X

ബോസ് വാ തുറക്കൂ

1-സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍. ആമുഖങ്ങള്‍ വേണ്ടാത്ത താരം. 200 ടെസ്റ്റില്‍ നിന്ന് 15,921 റണ്‍സ്. 463 ഏകദിനങ്ങളില്‍ നിന്നായി 18,426 റണ്‍സ്. 310 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 25,346 റണ്‍സ്…! 2- സൗരവ് ഗാംഗുലി. ടെസ്റ്റില്‍ രാജ്യത്തിനായി കളിച്ചത് 113 തവണ. നേടിയത് 7212 റണ്‍സ്. 311 ഏകദിനങ്ങളില്‍ നിന്നായി 11,363 റണ്‍സ്. കളിച്ച ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ 254. നേടിയത് 15,687 റണ്‍സ്… 3 വി.വി.എസ് ലക്ഷ്മണ്‍. 134 ടെസ്റ്റുകളില്‍ നിന്നായി 8781 റണ്‍സ്. 86 ഏകദിനങ്ങളില്‍ നിന്നായി 2338 റണ്‍സ്. 267 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 19,730 റണ്‍സ്…! ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാര്‍ മാത്രമല്ല ഇവര്‍-ലോക ക്രിക്കറ്റിലെ മഹോന്നതര്‍. മൂന്ന് പേരും ചേര്‍ന്ന് കളിച്ചത് 2138 മല്‍സരങ്ങള്‍.
ഇനി രവിശാസ്ത്രി. ആകെ കളിച്ചത് 80 ടെസ്റ്റുകള്‍-നേടിയത് 3830 റണ്‍സ്. 150 ഏകദിനങ്ങളില്‍ നിന്നായി നേടിയത് 3108 റണ്‍സ്. 245 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 13,202 റണ്‍സും നേടിയിരിക്കുന്നു. കളിയെക്കാള്‍ കളി പറയാന്‍ മിടുക്കനാണ് ശാസ്ത്രി. നല്ല ഇംഗ്ലീഷും ആരെയും മയക്കുന്ന വാക് ചാതുരിയും. ഇന്ത്യന്‍ ക്രിക്കറ്റിലെ മുടിചൂടാമന്നന്‍ ഇപ്പോള്‍ രവിശങ്കര്‍ ജയതീര്‍ത്ഥ ശാസ്ത്രിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട മേല്‍പ്പറഞ്ഞ മൂന്ന് സിംഹങ്ങള്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് അഡ്‌വൈസറി കമ്മിറ്റിയെ ഒറ്റപ്പന്തില്‍ സ്റ്റംമ്പ് ചെയ്ത രവിയെ വാഴ്ത്താതെ വയ്യ..! എന്തെല്ലാമായിരുന്നു ക്രിക്കറ്റ് ഉപദേശകസമിതിയിലെ വമ്പന്മാര്‍ പറഞ്ഞത്…? ഇന്ത്യന്‍ ടീമിനെ, ക്യാപ്റ്റനെ, കോച്ചിനെ എല്ലാം ഞങ്ങള്‍ തീരുമാനിക്കും… ഞങ്ങള്‍ക്കപ്പുറം മറ്റൊരു അധികാര കേന്ദ്രമില്ല, ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവസാന വാക്ക് ഞങ്ങളല്ലാതെ മറ്റാര്…? ഇങ്ങനെയൊന്നും പരസ്യമായി പറഞ്ഞില്ലെങ്കിലും ഇങ്ങനെയെല്ലാം നടിച്ച മഹാനായ സച്ചിനും ധീരോദാത്തനായ സൗരവും മാന്യനായ ലക്ഷ്മണും ഇപ്പോള്‍ ഒരക്ഷരം ഉരിയാടുന്നില്ല. ഈ ത്രിമൂര്‍ത്തികള്‍ രവിശാസ്ത്രിയോട് പറഞ്ഞത് താങ്കളാണ് ഹെഡ്മാസ്റ്റര്‍, താങ്കളുടെ ഡെപ്യൂട്ടികള്‍ രാഹുല്‍ ദ്രാവിഡും സഹീര്‍ഖാനും. പക്ഷേ ഹെഡ്മാസ്റ്റര്‍ വടിയെടുത്ത് പറഞ്ഞു-എന്റെ ഡെപ്യൂട്ടിമാരെ നിങ്ങള്‍ നിശ്ചയിക്കണ്ട, അതിന് ഞാന്‍ ധാരാളം. ശാസ്ത്രിയിലെ ഹെഡ്മാസ്റ്റര്‍ പറഞ്ഞിടത്ത് കാര്യങ്ങളെത്തി നില്‍ക്കുമ്പോഴാണ് മിണ്ടാട്ടം മുട്ടിപ്പോയ ത്രീമൂര്‍ത്തികളുടെ ഗതികേട് മനസ്സിലായത്.
