തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥനെ സംരക്ഷിച്ച് സര്‍ക്കാര്‍. ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിട്ടും പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.
അതേസമയം അസിസ്റ്റന്റ് എന്‍ജിനീയര്‍ കനകലത.എ, ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍ ബാലചന്ദ്രന്‍ എന്നിവരെ വകുപ്പുതല നടപടിയെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ശ്യാംകുമാറിന്റെ അനാസ്ഥയെത്തുടര്‍ന്ന് കഴിഞ്ഞദിവസം എസ്എടി ആശുപത്രി മൂന്നു മണിക്കൂറാണ് വൈദ്യുതി നിലച്ചത്. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അസാന്നിധ്യത്തില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് സംഭവ ദിവസം മേല്‍നോട്ട ചുമതലയുണ്ടായിരുന്നത്. എന്നാല്‍ സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത്. എന്നാല്‍ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെ സംരക്ഷിച്ചുകൊണ്ട് ബാക്കി രണ്ടുപേര്‍ക്കെതിരെ നടപടിയെടുക്കുകയാണ് പൊതുമരാമത്ത് വകുപ്പ് ചെയ്തത്.