X

ഈ തൊഴുത്ത് വൃത്തിയാക്കണം- എഡിറ്റോറിയല്‍

ഹസ്രാബ്ദങ്ങളായി ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ വേരാഴ്ത്തി നില്‍ക്കുന്ന ജാതിവ്യവസ്ഥ, പുരോഗമനത്തിന്റെയും ജനാധിപത്യത്തിന്റെയും പെരുമ്പറ മുഴക്കുന്ന ഇക്കാലത്തും നിഴല്‍വീഴ്ത്തി പടര്‍ന്നുനില്‍ക്കുന്നുണ്ട്. ഒളിഞ്ഞും തെളിഞ്ഞും രാജ്യത്തെ പിറകോട്ട് വലിക്കുന്ന മാരക വൈറസായി അത് സാമൂഹിക പുരോഗതിയുടെ സര്‍വ സിരകളെയും തളര്‍ത്തുകയാണ്. കോട്ടയം കാഞ്ഞിരമറ്റം കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന് സംഭവിച്ചിരിക്കുന്ന തളര്‍വാതത്തിന് പിന്നിലും മറ്റൊന്നല്ല. പുരോഗമനക്കാരുടെ മനസ്സില്‍ പോലും കെട്ടുകിടക്കുന്ന ജാതി ചിന്തകളാണ് അവിടെ ചീഞ്ഞുനാറുന്നത്. ഇന്ത്യയുടെ ആദ്യ ദളിത് രാഷ്ട്രപതിയായി ചരിത്രം കുറിച്ച മലയാളി കെ.ആര്‍ നാരായണന്റെ പേരിലുള്ളതും മട്ടും മാതിരിയും നോക്കുമ്പോള്‍ ജാതി, മത ചിന്തകള്‍ക്ക് ഇടമില്ലെന്ന് തോന്നിപ്പോകുകയും ചെയ്യുന്ന ഒരു സ്ഥാപത്തിനുള്ളിലാണ് ജാതിവിവേചനം ഫണം വിടര്‍ത്തി നില്‍ക്കുന്നതെന്ന് കേള്‍ക്കുമ്പോള്‍ ആശങ്ക പെരുക്കുകയാണ്.

ചലച്ചിത്ര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നുവെന്ന പേരില്‍ തുടങ്ങിയ സ്ഥാപനത്തില്‍ സംവരണം അട്ടിമറിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം തുടരുന്നുണ്ട്. അതോടൊപ്പം ഡയറക്ടര്‍ക്ക് വീട്ടുജോലി ചെയ്യേണ്ടിവരുന്നതിന്റെ ദുര്‍ഗതി വിവരിച്ച് ജീവനക്കാരിയുടെ വെളിപ്പെടുത്തലും പുറത്തുവന്നിരിക്കുന്നു. ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള ഉന്നത സ്ഥാനീയര്‍ ആരോപണങ്ങള്‍ നിഷേധിക്കുന്നുണ്ടെങ്കിലും മൊത്തം ചുറ്റുപാടുകള്‍ പരിശോധിക്കുമ്പോള്‍ പന്തിയല്ലാത്തത് പലതും നടക്കുന്നുണ്ടെന്ന് തന്നെ വേണം കരുതാന്‍. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ മൗനത്തിലുമാണ്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ ഒറ്റയടിക്ക് തള്ളുകയാണ് അധികാരികള്‍. നെല്ലും പതിരും പരിശോധിക്കാതെയുള്ള നിഷേധാത്മക സമീപനവുമായി എത്രകാലം മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ ചിന്തിക്കേണ്ടതുണ്ട്. ഏറ്റവുമൊടുവില്‍ സ്വീപ്പര്‍ ജോലിക്കാരിയാണ് ഡയറക്ടര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വീട്ടില്‍ ടോയ്‌ലറ്റ് കൈകൊണ്ട് കഴുകിച്ചെന്നും വിസമ്മതിക്കുമ്പോള്‍ ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജാതിയേതാണെന്ന് ചോദിച്ചെന്നുമൊക്കെയാണ് ആരോപണം. സ്ഥാപനത്തിന്റെ ശരീരഭാഷ ജാതി വിവേചനം നിറഞ്ഞതും ദളിത് വിരുദ്ധവുമാണെന്നാണ് വിദ്യാര്‍ത്ഥികളും പറയുന്നത്.

