തേര്‍ഡ് ഐ -കമാല്‍ വരദൂര്‍
ബെര്‍ണബുവില്‍ നടന്ന എല്‍ക്ലാസിക്കോയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഗോളടിക്കാതിരുന്നപ്പോള്‍ അതായിരുന്നു വാര്‍ത്ത. മെസിയുടെ മാജിക് ഗോളില്‍ അവസാന സെക്കന്‍ഡില്‍ ബാര്‍സിലോണ വിജയിച്ച മല്‍സരത്തിന് ശേഷം മാഡ്രിഡിലെ സംസാരവിഷയം റൊണാള്‍ഡോയുടെ മോശം ഫോമായിരുന്നു. എല്‍ക്ലാസിക്കോക്ക് തൊട്ട് മുമ്പെ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഇരുപാദ മല്‍സരങ്ങളില്‍ ഹാട്രിക് ഉള്‍പ്പടെ ഇതേ താരം അഞ്ച് ഗോളുകള്‍ നേടിയപ്പോള്‍ ലോകം അദ്ദേഹത്തെ വാഴ്ത്തിയിരുന്നു. പക്ഷേ ഒരു മല്‍സരത്തില്‍ ഗോളടിക്കാന്‍ കഴിയാതെ വരുമ്പോള്‍ പോര്‍ച്ചുഗീസുകാരന്‍ ക്രൂശിക്കപ്പെട്ടു. ഒരു മല്‍സരത്തില്‍ ഗോളടിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇത്രമാത്രം കുരിശിലേറ്റപ്പെടുന്ന മറ്റൊരു താരമുണ്ടാവില്ല-ലോക ഫുട്‌ബോളില്‍ ഗോള്‍ എന്ന പദത്തിന്റെ പര്യായമായി റൊണാള്‍ഡോ മാറുകയാണ്. വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ അദ്ദേഹം നടത്തുന്ന ഗോള്‍വേട്ട ആ താരത്തിന്റെ മാനസിക കരുത്തിനുള്ള തെളിവാണ്. മെസിയും റൊണാള്‍ഡോയും തമ്മിലുള്ള മാറ്റം ഇതാണ്. വലിയ മല്‍സരങ്ങളിലെ സമ്മര്‍ദ്ദം റൊണാള്‍ഡോയെ ബാധിക്കാറില്ലെങ്കില്‍ മെസിയെ അത് കാര്യമായി ബാധിക്കാറുണ്ട്. വലം കാലിലും ഇടം കാലിലും വായുവിലും റൊണാള്‍ഡോയുടെ ഗോളുകള്‍ പിറക്കുന്നു. എല്‍ക്ലാസിക്കോയിലെ മെസിയുടെ പ്രകടനത്തെ ലോകം വാഴ്ത്തിയപ്പോള്‍ താന്‍ പിറകിലാവരുത് എന്ന് വ്യക്തമായ തീരുമാനത്തിലായിരിക്കാം ഒരു പക്ഷേ ഇന്നലെ റൊണാള്‍ഡോ കളിച്ചത്. സമ്മര്‍ദ്ദമെന്നത് കളിയിലെ പതിവ് ഭാഷയാണ്. എല്ലാ മല്‍സരങ്ങളും സമ്മര്‍ദ്ദത്തിന്റേതാണ്. റയലിനെ പോലെ ഒരു ടീം കളിക്കുമ്പോള്‍ ജയമെന്നത് നിര്‍ബന്ധഘടകമാണ്. സൂപ്പര്‍ താരങ്ങളെല്ലാം ഗോളടിക്കാന്‍ ബാധ്യസ്ഥരും. ഈ ബാധ്യത വലിയ സമ്മര്‍ദ്ദമായി മാറുമ്പോഴും റൊണാള്‍ഡോ ഗോളുകള്‍ അടിച്ച് കൂട്ടുന്നു എന്നതാണ് ആ താരത്തിലെ സവിശേഷത. ആ ഗോളുകള്‍ നോക്കു-അവസരവാദങ്ങളുടെ ഏറ്റവും മികച്ച ഗോള്‍ രൂപാന്തരങ്ങള്‍. ഇന്നലെ ചാമ്പ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ ഹാട്രിക്കാണ് താരത്തിന്റെ സമ്പാദ്യം. പത്താം മിനുട്ടില്‍ ആദ്യ ഗോള്‍. പിന്നെ അവസാന സമയങ്ങളില്‍ രണ്ട് ഗോളുകള്‍-യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്തുന്ന ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ ബദ്ധവൈരികളായ പ്രതിയോഗികളെ നേരിടുമ്പോള്‍ ഹാട്രിക് സ്വന്തമാക്കാന്‍ കഴിയുകയെന്നത് ചെറിയ നേട്ടമല്ല. 400 ഗോളുകളാണ് ഇപ്പോള്‍ യൂറോപ്പിലെ അദ്ദേഹത്തിന്റെ സമ്പാദ്യം. ഈ ഗോളുകള്‍ പരിശോധിച്ചാലറിയാം എത്രമാത്രം കഠിനാദ്ധ്വാനം അതിലുണ്ട് എന്നത്. ബാര്‍സ കളിക്കുമ്പോള്‍ മെസിക്കും നെയ്മറിനും സുവാരസിനുമെല്ലാം മധ്യനിരയില്‍ നിന്ന് പാസുകള്‍ യഥേഷ്ടം ലഭിക്കും. ആ പാസുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയെന്നതാണ് സ്‌ട്രൈക്കര്‍മാരുടെ ജോലിയെങ്കില്‍ ആ മധ്യനിരാ കരുത്ത് റയലിനില്ല. മധ്യത്തിലേക്ക് വന്ന് പന്ത്് വാങ്ങി മുന്നേറുന്ന റൊണാള്‍ഡോയാണ് പലപ്പോഴും ടീമിന്റെ രക്ഷകനായി മാറാറുളളത്. ഇന്നലെ തന്നെ കരീം ബെന്‍സേമ ഉള്‍പ്പെടെ ഗോള്‍വേട്ടക്കാര്‍ പലരുമുണ്ടായിട്ടും റൊണാള്‍ഡോക്ക് ഹാട്രിക് നേടാനാവുന്നത് അദ്ദേഹത്തിന്റെ ലക്ഷ്യബോധത്തിലും പന്തിനും ഗോളിനും വേണ്ടിയുമുള്ള കഠിനശ്രമത്തിലുമാണ്.
എല്‍ക്ലാസിക്കോയില്‍ ബാര്‍സക്ക് മുന്നില്‍ പരാജയപ്പെട്ടപ്പോള്‍ മെസി അവസാന സെക്കന്‍ഡില്‍ നേടിയ ഗോളിന്റെ പേരില്‍ തന്റെ ഡിഫന്‍ഡര്‍മാരായ മാര്‍സിലോയെയും കര്‍വാലോയെയും റൊണാള്‍ഡോ ചീത്ത വിളിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വന്തം മൈതാനത്ത് അവസാന സെക്കന്‍ഡില്‍ പരാജയപ്പെടുമ്പോഴുളള നിരാശയായിരുന്നു സൂപ്പര്‍ താരത്തിനെ പ്രകോപിപ്പിച്ചത്. മൈതാനത്ത് ഏത് സമയത്തും ഗോള്‍ സ്വന്തമാക്കാന്‍ കൊതിയോടെ നില്‍ക്കുന്ന റൊണാള്‍ഡോക്ക് ടീം നല്‍കുന്ന പിന്തുണയും ചെറുതല്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹാട്രിക് പൂര്‍ത്തിയിക്കാന്‍ മാര്‍സിലോ നല്‍കിയ ആ പാസ്-അത് റയല്‍ മാഡ്രിഡ് എന്ന ടിമിന്റെ സംഘബലമാണ്. ബയേണ്‍ മ്യുണിച്ചിനെതിരെ മാര്‍സിലോക്ക് എളുപ്പത്തില്‍ ഗോള്‍ നേടാമായിരുന്നിട്ടും റൊണാള്‍ഡോയുടെ ഹാട്രിക്കിന് വേണ്ടി പന്ത് സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക് കൈമാറിയ മാര്‍സിലോയെ പോലുള്ളവരെ കളി അറിയുന്നവര്‍ മറക്കില്ല. ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസ് മുതല്‍ കാര്‍വജാലും നാച്ചോയും റാമോസും വരാനെയും മാര്‍സിലോയും ടോണി ക്രൂസും കാസിമിറോയും ലുക്കാ മോദ്രിച്ചും ഇസ്‌ക്കോയും അസുന്‍സിയോയും ബെന്‍സേമയുമെല്ലാം പിന്തുണക്കുമ്പോഴാണ് റൊണാള്‍ഡോയിലെ സ്‌ട്രൈക്കര്‍ അപകടകാരിയാവുന്നത്.