തൃശൂര്‍: തൃശൂരില്‍ മൂന്നാം ക്ലാസുകാരി ക്ലാസില്‍ വീണ് ചോരയൊലിച്ച് കിടന്നിട്ടും അധ്യാപകര്‍ കുട്ടിയെ ആസ്പത്രിയില്‍ കൊണ്ടുപോയില്ലെന്ന് പരാതി.
തൃശൂര്‍ വിലങ്ങന്നൂര്‍ സെന്റ് ആന്റണി വിദ്യാപീഠം സ്‌കൂളിലെ വിദ്യാര്‍ത്ഥി കൃഷ്ണനന്ദയാണ് മുഖമടിച്ച് വീണത്. വീഴ്ചയില്‍ കുട്ടിയുടെ രണ്ടു പല്ല് ഇളകി വീണു. മോണ അകത്തേക്ക് തള്ളിപ്പോയി വായില്‍ നിന്നും രക്തം വന്നതോടെ കുട്ടിയെ ക്ലാസ് ടീച്ചര്‍ ക്ലാസിന്റെ ഒരു ഭാഗത്ത് കിടത്തി. എന്നാല്‍ ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നാണ് മാതാപിതാക്കളുടെ പരാതി.
കുട്ടിയെ ശ്രദ്ധിക്കാതിരുന്ന സ്‌കൂള്‍ അധികൃതര്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷനും പൊലീസിനും പരാതി നല്‍കി.
ഒരു മണിക്കൂറിലധികം രക്തം ഒലിപ്പിച്ചു കിടന്ന കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആസ്പത്രിയില്‍ കൊണ്ടു പോയില്ലെന്നാണ് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നത്.
നെഞ്ചുവേദനയും പല്ലുവേദനയും അനുഭവപ്പെടുന്ന കുട്ടി ഇപ്പോള്‍ കിടപ്പിലാണ്. എന്നാല്‍ കുട്ടിക്ക് പരിക്കേറ്റ വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. മാതാപിതാക്കളുടെ പരാതിയില്‍ സ്‌കൂള്‍ അധികൃതരോട് ഹാജരാകാന്‍ പീച്ചി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.