തിരുവനന്തപുരത്തുനിന്ന് ഇന്നലെ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയതോടെ പെരുവഴിയിലായി യാത്രക്കാര്‍. തിരുവനന്തപുരം-ബഹ്‌റൈന്‍ വിമാനം എത്താത്തതിനെത്തുടര്‍ന്ന് ബഹ്‌റൈന്‍- തിരുവനന്തപുരം സര്‍വിസും അനിശ്ചിതത്വത്തിലായി.
തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് പുറപ്പെട്ട് ബഹ്‌റൈനില്‍ രാത്രി എട്ടിന് എത്തേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് 17 മണിക്കൂര്‍ വൈകി ഇന്ന് രാവിലെ 10.30 ന് മാത്രമേ വിമാനം പുറപ്പെടൂ എന്നാണ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച വിമാനത്തില്‍ കയറിയതിനുശേഷം എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിക്കാത്തതിനെത്തുടര്‍ന്ന് തങ്ങളെ തിരിച്ചിറക്കിയെന്ന് യാത്രക്കാര്‍ പറഞ്ഞു. തിങ്കളാഴ്ച ഇന്ത്യന്‍ സമയം 5ന് മാത്രമേ വിമാനം പുറപ്പെടൂ എന്നാണ് ഇപ്പോള്‍ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.
ഭക്ഷണം നല്‍കി യാത്രക്കാരെ വിമാനത്താവളത്തില്‍ തന്നെ ഇരുത്തിയിരിക്കുകയാണ്. വിമാനം വൈകിയതുകൊണ്ട് ബഹ്‌റൈനില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വിസും വൈകുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ യാത്രക്കാരെ അറിയിച്ചിരുന്നു. ഞായറാഴ്ച രാത്രി 9ന് പുറപ്പെടേണ്ട തിരുവനന്തപുരം സര്‍വിസ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് മാത്രമേ പുറപ്പെടുകയുള്ളു എന്നായിരുന്നു അറിയിപ്പ്. ഇതനുസരിച്ച് യാത്ര പുന:ക്രമീകരിച്ച യാത്രക്കാര്‍ വിമാനം വീണ്ടും വൈകിയതോടെ വലിയ ദുരിതത്തിലായി.
വിമാനം തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടതിനുശേഷം മാത്രമേ ഇവിടെനിന്നുള്ള സര്‍വിസിന്റെ ഷെഡ്യൂള്‍ നല്‍കുകയുള്ളു. ഫലത്തില്‍ 24 മണിക്കൂറാണ് വിമാന സര്‍വീസ് വൈകിയത്. തിരുവനന്തപുരത്തു നിന്ന് ഞായറാഴ്ച വേറെ വിമാന സര്‍വിസ് ഇല്ലാതിരുന്നതിനാല്‍ തിങ്കളാഴ്ച രാവിലെ അത്യാവശ്യമായി ബഹ്‌റൈനിലെത്തേണ്ടവരാണ് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ദുരിതത്തിലായത്.