തിരുവനന്തപുരം: ഔപചാരിക ഉദ്ഘാടനത്തിനു കാത്തുനില്‍ക്കാതെ പൂര്‍ത്തീകരിച്ച ജലവിതരണ പദ്ധതികളില്‍ നിന്നും ആവശ്യമായ മേഖലകളില്‍ ജലം എത്തിക്കാന്‍ ജലവിഭവമന്ത്രി മാത്യു ടി. തോമസ് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ റവന്യൂ മന്ത്രിയും ജലവിഭവമന്ത്രിയും എല്ലാ ജില്ലാകലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മന്ത്രിയുടെ നിര്‍ദേശം. മുടങ്ങിക്കിടക്കുന്ന ജലപദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. പാലക്കാട്ടും മലപ്പുറവും രൂക്ഷമായ വരള്‍ച്ചക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തി. പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്നും കൂടുതല്‍ വെള്ളം എത്തിക്കും. എന്നാല്‍, കഴിഞ്ഞ വരള്‍ച്ചാക്കാലത്തേക്കാള്‍ അഞ്ചിരട്ടി വെള്ളം അണക്കെട്ടുകളിലുണ്ടെന്നാണ് കണക്കുകള്‍. ജലവിതരണ പമ്പിംഗ് സ്റ്റേഷനുകളില്‍ വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബിയുമായി ചീഫ്സെക്രട്ടറി തലത്തില്‍ ഇന്നലെ തന്നെ ചര്‍ച്ച നടത്തി. സ്വകാര്യ-വാണിജ്യ ആവശ്യങ്ങള്‍ക്കായി പുഴകളില്‍ നിന്നും അനിയന്ത്രിതമായി ജലം ഊറ്റുന്നത് നിയന്ത്രിക്കും. ചില പ്രദേശങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇത് നേരിടാന്‍ ജലവിഭവ വകുപ്പും റവന്യൂ വകുപ്പും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി കലക്ടര്‍മാര്‍ പറഞ്ഞു.കുടിവെള്ളം സംഭരിക്കാനുള്ള സ്രോതസ്സുകളും വിതരണം ചെയ്യാനുള്ള സംവധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മിക്ക സംഭരണികളിലെയും ജലനിരപ്പ് ഇപ്പോള്‍ തൃപ്തികരമാണ്. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച കുടിവെള്ള വിതരണ കിയോസ്‌ക്കുകള്‍ മിക്കവയും ഇപ്പോഴും പ്രവര്‍ത്തന ക്ഷമമാണ്. കൂടുതല്‍ കിയോസ്‌ക്കുകള്‍ അര്‍ഹമായ സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ സ്ഥാപിക്കും. ജലവിതരണം കൃത്യമായി നിര്‍വഹിക്കുന്നു എന്നുറപ്പുവരുത്താന്‍ കലകടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജലസംരക്ഷണനിയമത്തിലെ പുതിയ വ്യവസ്ഥകള്‍ പ്രകാരം ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നത് മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം നിയമലംഘനങ്ങളില്‍ കലക്ടര്‍മാര്‍ക്ക് കര്‍ശന നടപടി സ്വീകരിക്കാം. യോഗത്തില്‍ മന്ത്രിമാര്‍ക്കു പുറമേ അഡീഷണല്‍ സെക്രട്ടറി ടോംജോസ്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, വാട്ടര്‍ അതോറിറ്റി എം.ഡി, റവന്യൂ-ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.