X

തിരുവനന്തപുരം ആര്‍സിസിയിലെ വനിതാ ജീവനക്കാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി; സഹപ്രവര്‍ത്തകനെതിരെ പരാതി

തിരുവനന്തപുരം ആര്‍സിസിയില്‍ വനിതാ ജീവനക്കാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ സംഭവത്തില്‍ സഹപ്രവര്‍ത്തകനെതിരെ പരാതി. ഗുരുതരമായ പരാതി ഉയര്‍ന്നിട്ടും കുറ്റാരോപിതനായ ലാബ് ജീവനക്കാരന്‍ രാജേഷ് കെ. ആറിനെ ക്യാഷ് കൗണ്ടറിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്. ഇന്റേണല്‍ കമ്മിറ്റിക്കും ഡയറക്ടര്‍ക്കും നല്‍കിയ പരാതി പൊലീസിന് കൈമാറാന്‍ പോലും അധികൃതര്‍ തയ്യാറായില്ല.

ആര്‍സിസിയിലെ മെഡിക്കല്‍ ലബോറട്ടറിയിലെ വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്നതിനും ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ഉപയോഗിക്കുന്ന മുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നാണ് പരാതി. ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്ന സൂപ്പര്‍വൈസര്‍ ചാര്‍ജുള്ള ടെക്‌നിക്കല്‍ ഓഫീസര്‍ രാജേഷ് കെ ആറിനെതിരെയാണ് പരാതി. ഇയാള്‍ ജീവനക്കാരോട് മോശമായി സംസാരിക്കുന്നതായും ജാതീയമായി അധിക്ഷേപിച്ചതായും ജീവനക്കാര്‍ പരാതി നല്‍കി.

ഐസിസി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം നടത്തിയ ഇന്റെണല്‍ കമ്മിറ്റി രാജേഷിനെതിരെ നടപടിയെടുക്കണമെന്ന് മാനേജ്‌മെന്റിനെ അറിയിച്ചു. സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിട്ടും മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റുക മാത്രമാണ് ഡയറക്ടര്‍ ചെയ്തത്. ലാബില്‍ നിന്ന് ക്യാഷ് കൗണ്ടറിലേക്ക് മാറ്റി ഡയറക്ടര്‍ ഉത്തരവിറക്കി. ആരോപണ വിധേയനെ സംരക്ഷിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്ന് വനിതാ ജീവനക്കാരും സംഘടനയും കുറ്റപ്പെടുത്തി. വിഷയം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് കടുത്ത നടപടി വേണമെന്നാവശ്യപ്പെടാനാണ് ജീവനക്കാരുടെ തീരുമാനം.

webdesk18: