കമാല്‍ വരദൂര്‍
പൂനെയുടെ ഈ തിരിച്ചുവരവില്‍ ആഹ്ലാദിക്കണം, പക്ഷേ അത് ബാധിക്കുന്നത് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെയാവുമ്പോള്‍ പ്രശ്‌നം ഗുരുതരമാണ്. വിശിഷ്യാ നാളെ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് ഗോവയെ എതിരിടുമ്പോള്‍. എല്ലാ അര്‍ത്ഥത്തിലും അന്റോണിയോ ഹമാസിന്റെ പൂനെക്കാര്‍ സീസണില്‍ മോശമായിരുന്നു. നല്ല കുറെ താരങ്ങളുണ്ടായിട്ടും തപ്പി തടയുന്ന ഗെയിം കളിച്ചവര്‍. ഇന്നലെ കൊല്‍ക്കത്തക്കെതിരെ സീസണില്‍ ആദ്യ മല്‍സരത്തിനിറങ്ങുമ്പോള്‍ സാധ്യതകളെല്ലാം സൗരവ് ദാദയുടെ ടീമിനായിരുന്നു. ഹെക്ടര്‍ പോസ്റ്റീഗ ഫോമില്‍ നില്‍ക്കുന്നു, ഇയാന്‍ ഹ്യും തിരിച്ചുവരുന്നു. പക്ഷേ മുഹമ്മദ് സിസോക്കോ എന്ന മാലി താരത്തിന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കാനിറങ്ങിയ പൂനെക്കാര്‍ തല താഴ്ത്തിയില്ല. കഴിഞ്ഞ രണ്ട് സീസണില്‍ കൊല്‍ക്കത്തയെ പരിശീലിപ്പിച്ച ഹബാസിനാവട്ടെ ഇത് പ്രസ്റ്റീജ് പോരാട്ടവുമായി. കൊല്‍ക്കത്തയില്‍ നിന്നും പൂനെയുടെ കുപ്പായത്തിലെത്തിയപ്പോള്‍ തോല്‍വി അദ്ദേഹത്തിന് സഹിക്കാവുന്നതിലുമപ്പുറമാവുമായിരുന്നു. എഡ്വാര്‍ഡോ പെരേരയുടെ ഗോളായിരുന്നു ആദ്യ പകുതിയുടെ ആവേശം. കോര്‍ണര്‍ കിക്കില്‍ നിന്നും അദ്ദേഹം തലയിലൂടെ പായിച്ച വെടിയുണ്ടക്ക് തൊട്ട് മുമ്പ് മുഖത്ത് കാര്യമായ പരുക്കുണ്ടായിരുന്നു. പക്ഷേ അത് കാര്യമാക്കാതെ കോച്ചിന് വേണ്ടി ഗോള്‍ നേടി അടുത്ത മിനുട്ടില്‍ വേദന സഹിക്കാനാവാതെ പെരേര ആംബുലന്‍സില്‍ കയറിപ്പോള്‍ അത് കൊല്‍ക്കത്തക്കാര്‍ക്ക് ആശ്വാസമാവുമെന്നാണ് കരുതിയത്. പക്ഷേ പെനാല്‍ട്ടി കിക്കിലുടെ അനിബാള്‍ പൂനെയുടെ ലീഡ് ഉയര്‍ത്തിയതോടെ ചിത്രം വ്യക്തമായി. പോരാട്ടം അവസാനിപ്പിക്കാതിരുന്ന കൊല്‍ക്കത്തക്ക് ഹ്യൂമിന്റെ പെനാല്‍ട്ടിയിലുടെ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പൂനെക്കാര്‍ വഴങ്ങിയില്ല. ഒരു ജയത്തില്‍ ടേബിളില്‍ ആറിലെത്തിയിരിക്കുന്നു ടീം.