ഉപദേശകന്മാരായി ഇരിക്കാന്‍ ഞങ്ങളിനി ഇല്ല എന്ന് ഉച്ചത്തില്‍ പറഞ്ഞ് കസേര തട്ടിത്തെറിപ്പിച്ചൊരു സുരേഷ് ഗോപി സ്റ്റൈലിന് ഇവരില്ല- പിണങ്ങിയാല്‍ നഷ്ടം നമുക്ക് തന്നെ എന്ന തിരിച്ചറിവില്‍ അവര്‍ മിണ്ടുന്നില്ല. കരയുന്ന കുട്ടിക്കല്ല ക്രിക്കറ്റില്‍ പാല്-കരയാത്ത കുട്ടിക്കാണ്. കരഞ്ഞ് ബഹളമുണ്ടാക്കിയത് കൊണ്ട് കാര്യമില്ലെന്ന തിരിച്ചറിവില്‍ ഇവര്‍ മാത്രമല്ല മിണ്ടാതെ നില്‍ക്കുന്നത്. അപമാനിതരായ ദ്രാവിഡും സഹീറും മിണ്ടുന്നില്ല.
സച്ചിനെ പോലെ ഒരാള്‍ പണ്ടേ പുലിവാലുകളില്‍ ചാടാറില്ല-നില്‍പ്പിന്റെ രസതന്ത്രം അദ്ദേഹത്തിന് കൃത്യമായി അറിയാം. പക്ഷേ സൗരവ് അത്തരക്കാരനല്ല-രക്തത്തില്‍ ക്ഷത്രിയാംശം ഉള്ളതിനാല്‍ പൊട്ടിത്തെറിക്കാറുണ്ട്. പക്ഷേ ഇവിടെ അദ്ദേഹം ക്ഷത്രിയനല്ല-ക്ഷൂദ്രനാണ്. ഗ്രെഗ് ചാപ്പലിനെ പോലെ കൊമ്പ് കുലുക്കി വന്ന ഓസ്‌ട്രേലിയന്‍ പരിശീലകനോട് നീ പോ മോനെ ദിനേശാ എന്ന് പറഞ്ഞ സൗരവിന് രവിശാസ്ത്രിയോട് ആ കുറുമ്പില്‍ സംസാരിക്കാനാവുന്നില്ല. ഹൈദരാബാദുകാരനായ ലക്ഷ്മണ്‍ വായില്‍ കൈ ഇട്ട് കൊടുത്താലും കടിക്കാത്ത ആളായതിനാല്‍ അദ്ദേഹത്തിന്റെ മൗനത്തിന് പുതിയ വിലാസം വേണ്ട.
ക്രിക്കറ്റ് ബോര്‍ഡ് എന്ന ബി.സി.സി.ഐയാണ് ഇവിടെ വിജയികള്‍. അവര്‍ തങ്ങളുടെ നഷ്ടമായ അധികാരം തിരിച്ചുപിടിക്കുകയാണ്. കോച്ചിനെയും ക്യാപ്റ്റനെയുമെല്ലാം തീരുമാനിക്കാന്‍ ബോര്‍ഡ് തന്നെ ധാരാളമെന്ന പഴയ മുദ്രാവാക്യം ഉയര്‍ത്തപ്പെടുമ്പോള്‍ അതിന് ഉപോത്പലകമായി അവര്‍ പറയുന്നതാവട്ടെ ലോധാ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ. ദേശീയ ടീമിനെ, കോച്ചിനെ പ്രഖ്യാപിക്കാന്‍ മൂന്നംഗ സെലക്ഷന്‍ സമിതി മതിയെന്നാണ് ലോധാ കമ്മിറ്റി വ്യക്തമായി പറഞ്ഞിരുന്നുന്നത്. ഒരു അഡ്‌വൈസറി കമ്മിറ്റി അതിനായി വേണ്ടെന്നും ലോധാ ശിപാര്‍ശയില്‍ പറയുമ്പോള്‍ സൗരവിനും സച്ചിനും ലക്ഷ്മണിനും എന്ത് സ്ഥാനം…: എം.എസ്.കെ പ്രസാദ്, ദേവാംഗ് ഗാന്ധി, ശരണ്‍ദീപ് സിംഗ് എന്നിവരടങ്ങുന്ന മൂന്നംഗ സെലക്ഷന്‍ പാനല്‍ ഇപ്പോഴുണ്ട്. നേരത്തെ അഞ്ച് പേരായിരുന്നു സെലക്ഷന്‍ സമിതിയില്‍. ലോധാ കമ്മിറ്റി മൂന്നംഗങ്ങള്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ജതിന്‍ പരഞ്ചമ്പെ, ഗഗന്‍ ഘോഡ എന്നിവരെ സെലക്ഷന്‍ പാനലില്‍ നിന്ന് ഒഴിവാക്കി. ശാസ്ത്രി വ്യക്തമായ ഏകപക്ഷീയ വിജയം ക്രിക്കറ്റ് ബോര്‍ഡ് പിന്തുണയില്‍ നേടിയതോടെ ഒന്നുങ്കില്‍ അഡ്‌വൈസറി കമ്മിറ്റിക്കാര്‍ സ്വയം പിരിഞ്ഞ് പോവണം, അതിനവര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഒരു സ്വാഭാവിക മരണം ഉറപ്പാണ്. മരിച്ച് വീഴുന്നവര്‍ സച്ചിനും സൗരവുമാവുമ്പോള്‍, അവര്‍ ഒന്നും പ്രതികരിക്കാതെ നില്‍ക്കുമ്പോള്‍ ചിരിക്കുന്നത്, തല ഉയര്‍ത്തുന്നത് ക്രിക്കറ്റ് ബോര്‍ഡാണ്.

chandrika: