ന്യൂഡല്‍ഹി: 36 ഉപഗ്രങ്ങള്‍ ഒരുമിച്ച് ഭ്രമണ പഥത്തിലെത്തിച്ച് ചരിത്രം കുറിച്ചതിനു പിന്നാലെ മൂന്നാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ സമയം പ്രഖ്യാപിച്ച് ഐ.എസ്.ആര്‍.ഒ. 2023 ജൂണില്‍ മൂന്നാം ചാന്ദ്രയാന്‍ ദൗത്യം വിക്ഷേപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് പറഞ്ഞു.
ചാന്ദ്രയാന്‍ – 3 ഏതാണ്ട് സജ്ജമായിട്ടുണ്ട്. യന്ത്രഭാഗങ്ങള്‍ അന്തിമമായി സംയോജിപ്പിക്കുന്നതും ഇവയുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കുന്നതും പൂര്‍ത്തിയായിട്ടുണ്ട്. ചില പരീക്ഷണങ്ങള്‍ കൂടി ബാക്കിയുണ്ട്. അതിന് കുറച്ചു സമയമെടുക്കും. രണ്ടു സമയങ്ങളാണ് ലഭ്യമായിട്ടുള്ളത്. 2023 ഫെബ്രുവരിയിലാണ് ആദ്യത്തേത്. ജൂണില്‍ രണ്ടാമത്തേതും. ഇതില്‍ രണ്ടാമത്തെ ടൈം സ്ലോട്ട് ആണ് തിരഞ്ഞെടുക്കുന്നത്- ഡോ. എസ് സോമനാഥ് കൂട്ടിച്ചേര്‍ത്തു.ഒന്നും രണ്ടും ചാന്ദ്രയാന്‍ ദൗത്യങ്ങളുടെ തുടര്‍ച്ചയായാണ് മൂന്നാം ചാന്ദ്രയാന്‍ ദൗത്യം ആസൂത്രണം ചെയ്യുന്നത്.