ഡയറക്ടറുടെ അനാസ്ഥ കാരണം ഗ്രാന്റുകളും ഫെലോഷിപ്പുകളും കൃത്യമായി ലഭിക്കാതെ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് പഠനം പാതിവഴിക്ക് ഉപേക്ഷിച്ചതിന്റെ ദുരനുഭവങ്ങളും വിദ്യാര്‍ത്ഥികള്‍ പങ്കുവെക്കുന്നുണ്ട്. എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായി കിട്ടേണ്ട ഫീസിളവുകളെക്കുറിച്ച് അധികൃതര്‍ക്ക് ധാരണയില്ലെന്നും കേള്‍ക്കുന്നു. അക്കാദമിക രംഗത്തെ പാളിച്ചകളും ഭൗതിക സാഹചര്യങ്ങളുടെ അഭാവവും മറ്റുമൊക്കെയായി വേറെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനത്തിലാണ് ഇതെല്ലാം നടക്കുന്നതെന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഇടപെടലും അടിയന്തര അന്വേഷണവും അനിവാര്യമാണ്. പുരോഗമനം പറഞ്ഞുനടക്കുന്ന ഇടതുപക്ഷത്തിന്റെ ഭരണകാലത്താണ് ഈ നാറ്റമെന്നത് ഏറെ ഗൗരവമര്‍ഹിക്കുന്നുണ്ട്.

ദളിതുകള്‍ സിനിമയെക്കുറിച്ച് പഠിക്കേണ്ടെന്നും ആ മേഖലയിലേക്ക് വരേണ്ടെന്നും അധികൃതര്‍ക്ക് വാശിയുള്ളതുപോലെ തോന്നുന്നു. സവര്‍ണ വരേണ്യ ബോധം ഗതികിട്ടാത്ത ആത്മാവായി ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിനെ വേട്ടയാടുന്നുണ്ടെങ്കില്‍ ആ ബാധ ഒഴിപ്പിക്കേണ്ടതും സ്ഥാപനത്തിന് ശാപമോക്ഷം ഉറപ്പാക്കേണ്ടതും സര്‍ക്കാര്‍ തന്നെയാണ്. അതിനപ്പുറം പതിവ് പ്രസ്താവനകളിലൂടെ ഒളിച്ചോടേണ്ട ഒരു വിഷയമല്ല ഇതെന്ന് സര്‍ക്കാര്‍ മനസിലാക്കണം. ചില കുഴപ്പാക്കാരായ വിദ്യാര്‍ത്ഥികളാണ് സമരത്തിന് പിന്നിലെന്ന് ആക്ഷേപിച്ചതുകൊണ്ടായില്ല. പൊതുഖജനാവിലെ പണമെടുത്താണ് സ്ഥാപനം നടത്തുന്നത്. കേരളീയ സമൂഹത്തിന് മൊത്തം അതില്‍ അവകാശമുണ്ട്. മത, ജാതി, വര്‍ണ, വര്‍ഗ ചിന്തകള്‍ക്ക് അധീതമായി സംസ്ഥാനത്തിന്റെ അഭിമാനസ്തംഭമായി ഉയര്‍ന്നുനില്‍ക്കേണ്ട ഒരു സ്ഥാപനത്തിന് പേരുദോഷമുണ്ടാക്കുന്നവരെ ചെവിക്കു പിടിച്ച് പുറത്തേക്ക് എറിയേണ്ടിയിരിക്കുന്നു.

Test User: