X
    Categories: NewsSports

തേര്‍ഡ് ഐ: വെല്‍ഡണ്‍ ബോസ്-കമാല്‍ വരദൂര്‍

വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അനീസ് എന്ന ഇറ്റാലിയന്‍ പരിശീലകനോട് പലവട്ടം ചോദിച്ച ഒരേ ചോദ്യത്തിന് എപ്പോഴും അദ്ദേഹം നല്‍കിയ ഏക മറുപടി ആക്രമണമാണ് ഫുട്‌ബോള്‍ എന്നാണ്. ലോകത്തിന്റെ നാനാ ദിക്കുകളില്‍ കളി പഠിപ്പിക്കുന്ന പരിശീലകര്‍ ഗെയിമിന്റെ സൗന്ദര്യത്തിന്റെ അടിസ്ഥാനമായി കാണുന്നത് ആക്രമണം എന്ന കൈയ്യടിയേയാണ്.

ലിവര്‍പൂള്‍ എന്ന വിഖ്യാത ഇംഗ്ലീഷ് ക്ലബിന്റെ ഹെഡ് കോച്ച്് ജര്‍മന്‍കാരനായ ജുര്‍ഗന്‍ ക്ലോപെ കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരായ മല്‍സരത്തിന് ശേഷം പതിവ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ക്ഷുഭിതനായിരുന്നു. അദ്ദേഹത്തെ രോഷാകുലനാക്കിയത് ടോട്ടനം എന്ന പ്രതിയോഗികളുടെ സമീപനമായിരുന്നു. നിര്‍ണായക പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ആദ്യം സ്‌ക്കോര്‍ ചെയ്തത് ടോട്ടനമായിരുന്നു. ലീഡ് നേടിയതിന് ശേഷം അവര്‍ പ്രതിരോധ ഫുട്‌ബോളിലേക്ക് പോയി. ഒരു തരത്തിലുള്ള നിഷേധാത്മക സമീപനം.

ഹാരി കെയിന്‍, സണ്‍ ഹ്യുംഗ് മിന്‍ തുടങ്ങിയ ലോകോത്തര മുന്‍നിരക്കാരുടെ ടീമാണ് പെട്ടെന്ന് പിന്‍വലിഞ്ഞത്. അന്റോണിയോ കോണ്ടെ എന്ന പരിശീലകന്റെ നിഷേധ തന്ത്രം ആധുനിക ഫുട്‌ബോളിന് അനുയോജ്യമല്ല എന്ന് ക്ലോപെ തുറന്നടിച്ചത് കളിയുടെ സൗന്ദര്യത്തെ പ്രതിരോധാത്മകത കവരുന്നത് കൊണ്ടായിരുന്നു. ഇന്നലെ കൊല്‍ക്കത്ത സാള്‍ട്ട്‌ലെക്ക് സ്‌റ്റേഡിയത്തില്‍ വിന്‍സെന്‍സോ എന്ന പരിശീലകന് കപ്പ് നിലനിര്‍ത്താന്‍ സമനില മാത്രം മതിയായിരുന്നു. പക്ഷേ മുഹമ്മദന്‍സിനെ പോലെ ഒരു പ്രതിയോഗിക്കെതിരെ സമനിലയെന്ന ലക്ഷ്യത്തില്‍ പ്രതിരോധ ജാഗ്രത മുഖമുദ്രയാക്കിയാല്‍ അത് കാണികളോടും ഗെയിമിനോടും ചെയ്യുന്ന പാതകം മാത്രമല്ല തിരിച്ചടിക്കാനും സാധ്യതയുണ്ടെന്ന് മനസിലാക്കി അദ്ദേഹം ക്യാപ്റ്റന്‍ ഷരീഫ് ഇല്ലാതിരുന്നിട്ടും ആക്രമിക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. ആ തന്ത്രമാണ് ഫലിച്ചത്. ഗോകുലം പ്രതിരോധത്തിലേക്ക് പോവുമെന്ന് കരുതിയ മുഹമ്മദന്‍സ് കബളിപ്പിക്കപ്പെട്ടു. ഗോകുലം ഐ ലീഗ് കിരീടം നിലനിര്‍ത്തിയതില്‍ കോച്ചിനാണ് കൂടുതല്‍ മാര്‍ക്ക്.

Chandrika Web: