കാല്‍പ്പന്തില്‍ കേരളത്തിനെതിരെ പലപ്പോഴും ബംഗാള്‍ ജയിച്ചുകയറുന്നതിലെ രഹസ്യം അറിയാത്തവരില്ല-മാനസികാധിപത്യത്തിന്റെ വിജയമാണിതെന്ന് അറിയാന്‍ സന്തോഷ് ട്രോഫി ചരിത്രത്തിലുടെ ഒരു മൈനസ് യാത്ര നടത്തിയാല്‍ മതി. ഇന്ത്യന്‍ ഫുട്‌ബോളില്‍ എന്നും ബംഗാളും കേരളവും ബദ്ധവൈരികളാണ്. ഈ വൈര്യത്തില്‍ പലപ്പോഴും ബംഗാള്‍ ജയിക്കാന്‍ കാരണം അവരുടെ തലയെടുപ്പാണ്.
കേരളത്തെക്കാള്‍ എന്ത് കൊണ്ടും ശക്തര്‍ തങ്ങളാണെന്ന് അവരങ്ങ് കരുതുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ പ്രക്ഷോഭങ്ങളുടെ സാംസ്‌കാരികാസ്ഥാനമായത് പോലെ ഫുട്‌ബോളിലും ബംഗാളിനെ വെല്ലാന്‍ മറ്റാരുമില്ലെന്ന ഒരു തോന്നല്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ തറവാടികള്‍ ബംഗാളുകാരണല്ലോ. നാഗേന്ദ്ര സര്‍വാധികാരി എന്ന കൊല്‍ക്കത്തക്കാരനെ നമ്മള്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ പിതാവായി ഗണിക്കുന്നതും മോഹന്‍ ബഗാനും മുഹമ്മദന്‍സും ഈസ്റ്റ് ബംഗാളുമെല്ലാം നമ്മുടെ പരമ്പരഗാത സോക്കറിന്റെ വിലാസങ്ങളുമാവുമ്പോള്‍ അല്‍പ്പമധികം അഹങ്കാരം ദേശീയ ഫുട്‌ബോളില്‍ വംഗനാട്ടുകാര്‍ക്കുണ്ടെന്നത് അംഗീകരിക്കണം.
ഒരു കാലത്ത് നമ്മുടെ ദേശീയ ടീം നിറയെ ബംഗാളി ആധിപത്യമായിരുന്നു. ഇതെല്ലാം കൊണ്ട് തന്നെ ബംഗാള്‍ എന്നാല്‍ എക്കാലത്തും എല്ലാവരും പേടിക്കുന്ന ശക്തിയായി. ഇടക്കെല്ലാം അവരെ വെല്ലുവിളിച്ചത് കേരളം മാത്രമായിരുന്നു. ആ കേരളാ ഭയം നിലനിര്‍ത്തുന്നതില്‍ പക്ഷേ നമ്മള്‍ വിജയിച്ചില്ല. ദേശീയ ഫുട്‌ബോളില്‍ ഇടക്കാലത്ത് കേരളം തീര്‍ത്തും മങ്ങിയ കാഴ്ച്ചയില്‍ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ കരുത്തരായി. മണിപ്പൂരും മിസോറാമും മേഘാലയയുമെല്ലാം ബംഗാളിനെ വേഗതയില്‍ പിറകിലാക്കിയപ്പോള്‍ അവരുടെ അഹങ്കാരവും കുറഞ്ഞു. ഇപ്പോള്‍ ഇന്ത്യന്‍ ദേശീയ ടീം നോക്കിയാല്‍ ബംഗാളികള്‍ കുറവാണ്-കൊല്‍ക്കത്ത ക്ലബുകള്‍ക്ക് ഐ ലീഗില്‍ പോലും വലിയ പ്രാമുഖ്യമില്ല.
ഇവിടെയാണ് ഇന്നത്തെ ഫൈനലില്‍ കേരളം തല ഉയര്‍ത്തേണ്ടത്. മാനസികാധിപത്യമെന്നത് ഇപ്പോള്‍ ബംഗാളിനില്ല. പക്ഷേ അതുണ്ടെന്ന് നടിക്കുന്നതാണ് അവരുടെ ശൈലി. പ്രാഥമിക റൗണ്ടില്‍ രണ്ട് ഗോളിന് കേരളത്തിനോട് തോറ്റതില്‍ പ്രതികാരം വീട്ടുമെന്ന് അവര്‍ പറയുമ്പോഴും അതിനുള്ള മൈതാന ബലം അവര്‍ക്കില്ല. പക്ഷേ മണിപ്പൂരിനെതിരായ സെമിയിലെ രണ്ടാം പകുതി പ്രകടനം ഗംഭീരമായിരുന്നു. പ്രതികൂല കാലാവസ്ഥയിലും അവര്‍ നന്നായി കളിച്ചതിന്റെ ആത്മവിശ്വാസം അവര്‍ പ്രകടിപ്പിക്കും. ഇതിനെ മറികടക്കാനുള്ള ആയുധം ബിനോ ജോര്‍ജ്ജിന്റെ കൈവശമുണ്ട്. തുടക്കത്തില്‍ തന്നെ തല ഉയര്‍ത്തി വേഗതയില്‍ ആക്രമിക്കണം. രണ്ട് മനസ് പാടില്ല. കര്‍ണാടകക്കെതിരായ സെമിയില്‍ കേരളം തുടക്കത്തില്‍ പിറകില്‍ പോയിരുന്നു. സബ്‌സ്റ്റിറ്റിയൂട്ട് താരം ജെസിന്റെ വ്യക്തിഗത മികവാണ് ആ മല്‍സരത്തില്‍ ടീമിനെ മല്‍സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മൂന്ന് ഗോളുകളാണ് അന്ന് പ്രതിരോധം വഴങ്ങിയത്. ഈ വീഴ്ച്ചയിലും ബംഗാള്‍ മുതലെടുപ്പ് നടത്തും.
പക്ഷേ ജയിക്കാന്‍ പ്രധാനം മാനസികാധിപത്യം തന്നെയാണ്. ജിജോ ജോസഫ് സ്വന്തം യുവനിരയോട് പറയേണ്ടതും ഇത് തന്നെ. സ്വന്തം മികവില്‍ വിശ്വസിക്കുക. പയ്യനാട്ടെ കാണികള്‍ നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. മറ്റൊരു വേദിയിലും ഇത് ലഭിക്കുകയുമില്ല. ഒരു മനസ് മതി-ജയിക്കണം.