം യാഥാര്‍ഥ്യമാകാനുതകുക. അന്തരിച്ച കെ.എം മാണി ധനമന്ത്രിയായിരുന്ന സമയത്ത് യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ കാരുണ്യ ആരോഗ്യ രക്ഷാപദ്ധതിപോലും മുടക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേത്. ലക്ഷക്കണക്കിന് രോഗികള്‍ക്കാണ് അന്നത് കാരുണ്യ ഹസ്തമായിരുന്നത്. കേരളത്തിന്റെ അഞ്ചിലൊന്നുവരുന്ന 64 ലക്ഷം ഉപഭോക്താക്കളാണ് കാരുണ്യ പദ്ധതി വഴി സഹായംതേടിയത്. ഇതിനായി ആവിഷ്‌കരിച്ചതാണ് കാരുണ്യ ലോട്ടറിപോലും. എന്നാല്‍ ലോട്ടറി അതേപേരില്‍ തുടരുകയും രോഗികള്‍ക്ക് സഹായം നിഷേധിക്കുകയും ചെയ്തിരിക്കുകയുമാണ്. കെ.എ.എസ്.പി പദ്ധതിയെ പ്രധാനമന്ത്രിയുടെ ജനാരോഗ്യ യോജനയുമായി യോജിപ്പിച്ചാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതുകാരണം പതിനായിരക്കണക്കിന് പേരാണ് പദ്ധതിയില്‍നിന്ന് പുറത്തായത്. കിടപ്പാടം പോലും ബലമായി പിടിച്ചെടുക്കുകയും വഴിയിലിട്ട് തല്ലിക്കൊല്ലപ്പെടുകയും ചെയ്യുന്ന നവകേരളത്തില്‍ ഇതൊക്കെ പ്രതീക്ഷിക്കുന്നത് കടുംകൈയാകും!