X

എന്ന് കുടിച്ചുതീരും ഈ ജാതീയ ദാഹം-എഡിറ്റോറിയല്‍

120 വര്‍ഷം മുമ്പ് അധികൃത വര്‍ഗമെന്ന് മുദ്രകുത്തപ്പെട്ട മഹര്‍ ജാതിക്കാരനായ ഒരു ബാലനെ ക്ലാസിനു പുറത്ത് വെച്ചിരുന്ന കുടത്തില്‍നിന്ന് ദാഹിച്ച വെള്ളമെടുത്ത് കുടിക്കാന്‍ ശ്രമിച്ചതിന് ‘ഞങ്ങളുടെ വെള്ളം അശുദ്ധമാക്കി’ എന്ന് നിലവിളികൂട്ടി ആക്ഷേപിക്കുകയും ഭത്‌സിക്കുകയുംചെയ്ത സംഭവ കഥയുണ്ട് ആധുനിക ഇന്ത്യയുടെ മഹിതമായ ചരിത്രത്തില്‍. അയിത്തം കാരണമാകാം അവര്‍ ആ ബാലനെ മര്‍ദിച്ചിരുന്നില്ല. ആ ബാലന്റെ പേര്‍ ഭീംറാവു എന്നായിരുന്നു. അതെ, ഇന്ത്യയുടെ ഭരണഘടനാശില്‍പി ഡോ. ഭീംറാവു അംബേദ്കര്‍തന്നെ. അന്ന് ആ ബാലന് ജീവന്‍കൊണ്ട് രക്ഷപ്പെടാനായെങ്കില്‍ സ്വതന്ത്ര ഇന്ത്യയില്‍ ഇന്നിതാ ഒന്‍പതു വയസ്സുള്ള മറ്റൊരു ദലിത് ബാലന് ജാത്യാധിക്ഷേപം മാത്രമല്ല, കൊടിയ മര്‍ദനവും തന്മൂലം ജീവന്‍തന്നെ ബലിയര്‍പ്പിക്കേണ്ടതായും വന്നിരിക്കുന്നു. ഇന്ദ്രമേഘ്‌വാള്‍ എന്ന കുട്ടിയുടെ മരണത്തിനുത്തരവാദി സ്‌കൂളിലെ അധ്യാപകന്‍ നാല്‍പതുകാരനായ ചയില്‍സിംഗാണ്. ജൂലൈ 20ന് ജാലോര്‍ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്‌കൂളില്‍ നടന്ന സംഭവത്തില്‍ കുട്ടി മരണമടഞ്ഞത് ഓഗസ്റ്റ് 13നായിരുന്നു. ഏറ്റം സങ്കടകരവും ലജ്ജാകരവുമായ കാര്യം, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാംവാര്‍ഷികത്തിന്റെ തലേദിനങ്ങളിലൊന്നിലാണ് കൊച്ചു ഭീമിന്റെ മഹാരാഷ്ട്രയില്‍നിന്ന് അധികം ദൂരത്തല്ലാതെ ദലിത്ബാലന് ജാതിക്കോമരങ്ങളുടെ ഇരയായി ജീവന്‍തന്നെ ഹോമിക്കേണ്ടിവന്നിരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കായി അഹോരാത്രം പോരാടിയവരുടെ നാമങ്ങളും വാഴ്ത്തുപാട്ടുകളും കൊട്ടക്കണക്കിന് നേട്ടങ്ങളുമെല്ലാം എണ്ണിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നെടുങ്കന്‍പ്രഭാഷണം നടത്തുമ്പോള്‍ ശവസംസ്‌കാരച്ചടങ്ങുകള്‍ കാത്തുകിടക്കുകയായിരുന്നു പഠിക്കാനായി ചെന്ന് ജീവിതംതന്നെ ചരിത്ര പാഠപുസ്തകമാക്കേണ്ടിവന്ന ഹതഭാഗ്യനായ ബാലന്‍. എന്തെല്ലാം നേട്ടങ്ങളെക്കുറിച്ച് കൊട്ടിഘോഷിച്ചാലും മറയ്ക്കാനും മറക്കാനും പറ്റാത്തത്ര കളങ്കമാണ് ആധുനിക ഇന്ത്യയുടെ ശരീരത്തില്‍ ഈ സംഭവം കോറിവെച്ചിരിക്കുന്നത്. കണ്ണുകള്‍ വീര്‍ത്ത്, ശിരസ്സും ശരീരമാസകലവും വിറങ്ങലിച്ചുകിടക്കുന്ന 140 കോടിയിലൊരാളുടെ മൃതശശീരത്തെ നോക്കി സ്വാതന്ത്ര്യദിനമാഘോഷിക്കാന്‍ കഴിയാത്ത എത്രയോ പേര്‍ ഈ രാജ്യത്ത് കഴിഞ്ഞദിവസം കഴിഞ്ഞിട്ടുണ്ടാകും. കഠിനവ്യഥയാല്‍ നീറിനീറി ജീവിക്കുന്നുണ്ടാകും!

