രാത്രി മുഴുവൻ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടുണ്ട്. നെയ്യാറ്റിന്‍കര, പൊന്മുടി, വര്‍ക്കല എന്നിവിടങ്ങളിലും കനത്ത മഴയാണ്. മലയോരമേഖലയില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3 ക്കു സമീപം തെറ്റിയാര്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് മൂന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.ശ്രീകാര്യത്ത് കനത്ത മഴയില്‍ സംരക്ഷണഭിത്തി തകര്‍ന്നു വീടിനു മുകളില്‍ പതിച്ചു. ഗുലാത്തി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ പിന്‍ഭാഗത്തെ മതിലാണ് സമീപത്തെ നാല് വീടുകളുടെ മുകളിലേക്ക് ഇടിഞ്ഞുവീണത്. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. തേക്കുമൂട് ബണ്ട് കോളനിയിലെ 106 വീടുകളിൽ വെള്ളം കയറി. നഗരം അടുത്തൊന്നും കാണാത്ത വെള്ളപ്പൊക്കമാണിതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴക്കൂട്ടം പോണ്ടുകടവ്, ചാക്ക, ഗൗരീശപട്ടം, വെള്ളായണി, പാറ്റൂര്‍, കണ്ണമ്മൂല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി. മണക്കാട്, ഉള്ളൂര്‍, വെള്ളായണി, പാറ്റൂര്‍ ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.
തിരുവനന്തപുരത്ത് കനത്ത മഴയിൽ നഗരത്തിലും സമീപ പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്
Tags: rainTrivandrum