തിരുവാണിയൂര്‍ ഗ്ലോബല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. സ്ഥാപനത്തിനെതിരെ നടപടിയെടുക്കാന്‍ നിയമഭേദഗതി ആവശ്യമെങ്കില്‍ അക്കാര്യവും പരിഗണിക്കാനാണ് തീരുമാനം.
സ്‌കൂളില്‍ വെച്ച് മിഹിര്‍ അഹമ്മദ് ക്രൂര പീഡനങ്ങള്‍ക്ക് ഇരയായ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പൊലീസ് സംഭവത്തില്‍ അടിയന്തര നിയമനടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി അറിയിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും നടപടികള്‍ കൈക്കൊള്ളന്നത് നിര്‍ദ്ദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം സംസ്ഥാനത്തെ ഏതെങ്കിലും സ്‌കൂളില്‍ സമൂഹ നന്മയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ കണ്ടെത്താനും തടയാനും സ്ഥാപനത്തിനെതിരെ നടപടിയെടുക്കാനും അതിയിച്ചു. നിയമഭേദഗതി ആവശ്യമെങ്കില്‍ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നിരന്തരം റാഗിംഗിന് മിഹിര്‍ അഹമ്മദ് ഇരയായയെന്ന് കുടുംബം ആരോപിച്ചു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലും സ്‌കൂള്‍ ബസിലും വെച്ച് മര്‍ദിച്ചു. ക്‌ളോസറ്റില്‍ മുഖം പൂഴ്ത്തി ഫ്‌ലഷ് ചെയ്‌തെന്നും പറയുന്നു. നിറത്തിന്റെ പേരില്‍ പരിഹസിച്ചെന്നും സ്‌കൂളില്‍ പരാതിപെട്ടപ്പോള്‍ ഗൗരവത്തില്‍ എടുത്തില്ലെന്നും മകുടുംബം പറഞ്ഞു.
ജനുവരി 15നാണ് മിഹിര്‍ അഹമ്മദ് (15) ഫ്‌ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സ്‌കൂള്‍ വിട്ടുവന്ന കുട്ടി താമസിക്കുന്ന തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന്റെ 26-ാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
മകന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.