X

ഈ അവസ്ഥയും കടന്നുപോകും പ്രാര്‍ഥനയാണ് ഉള്ളില്‍… – ഫൈസല്‍ മാടായി

ഫൈസല്‍ മാടായി

ഈയൊരു അവസ്ഥയും കടന്നുപോകുമെന്നാണ് പ്രതീക്ഷ… പ്രാര്‍ഥനയാണ് എല്ലാവരുടെയും ഉള്ളില്‍… പഠനം തുടരണം, പരീക്ഷ ജയിക്കണം സുരക്ഷിതമാകണം ഭാവിജീവിതം… ഭീതികരമായ അവസ്ഥയിലും ലക്ഷ്യത്തിലെത്താനുള്ള കരുതലിലാണ് യുക്രെയ്‌നിലെ സാപൊറോഷിയ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍. നാട്ടിലെത്തിയാല്‍ പഠനം മുടങ്ങുന്ന അവസ്ഥയുണ്ടാകും. ഇത്രയും കാലമായുള്ള അധ്വാനമാണ് പാഴാകുക. സുരക്ഷിതമായി നാട്ടിലെത്താനാകുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. അതുകൊണ്ട് തന്നെ സാപൊറോഷിയയില്‍ തുടരുകയാണ് 1500ലധികം ഇന്ത്യന്‍ വിദ്യാര്‍ഥി സംഘം. ഇങ്ങകലെ പ്രാര്‍ഥനയുമായി കഴിയുകയാണ് ബന്ധുജനങ്ങളും.
അപായ മുന്നറിയിപ്പ് വരുമ്പോള്‍ സുരക്ഷതേടി ബങ്കറുകളിലേക്ക് നീങ്ങും വിദ്യാര്‍ഥികള്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇങ്ങനെയാണ് യുക്രെയ്‌നില്‍ യുദ്ധമുഖത്ത് കഴിയുന്നവരുടെ ജീവിതം. റഷ്യന്‍ അധിനിവേശതാണ്ടവങ്ങള്‍ക്കിടയില്‍ യുക്രെയ്‌നിലെ വിവിധ മേഖലകളില്‍ ഭീതിയില്‍ കഴിയുന്ന മലയാളി വിദ്യാര്‍ഥികളും അഭയം പ്രാപിക്കുന്നത് ബങ്കറുകളിലാണ്. സാപൊറോഷിയ യൂണിവേഴ്‌സിറ്റിയിലും മലയാളി വിദ്യാര്‍ഥികള്‍ ഏറെയുണ്ട്. സാപൊറോഷിയ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ഥിനി കണ്ണൂരുകാരി അസീല അസ്‌ലം അല്‍ മശ്ഹൂറിനെ ബന്ധപ്പെടുമ്പോള്‍ ഹോസ്റ്റലിന് താഴെയുള്ള ബങ്കറിലേക്ക് നീങ്ങുകയായിരുന്നു അവളും കൂട്ടുകാരികളും. കണ്ണൂരുകാരി കാവ്യ, കോഴിക്കോട് സ്വദേശിനി ഷാനിദ വഫ, മലപ്പുറത്തുകാരി ഷഫ്രീന, ഹൈദരാബാദുകാരി സൂസന്‍ എന്നിവരും അസീലക്കൊപ്പമുണ്ട്.

നടുക്കുന്നു.. ബോംബിന്റെ
ശബ്ദങ്ങള്‍

ശനിയാഴ്ച വൈകുന്നേരത്തോടെ അഞ്ചാം തവണയാണ് അഞ്ഞൂറിലധികം വരുന്ന വിദ്യാര്‍ഥി സംഘം ബങ്കറിലെത്തിയത്. ഇന്നലെ രാവിലെ ഇന്ത്യന്‍ സമയം 11.25, യുക്രെയ്ന്‍ (7.56)ന് ബന്ധപ്പെടുമ്പോഴും ബങ്കറിനുള്ളിലായിരുന്നു അവര്‍. ആ സമയത്തും പുറത്ത് ബോംബ് പൊട്ടുന്ന ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. സാപൊറോഷിയയിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന് സമീപമാണ് അവര്‍ കഴിയുന്ന ബങ്കര്‍. പവര്‍ പ്ലാന്റിന് സമീപത്തെ ഷെല്ലാക്രമണവും ബോംബ് പൊട്ടുന്നതും അവരെ ഭീതിയിലാക്കുന്നുണ്ട്. ഈ അവസ്ഥയില്‍ ഞങ്ങള്‍ 1500ലധികം വരുന്ന വിദ്യാര്‍ഥികളുടെ ജീവിതം തന്നെ അപകടാവസ്ഥയിലാണെന്ന് അവര്‍ പറയുന്നു. അപായമണി മുഴങ്ങിയാല്‍ യൂണിവേഴ്‌സിറ്റി അധികൃതരുടെ നിര്‍ദേശമനുസരിച്ച് ആവശ്യമായ വസ്ത്രവും ഭക്ഷണവും വെള്ളവുമെല്ലാം കരുതി ബങ്കറിലെത്തും. യൂണിവേഴ്‌സിറ്റി കെട്ടിടത്തിന്റെ അണ്ടര്‍ ഗ്രൗണ്ടിലാണ് ബങ്കര്‍. 700ലധികം മലയാളികള്‍ ഉള്‍പ്പെടെ 1500ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി കെട്ടിടത്തില്‍ അഞ്ചോളം അണ്ടര്‍ ഗ്രൗണ്ടുകളുണ്ട്.

പഠിക്കണം, ലക്ഷ്യത്തിലെത്തണം

എന്നാല്‍ ഇത്രയധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സാപൊറോഷിയ യൂണിവേഴ്‌സിറ്റിയെ കുറിച്ച് മാധ്യമങ്ങള്‍ക്ക് പലര്‍ക്കും വിവരം ലഭിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. തങ്ങളുടെ ജീവിതാവസ്ഥ പുറംലോകത്തെ അറിയിക്കണമെന്നാണ് അവരുടെ അഭ്യര്‍ഥന. അധികാര കേന്ദ്രങ്ങളില്‍ കൃത്യമായി അറിയാന്‍ മാധ്യമങ്ങളുടെ സഹായം വേണം. അതേസമയം തങ്ങളുടെ പ്രയാസങ്ങള്‍ നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ച് വിഷമിപ്പിക്കേണ്ടെന്നാണ് ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും അഭിപ്രായം. ഇന്ത്യന്‍ എംബസി ഇടപെടുന്നുണ്ടെന്ന് അവര്‍ക്കറിയാം. മണിക്കൂറുകളോളം യാത്രചെയ്ത് വേണം ബോര്‍ഡറിലെത്താന്‍. എന്നാല്‍ സാപൊറോഷിയ ഏരിയയില്‍ നിന്ന് ബോര്‍ഡറിലെത്താന്‍ കൃത്യമായ വാഹന സൗകര്യമില്ല. ബോര്‍ഡറിലെത്തുന്നത് വരെ തങ്ങളുടെ സുരക്ഷയെ കുറിച്ച് ഒരു ഉറപ്പും ലഭിച്ചിട്ടില്ല. ഇവിടെ നിന്ന് പോയ പലരും പല ഏരിയകളിലായി കൃത്യമായി ഭക്ഷണവും വെള്ളവും കിട്ടാതെ കുടുങ്ങികിടക്കുകയാണ്. ഈ സാഹചര്യത്തില്‍ സാപൊറോഷിയ വിടാന്‍ താല്‍പര്യമില്ല. പഠനം തുടരണം, പരീക്ഷയെഴുതണമെന്നുമാണ് എല്ലാവരുടെയും ആഗ്രഹം.

ഉറപ്പില്ല, തിരിച്ച്
വരാനാകുമെന്ന്

വന്‍തുക വിമാന ടിക്കറ്റിനു വേണ്ടി വരുമ്പോള്‍ നാട്ടില്‍ പോകുന്നത് പലരെയും പിന്നോട്ടടിപ്പിക്കുന്നു. നാട്ടിലെത്തി തിരിച്ച് വരാനാകുമോയെന്നും പറയാനാകില്ല. ഭീതികരമായ അവസ്ഥയിലും ബങ്കറിലെ സൗകര്യത്തില്‍ പഠനവും കാര്യങ്ങളുമായി കഴിയുകയാണ് വിദ്യാര്‍ഥികള്‍. ഇടക്കിടെയെത്തുന്ന അപായ മുന്നറിയിപ്പുകള്‍ക്കിടയില്‍ ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് ജീവിതം. നാല് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവുമാണ് ഉള്ളത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് നിങ്ങള്‍ യുക്രെയ്‌നില്‍ പഠിക്കാന്‍ പോയെന്ന്. ഓരോരുത്തരുടെയും ഇഷ്ടമാണ് പഠനവും പഠനാന്തര കാര്യങ്ങളുമെന്നാണ് വിദ്യാര്‍ഥികളുടെ മറുപടി. തങ്ങളുടെ ജീവിതം ഭദ്രമാകണമെന്നും അവര്‍ ആഗഹിക്കുന്നു.

Test User: