X

ഈ നിരോധനം ഭരണഘടനാവിരുദ്ധം- അഡ്വ. കെ.എം ഷാജഹാന്‍

അഡ്വ. കെ.എം ഷാജഹാന്‍

ഇക്കഴിഞ്ഞ ജനുവരി 31ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം, കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാവണ്‍ എന്ന വാര്‍ത്താചാനലിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചു. യഥാര്‍ഥത്തില്‍ ചാനലിന് അനുമതി നിഷേധിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജനുവരി മാസാരംഭത്തില്‍തന്നെ തുടങ്ങിയിരുന്നു. ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണം എന്നാവശ്യപ്പെട്ട് ഷോക്കോസ് നോട്ടീസ് ആഭ്യന്തര മന്ത്രാലയം ജനുവരി 5 ന് തന്നെ ചാനലിന് കൈമാറിയിരുന്നു. ചാനലിന് സുരക്ഷ അനുമതി നിഷേധിക്കാനുള്ള നീക്കമാണ് ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്. എന്തുകൊണ്ടാണ് സുരക്ഷാഅനുമതി നിഷേധിച്ചത് എന്നറിയില്ല എന്നും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ എടുക്കരുത് എന്നും വ്യക്തമാക്കി, മീഡിയാവണ്‍ ചാനല്‍ ജനുവരി 19ന് ആഭ്യന്തര മന്ത്രാലയത്തിന് കത്ത് അയച്ചിരുന്നു.

ഈ കത്തിന് മറുപടിയായി ഒന്നും വ്യക്തമാക്കാതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം, പൊടുന്നനെ യാതൊരു കാരണവും വ്യക്തമാക്കാതെ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച്‌കൊണ്ട് ജനുവരി 31ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം മീഡിയാവണ്‍ ചാനലിന് നല്‍കിയ കത്തില്‍ ഇപ്രകാരം പറഞ്ഞു: ‘മറുപടി പരിശോധിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സുരക്ഷാ അനുമതി നല്‍കുക. അതുകൊണ്ട് സുരക്ഷാ അനുമതി നിഷേധിക്കുന്നു’.

കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചാനലാണ് മീഡിയാവണ്‍. വലിയ മുതല്‍മുടക്കുള്ള, ഒട്ടനേകം പേര്‍ തൊഴിലെടുക്കുന്ന മാധ്യമ സ്ഥാപനമാണ് മീഡിയാവണ്‍. ഈ പ്രവര്‍ത്തന കാലത്തിനിടയില്‍, ഒരു ദിവസത്തേക്ക് പ്രവര്‍ത്തന നിരോധനം ഏര്‍പെടുത്തപ്പെട്ടത് ഒഴിച്ചാല്‍ (അന്ന് നിരോധനം ഏഷ്യാനെറ്റ് ചാനലിനും ഉണ്ടായിരുന്നു, അന്ന് കാരണവും വ്യക്തമാക്കപ്പെട്ടിരുന്നു) കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്ത് ഒരിക്കല്‍ പോലും ചാനലിന്റെ പ്രവര്‍ത്തനാനുമതി തടയപ്പെട്ടിട്ടില്ല. എന്നാല്‍ അതിന് വിരുദ്ധമായി യാതൊരു കാരണവും ചൂണ്ടിക്കാട്ടാതെ മീഡിയാവണ്‍ ചാനലിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കപ്പെട്ടിരിക്കയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് ചാനലിന്റെ ലൈസന്‍സ് റദ്ദാക്കപ്പെട്ടത് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. എന്നാല്‍ ഭരണഘടനാപരമായി ചാനലിനുള്ള അവകാശമായ, തങ്ങളെ കേള്‍ക്കുന്നതിനുള്ള അവകാശം പോലും (സ്വാഭാവിക നീതി നിഷേധം) നിഷേധിച്ചുകൊണ്ട് ലൈസന്‍സ് റദ്ദാക്കാനുള്ള കാരണം ചാനലിനെ സ്വകാര്യമായി അറിയിക്കുക പോലും ചെയ്യാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയത്.

