X
    Categories: MoreViews

സൂപ്പര്‍ ഗോളുകള്‍; ഇന്ന് കേരളത്തിന് അതിജാഗ്രത

രണ്ട് സൂപ്പര്‍ ഗോളുകള്‍-അതായിരുന്നു ഇന്നലെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സമനില പോരാട്ടത്തിലെ ഹൈലൈറ്റ്‌സ്. ആദ്യ ഗോള്‍ സ്വന്തമാക്കിയ ചെന്നൈ താരം ജെജെയുടെ പക്വതയെയും ഗെയിം വീക്ഷണത്തെയും അഭിനന്ദിക്കണം.

പോയ സീസണില്‍ അരങ്ങ് തകര്‍ത്ത ജെജെ മൂന്നാം സീസണില്‍ ഇത് വരെ നിറം മങ്ങിയ പ്രകടനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞില്ലെങ്കില്‍ ഇന്നലെ ബാലേവാടിയില്‍ അദ്ദേഹം നേടിയ ഗോള്‍ സുന്ദരമായിരുന്നു.

അപകടകരമല്ലാത്ത ഒരു പെനാല്‍ട്ടി ബോക്‌സ് റെയ്ഡിഡിനൊടുവില്‍ മുന്നോട്ട് നോക്കുമ്പോള്‍ ജെജെ കാണുന്നത് അഡ്വാന്‍സ് ചെയ്ത് നില്‍ക്കുന്ന ഗോള്‍ക്കീപ്പറെ… തിരക്കില്‍ പന്തടിച്ചാല്‍ ഇദലിനെ പോലെ ശക്തനായ ഗോള്‍ക്കീപ്പര്‍ക്ക് പന്ത് തടയാന്‍ പ്രയാസമില്ലെന്ന് മനസ്സിലാക്കി വലത് കാല് കൊണ്ട് മനോഹരമായ ഒരു പ്ലേസിംഗ് ഷോട്ട്- പന്തിനെ രക്ഷിക്കാന്‍ ഗോള്‍ക്കീപ്പര്‍ക്കായില്ല.

കളിയുടെ മര്‍മ്മമറിയുന്ന ഒരു താരത്തിന് മാത്രം സ്‌ക്കോര്‍ ചെയ്യാന്‍ കഴിയുന്ന ഈ ഗോള്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ പേരിലാണെന്നതും ശ്രദ്ധിക്കണം. മൂന്നാം സീസണില്‍ ജെജെയുടെ ആദ്യ ഗോള്‍ തന്നെ ഈ വിധമാവുമ്പോള്‍ അത് ആ താരത്തിനും ചെന്നൈക്കും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

പൂനെയുടെ മറുപടി ഗോള്‍ സ്‌ക്കോര്‍ ചെയ്തത് മെക്‌സിക്കന്‍ താരം അനിബാള്‍ സന്തോറാ റോഡ്രിഗസ്. പെനാല്‍ട്ടി ബോക്‌സിന് സമീപത്ത് നിന്നും ലഭിച്ച ഫ്രീകിക്ക്. ആ സമയത്ത് മാത്രം സബ്സ്റ്റിറ്റിയൂട്ടായി മൈതാനത്ത് പ്രവേശിച്ച റോഡ്രിഗസ് ചെന്നൈയുടെ ജമൈക്കന്‍ ഗോള്‍ക്കീപ്പറുടെ പൊസിഷന്‍ മനസിലാക്കി പായിച്ച ആ ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയില്‍ തൊട്ടുരുമ്മി കയറിയ കാഴ്ച്ചയും ചേതോഹരമായിരുന്നു.
രണ്ട് ടീമുകളും വിടാനില്ലെന്ന മട്ടില്‍ കളിച്ച മല്‍സരത്തിന് അനുയോജ്യ ഫലമായിരുന്നു 1-1. ഇന്ന് ഗോവയില്‍ കേരളം കളിക്കുന്നു. ടേബിളില്‍ കേരളമിപ്പോള്‍ ഏഴാമതാണ്. ഗോവക്കാര്‍ ഫോമിലേക്ക് വന്നിരിക്കുന്നു. കഴിഞ്ഞ ദിവസം അവര്‍ മുംബൈയെ ഒരു ഗോളിന് കീഴടക്കിയിരുന്നു. സീക്കോയുടെ സംഘം സ്വന്തം മൈതാനത്ത് കളിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് അതിജാഗ്രത പാലിക്കേണ്ടി വരും.

chandrika: