X
    Categories: MoreViews

തിരൂര്‍ക്കാട് നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ ഭാഗം തകര്‍ന്ന് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്ക്

 

മങ്കട: തിരൂര്‍ക്കാട് നിര്‍മ്മാണത്തിലിരിക്കുന്ന ജുമാമസ്ജിദിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകട സമയം എട്ട് അന്യസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. ജുമാമസ്ജിദിന്റെ മിനാരം നിര്‍മ്മാണത്തിനായി മൂന്നാം നിലയില്‍ സ്ലാബിന്റെ കോണ്‍ക്രീറ്റ് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്തമഴ അപകടത്തിന് ആക്കം കൂട്ടി. കമ്പിയും കോണ്‍ക്രീറ്റും ഉള്‍പ്പടെയുള്ളവ തകര്‍ന്ന് വീഴുകയായിരുന്നു. കോണ്‍ക്രീറ്റിനുള്ളില്‍ അകപ്പെട്ട തൊഴിലാളികളെ മണിക്കൂര്‍ നീണ്ട പരിശ്രമത്തിനിടെയാണ് പുറത്തെടുത്തത്. വൈകുന്നേരം ആറ് മണിയോടെ മുഴുവന്‍ പേരെയും പുറത്തെടുത്തു. നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി കെ.പി.മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ, മങ്കട, കൊളത്തൂര്‍ പോലീസും, പെരിന്തല്‍മണ്ണയില്‍ നിന്നുള്ള രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റും, ട്രോമകെയര്‍ അംഗങ്ങളും രക്ഷാ പ്രവര്‍ത്തനത്തിനെത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമര്‍ അറക്കല്‍, കുന്നത്ത് മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗം ഷബീര്‍ കറുമൂക്കില്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.

chandrika: