തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്തന്‍കോട്ടെ ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് ചാക്കില്‍കെട്ടിയ നിലയിലുമാണ്. ഡോ ജീന്‍ പദ്മ, ഭര്‍ത്താവ് പ്രൊഫ രാജ് തങ്കം, മകള്‍ കരോളിന്‍, ബന്ധു തങ്കം എന്നിവരാണ് മരിച്ചത്. മൂന്ന് മൃതദേഹങ്ങളാണ് ആദ്യം കണ്ടത്. വിശദമായ പരിശോധനയിലാണ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ട്. അര്‍ദ്ധരാത്രിയോടെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസെത്തി തീയണച്ച് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച ദമ്പതികളുടെ മകന്‍ കേദലിനെ കാണാനില്ലെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസമായി കേദലിന്റെ സ്വഭാവത്തില്‍ അസ്വാഭാവികതയുള്ളതായി അയല്‍വാസികള്‍ പറയുന്നു. അഞ്ചുപേരാണ് വീട്ടില്‍ താമസിച്ചിരുന്നത്. കുറച്ചുദിവസമായി പ്രൊഫ രാജ് തങ്കത്തെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് കൊലപാതകം നടത്തിയ ശേഷം വീടിന് തീ വെയ്ക്കാന്‍ ശ്രമിച്ചതാണോ എന്ന് സംശയമുണ്ടെന്ന് പോലീസ് പറയുന്നു. എന്നാല്‍ സ്ഥിരീകരണത്തിനായി കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും മകന്‍ കേദലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും പോലീസ് പറഞ്ഞു.