ജാലോറിലെ സ്വകാര്യ സ്‌കൂളിലാണ് കുടിവെള്ളം നിറച്ചുവെച്ച പാത്രത്തില്‍ സ്പര്‍ശിച്ചെന്ന കാരണത്താല്‍ അതേ വിദ്യാലയത്തിലെ ഒരു വിദ്യാര്‍ഥിക്ക് ജീവന്‍ വെടിയേണ്ടിവന്നത്. അതും അധ്യാപകന്റെ മിഥ്യാജാത്യാഭിമാനത്തിന്റെ ഇരയായി. വെള്ളം കുടിക്കുന്നതിന് മുമ്പുതന്നെ കുട്ടിയെ അധ്യാപകന്‍ ഓടിയെത്തി കഠോരമായി കണ്ണിലും തലയിലുമെല്ലാമായി മര്‍ദിച്ചുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും പറയുന്നത്. ദലിത് യുവാക്കളുടെയും ഗ്രാമീണരുടെയും പ്രതിഷേധം ഒന്നുകൊണ്ടുമാത്രമാണ് നീചമായ ഈ സംഭവം പുറംലോകമറിയാന്‍ ഇടവന്നത്. അധികകാലം മുമ്പല്ല, ക്ഷേത്രത്തിന് സമീപത്തെ പൈപ്പില്‍നിന്ന് വെള്ളം കുടിച്ചതിന് മുസ്്‌ലിം ബാലന് അതിക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടിവന്നതും. ആത്മാവ് നഷ്ടപ്പെട്ടിട്ട് എന്തു നേടിയിട്ട് എന്തുകാര്യമെന്നാണ് മഹാന്മാര്‍ ചോദിക്കാറ്. ഇന്ത്യയുടേതെന്നല്ല ഏതൊരു രാഷ്ട്രത്തിന്റെയും ആത്മാവ് ആ രാജ്യത്തിലെ ജനതയുടെ അഭിമാനവും സുരക്ഷിതത്വ ബോധവുമാണ്. അതിനെയാണ് ഇവിടെ പച്ചക്ക് കൊത്തിയരിഞ്ഞുകളഞ്ഞിരിക്കുന്നത്. അമേരിക്കയില്‍ ജോര്‍ജ്‌#ോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ വെള്ളക്കാരനായ പൊലീസുകാരന്‍ കഴുത്തുഞെരിച്ചുകൊന്നതിന്റെ അത്രപോലും പ്രതിഷേധം എന്തുകൊണ്ട് ഇന്ത്യയിലുണ്ടായില്ല എന്നതിനുത്തരം, എത്രതന്നെ ഔന്നത്യങ്ങളെക്കുറിച്ച് പുരപ്പുറത്തുകയറി മേനിനടിച്ചാലും ആട്ടിന്‍തോലിട്ട ചെന്നായ്ക്കൂട്ടങ്ങളെപോലെ മുഖ്യധാരാഇന്ത്യന്‍ സമൂഹത്തിലിന്നും ജാതിക്കോമരങ്ങള്‍ അരങ്ങുവാഴുന്നുവെന്നതാണ് യാഥാര്‍ഥ്യം.

തന്റെ പിതാവിനും സമാനമായി സ്‌കൂളില്‍നിന്ന് ഇത്തരമൊരു തിക്താനുഭവം നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം ജീവനോടെ രക്ഷപ്പെട്ടത് വിസ്മയകരമാണെന്നും ലോക്‌സഭാ മുന്‍സ്പീക്കര്‍ മീരാകുമാര്‍ ഓര്‍ത്തെടുക്കുകയുണ്ടായി. സാമൂഹിക പരിഷ്‌കര്‍ത്താവായും നിയമവിശാരദനായും ഭരണഘടനാശില്‍പിയായും മറ്റും ലോകം മുഴുവന്‍ അറിയപ്പെട്ട അംബേദ്കറുടെ ജീവിതവ്യഥകള്‍ ഇതൊക്കെയാണെങ്കില്‍ പിന്നെ അദ്ദേഹത്തിന്റെ ഭരണഘടനയും രാഷ്ട്രവും ജനാധിപത്യ ഭരണകൂടങ്ങളും പ്രസരിപ്പിക്കുന്ന ആധുനികകാല അനുഭവ യാഥാര്‍ഥ്യം മറ്റൊന്നാകുന്നതെങ്ങനെ? ദലിത് ബാലന്റെ ദാരുണമരണത്തില്‍ നടുങ്ങി കോണ്‍ഗ്രസിന്റെ രാജസ്ഥാന്‍ നിയമസഭാംഗം പനാചന്ത് മേഘവാള്‍ രാജിവെച്ചെങ്കില്‍ അതാണ് ഒരു യഥാര്‍ഥ പൗരന്റെ ധാര്‍മികോത്തരവാദിത്തം. ഇന്നും രാഷ്ട്രസമൂഹത്തില്‍ ജാതീയതയുടെയും വര്‍ഗീയതയുടെയും കാവിക്കൊടികളും വടിവാളുകളുകളും വീശി നടക്കുകയും അതിന്റെ പേരില്‍ മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്ന ബി.ജെ.പിക്കാരാണ് രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ ഇവ്വിഷയം രാഷ്ട്രീയായുധമാക്കുന്നതെന്നതാണ് കൗതുകകരം. ഇതെഴുതുമ്പോഴും മുസ്‌ലിം കുടുംബത്തില്‍ ജനിച്ചുവെന്നതുകൊണ്ടുമാത്രം വര്‍ഗീയവാദികളുടെ കൊലക്കത്തിക്കിരയായി ജീവന്‍ നഷ്ടപ്പെടേണ്ടിവന്ന ഷാജഹാന്‍ എന്ന പാലക്കാട് സ്വദേശിയുടെ കഥയും ജാതിക്കോയ്മയുടെ മറ്റൊരു തലമായ മതാന്ധതയല്ലാതെന്താണ്? ചയില്‍സിംഗുമാര്‍ക്ക് വെള്ളവും വളവും നല്‍കുന്നത് ഇക്കൂട്ടരല്ലാതാരാണ്. ഇനിയുമെത്ര ജാതിവെള്ളം അകത്താക്കിയാലാണിവര്‍ക്ക് ‘തൂത്താല്‍ പോകാത്ത’ ജാതീയ ദാഹത്തെ ശമിപ്പിക്കാനാകുക?

Test User: