ഹതായ് പ്രവിശ്യയില്‍ തകര്‍ന്ന ഒരു കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ പതിമൂന്നുകാരി ശനിയാഴ്ച പുലര്‍ച്ചെ വരെയും ജീവനോടെ ഉണ്ടായിരുന്നു. കൃത്രിമ ശ്വാസം നല്‍കി അവളെ ജീവനോട് പുറത്തെടുക്കാനുള്ള ശ്രമം അവസാനഘട്ടത്തില്‍ പരാജയപ്പെട്ടത് രക്ഷാപ്രവര്‍ത്തകരെയും കരയിപ്പിച്ചു. മെഡിക്കല്‍ സംഘമെത്തി അവശിഷ്ടങ്ങളില്‍ കുടുങ്ങിയ കൈ വെട്ടിമാറ്റി പുറത്തെടുക്കുന്നതിന് മുമ്പ് അവള്‍ മരണത്തിന് കീഴടങ്ങി. ഒരാഴ്ചയിലേറെ ആളുകള്‍ ജീവനോടെ അവശേഷിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുമ്പോഴും പ്രതീക്ഷകള്‍ അതിവേഗം അസ്തമിക്കുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
അവഷിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ തെര്‍മല്‍ ക്യാമറകള്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരുന്നുണ്ട്. അന്തരീക്ഷ താപനില മൈനസ് ഡിഗ്രിയില്‍ എത്തിനില്‍ക്കെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പ്രയാസകരമായതോടൊപ്പം ഭവനരഹിതരായ പതിനായിരങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്. തുര്‍ക്കി ഭരണകൂടം ദശലക്ഷക്കണക്കിന് ചൂടുള്ള ഭക്ഷണപ്പൊതികളും ടെന്റുകളും പുതുപ്പുകളും വിതരണം ചെയ്യുന്നുണ്ടെങ്കിലും ആവശ്യത്തിന് തികയുന്നില്ല. ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.