ഈ നിരോധനത്തിനെതിരെ ചാനല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തീരുമാനത്തിന് താല്‍ക്കാലിക സ്റ്റേ (രണ്ട് ദിവസത്തേക്ക്) അനുവദിച്ച ഹൈക്കോടതി, പിന്നീട് വിശദമായ വാദം കേള്‍ക്കുകയും, നിരോധനം നിലനില്‍ക്കും എന്ന് വിധിക്കുകയുമായിരുന്നു. ഈ തീരുമാനത്തിനെതിരെ ചാനല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. കേസില്‍ വാദം കേട്ട ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിക്കാന്‍ കേസ് മാറ്റിവെച്ചിരിക്കുകയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) (എ) വ്യക്തമാക്കിയിരിക്കുന്ന ആശയ-ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്, ആര്‍ട്ടിക്കിള്‍ 19 (2)ല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും, അത്തരം നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ പരമാധികാരം, സമഗ്രത, രാജ്യത്തിന്റെ സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം, പൊതുക്രമം, ധാര്‍മ്മികത എന്നിവ മുന്നോട്ടുകൊണ്ടുപോകാന്‍ ഉതകുന്ന തരത്തിലുള്ളതായിരിക്കണം എന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ ഒരു ‘ഏകപക്ഷീയ അതിര്‍ത്തി’ മാത്രമാണ് എന്നും, ബന്ധപ്പെട്ടവരെ കേള്‍ക്കാനുള്ള അവകാശത്തേക്കാള്‍ പ്രാധാന്യം ദേശ സുരക്ഷ സംബന്ധിച്ച പരിഗണനകള്‍ക്കായിരിക്കണം എന്നും കോടതി വിലയിരുത്തി (പേജ് 20, ഖണ്ഡിക 29). തന്റെ വാദങ്ങള്‍ സ്ഥാപിക്കാന്‍ ഒരേ സമയം ഋഗ്വേദ കാലഘട്ടത്തിലെ ‘അക്രിസംഹിത’ എന്ന പുരാണ ഗ്രന്ഥത്തിലെ സംസ്‌കൃത ശ്ലോകങ്ങളും ഒട്ടനവധി വിധി ന്യായങ്ങളും സിംഗിള്‍ ബെഞ്ച് ഉപയോഗിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഇപ്രകാരം പറഞ്ഞു: ‘ഈ ഹര്‍ജികള്‍ വാദത്തിന് വന്നപ്പോള്‍ സൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് പരാതിക്കാരന്‍ സമര്‍പ്പിച്ച അപേക്ഷയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ എ.എസ്.ജി.ഐയോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കിയിട്ടുണ്ട്. ആ ഫയലുകള്‍ പരിശോധിച്ചു. ഇന്റലിജന്‍സ് ഏജന്‍സി വിവരങ്ങള്‍ വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതായി കാണുന്നു. ഫയലില്‍ അടയാളപ്പെടുത്തപ്പെട്ട രേഖകള്‍, ഉദ്യോഗസ്ഥരുടെ കമ്മിറ്റിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെയും നിഗമനങ്ങള്‍, ദേശീയ സുരക്ഷാഅനുമതിക്കായി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ലഭിച്ച നിര്‍ദേശം പരിശോധിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു’. എന്നിട്ട് ഹൈക്കോടതി ഇപ്രകാരം പറഞ്ഞു: ‘ദേശീയ സുരക്ഷ, അതിര്‍ത്തികളുടെ സമഗ്രത, പരമാധികാരം, ജനങ്ങളുടെ ജീവന്റെയും സ്വാതന്ത്ര്യത്തിന്റെയും സുരക്ഷ എന്നിവയുടെ സംരക്ഷണം ദേശീയ സുരക്ഷയില്‍ ഉള്‍പ്പെടും. വാര്‍ത്താവിതരണം ഒരു സുപ്രധാന മേഖലയാണ്’.

എന്നിട്ട് ഹൈക്കോടതി ഖണ്ഡിക 37ല്‍ ഇപ്രകാരം പറഞ്ഞു: ‘കോടതിയുടെ മുമ്പാകെ സമര്‍പ്പിക്കപ്പെട്ട ഫയലുകളില്‍ നിന്നും, പരാതിക്കാരായ കമ്പനിയുമായി ബന്ധപ്പെട്ട ഇന്റലിജന്റ്‌സ് ഏജന്‍സികള്‍ നല്‍കിയ വിവരങ്ങള്‍, ഉദ്യോഗസ്ഥ കമ്മിറ്റി പരിശോധിച്ചുവെന്നും വിവരങ്ങള്‍ ഗൗരവ സ്വഭാവത്തില്‍ ഉള്ളതാണെന്നും, സുരക്ഷാവിലയിരുത്തല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്നും കണ്ടെത്തി. ഈ സാഹചര്യത്തില്‍ ലൈസന്‍സ് പുതുക്കേണ്ടതില്ല എന്ന് ഉദ്യോഗസ്ഥ കമ്മിറ്റി ഉപദേശം നല്‍കി. ഫയലുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള വിവരങ്ങള്‍ സാധൂകരിക്കുന്നതാണെന്നും, അക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആത്യന്തികമായി അംഗീകരിച്ചുകൊണ്ട്, ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയ തീരുമാനത്തില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ല’.

അപ്പോള്‍ എന്തുകൊണ്ടാണ് ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയത്? ദേശീയ സുരക്ഷക്ക് മുന്തിയ പരിഗണന നല്‍കണം എന്നതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയലുകള്‍ പരിശോധിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതുകൊണ്ട് വിഷയത്തിന്റെ ഗൗരവം കോടതിക്ക് ബോധ്യപ്പെട്ടുവത്രെ! പക്ഷേ ഗൗരവതരമായ വിഷയം എന്തെന്ന് ആര്‍ക്കും അറിയില്ല! പക്ഷേ കോടതിക്ക് ഗൗരവം ബോധ്യമായത്രെ! കോടതിക്കുണ്ടായ ബോധ്യം എന്ത് യാഥാര്‍ഥ്യങ്ങളും തെളിവുകളും രേഖകളും പരിശോധിച്ചിട്ടാണ്? അക്കാര്യം പരസ്യപ്പെടുത്താന്‍ കോടതിക്ക് ബാധ്യസ്തതയില്ലേ? പോട്ടെ, പരാതിക്കാരായ കമ്പനിയെ എങ്കിലും അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും കോടതിക്കും ബാധ്യസ്ഥതയില്ലേ? ദേശീയ സുരക്ഷയുടെ പേരില്‍, കോടതിയുടെ ബോധ്യം മാത്രം വെച്ച് ഒരു വാര്‍ത്താചാനലിന്റെ പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമല്ലേ? യാതൊരു സംശയവുമില്ല, ഭരണഘടനാവിരുദ്ധമാണ്.

Test User: