കമാല്‍ വരദൂര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിലും കിഡംബി ശ്രീകാന്ത് ഒന്നാമനായപ്പോള്‍ റിയോ ഒളിംപിക് ദിവസങ്ങളാണ് ഓര്‍മ്മ വരുന്നത്. ബ്രസീലിയന്‍ നഗരത്തില്‍ ലോക കായിക യുവത്വം ഒരുമിച്ചപ്പോള്‍ ഇന്ത്യ മാത്രം മെഡലൊന്നുമില്ലാതെ വിയര്‍ത്ത ദിവസങ്ങള്‍. ബാഡ്മിന്റണ്‍ മല്‍സരങ്ങള്‍ തുടങ്ങാന്‍ ഞങ്ങളെല്ലാം പ്രാര്‍ത്ഥിക്കുകയായിരുന്നു. പി.വി സിന്ധുവും സൈന നെഹ്‌വാളും ശ്രീകാന്തുമെല്ലാം ഉള്‍പ്പെടുന്ന മികച്ച സംഘം ഒരു മെഡലെങ്കിലും സംഭാവന ചെയ്യുമെന്ന വലിയ പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. സൈനയായിരുന്നു പ്രതീക്ഷകളില്‍ ഒന്നാമത്. ലണ്ടന്‍ ഒളിംപിക്‌സില്‍ സൈനയുടെ പ്രകടനം കണ്ടിരുന്നു. അവിടെ വെങ്കലവുമായി രാജ്യത്തിന്റെ ബാഡ്മിന്റണ്‍ അഭിമാനം കാത്ത താരത്തിന് പക്ഷേ റിയോയില്‍ പരുക്കിന്റെ ആവലാതികളുണ്ടായിരുന്നു. പുരുഷ വിഭാഗത്തില്‍ ശ്രീകാന്തിലായിരുന്നു നോട്ടം. കാരണം ഒളിംപിക്‌സിന് മുമ്പ് നടന്ന രാജ്യാന്തര, ദേശീയ മല്‍സരങ്ങളില്ലെല്ലാം മിന്നും ഫോമിലായിരുന്നു ശ്രീകാന്ത്. മെക്‌സിക്കോയില്‍ നിന്നുള്ള ലിനോ മുനസായിരുന്നു ശ്രീകാന്തിന്റെ ആദ്യ പ്രതിയോഗി. മല്‍സരത്തലേന്ന് ഫോണില്‍ ശ്രീകാന്തിന്റെ കോച്ച് പുലേലു ഗോപീചന്ദിനെ വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് സെമി വരെ ശ്രീകാന്ത് എത്തുമെന്നായിരുന്നു. കോച്ചിന്റെ ആത്മവിശ്വാസം പോലെ ആദ്യ മല്‍സരത്തിലും രണ്ടാം മല്‍സരത്തില്‍ സ്വീഡന്റെ ഹെന്‍ട്രി ഹുര്‍സാകിനിനുമെതിരെ അനായാസ വിജയം. രണ്ട് മല്‍സരങ്ങള്‍ ശ്രീകാന്ത് കടന്നതോടെ പിന്നെ ഞങ്ങള്‍ ഒളിംപിക് ബാഡ്മിന്റണ്‍ വേദിയിലെ സ്ഥിരക്കാരായി. അടുത്ത മല്‍സരം ലോക റാങ്കിംഗിലെ അഞ്ചാമനായ ജാര്‍ഗന്‍സ് മുണുമായിട്ടായിരുന്നു. അവിടെയും നേരിട്ടുള്ള സെറ്റുകള്‍ക്ക് അല്‍ഭുത വിജയം. ക്വാര്‍ട്ടര്‍ ഫൈനലാണ് അടുത്ത മല്‍സരം,. പ്രതിയോഗി രണ്ട് തവണ ഒളിംപിക് സ്വര്‍ണവും അഞ്ച് തവണ ലോക ചാമ്പ്യന്‍പ്പട്ടവും സ്വന്തമാക്കിയ ചൈനയുടെ എക്കാലത്തെയും മികച്ച ബാഡ്മിന്റണ്‍ താരങ്ങളില്‍ ഒരാളായ ലിന്‍ ഡാന്‍. ഞങ്ങള്‍ക്കായിരുന്നു ടെന്‍ഷന്‍. ശ്രീകാന്തും ഗോപിയും കൂള്‍. ഭയന്നത് തന്നെ സംഭവിച്ചു. 22-20, 21-16 എന്ന പോയന്റില്‍ ശ്രീകാന്ത് വീണു. ആദ്യ ഗെയിമില്‍ ഉജ്വലമായ പ്രകടനമായിരുന്നു യുവതാരത്തിന്റേത്. പക്ഷേ രണ്ടാം ഗെയിമില്‍ ചൈനക്കാരന്റെ അനുഭവസമ്പത്തും ചൈനീസ് കാണികളുടെ പിന്തുണയും നിര്‍ണായകമായി. ശ്രീകാന്തിന് വേണ്ടി ആര്‍പ്പുവിളിക്കാന്‍ ഞങ്ങള്‍ കുറച്ച് പേര്‍ മാത്രമേ ഗ്യാലറിയില്‍ ഉണ്ടായിരുന്നുള്ളു. ക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം ഗോപി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്-ടോക്കിയോവില്‍ ഇവന്‍ മെഡല്‍ നേടും. കോച്ചിന്റെ വാക്കുകളെ പൊന്നാക്കുന്ന പ്രകടനമാണ് ഇപ്പോള്‍ ശ്രീകാന്ത് നടത്തി കൊണ്ടിരിക്കുന്നത്. റിയോയില്‍ ശ്രീകാന്ത് നടത്തിയ അത്യഗ്ര പ്രകടനമാണ് പി.വി സിന്ധുവിന് കരുത്തായത്. സിന്ധു ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. സിന്ധു ഫൈനല്‍ വരെയെത്തി വെളളി നേടുമ്പോള്‍ എപ്പോഴും കൂട്ടിന് ശ്രീകാന്തുണ്ടായിരുന്നു.
ഇന്ത്യയുടെ കായിക സ്വര്‍ണ ഖനിയാണിപ്പോള്‍ ബാഡ്മിന്റണ്‍. മുമ്പെല്ലാം രാജ്യാന്തര കായിക മാമാങ്ക വേദികള്‍-വിശിഷ്യാ ഒളിംപിക്‌സിന് പോവുമ്പോള്‍ ഹോക്കി മാത്രമായിരുന്നു പ്രതീക്ഷ. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെല്ലാം ഹോക്കി മൈതാനം കേന്ദ്രീകരിക്കുമ്പോള്‍ അതിന് വലിയ മാറ്റവുമായി ബാഡ്മിന്റണിലെ കനക നേട്ടങ്ങള്‍ വരാന്‍ തുടങ്ങിയത് ലണ്ടന്‍ ഒളിംപിക്‌സ് മുതലാണ്. ലണ്ടനില്‍ സൈന നെഹ്‌വാളിന്റെ വെങ്കല നേട്ടം നല്‍കിയ ഉണര്‍വാണ് പിന്നീട് കോമണ്‍വെല്‍ത്ത് ഗെയിംസുകളിലും ഏഷ്യന്‍ ഗെയിംസുകളിലുമെല്ലാം രാജ്യത്തിന് കരുത്തായത്. ലണ്ടനില്‍ യുവതാരം കാശ്യപും മികച്ച പ്രകടനം നടത്തിയിരുന്നു. റിയോ ഒളിംപിക്‌സിലേക്ക് വന്നപ്പോള്‍ ഇന്ത്യ പ്രബല സംഘമായി മാറി. സിന്ധുവിന്റെ നേട്ടം രജതരേഖയുമായി.
ഹൈരദാബാദിലെ ഗോപീചന്ദ് അക്കാദമിയാണ് ഈ താരങ്ങളെയെല്ലാം രാജ്യത്തിന് സംഭാവന ചെയ്തിരിക്കുന്നത്. സൈന മുതല്‍ തിരുവനന്തപുരത്തുകാരന്‍ പ്രണോയി കുമാര്‍ വരെയുള്ളവര്‍. ഇന്തോനേഷ്യന്‍ ഓപ്പണില്‍ സെമിഫൈനല്‍ വരെയെത്തിയിരുന്നു പ്രണോയി. ഗോപീചന്ദ് അക്കാദമി വാഗ്ദാനം ചെയ്യുന്നത് ഏറ്റവും നല്ല പരിശീലനമാണ്. അവരുടെ ഉറപ്പ് പ്രൊഫഷണല്‍ ബാഡ്മിന്റണാണ്. താരങ്ങള്‍ക്ക് നല്ല മല്‍സരങ്ങളും അവര്‍ ഒരുക്കുന്നു. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഗോപിയെ പോലെ കോച്ചും. ഇന്ത്യന്‍ കായിക ലോകത്തിന് മാതൃകയാണ് ഈ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍-കൂടുതല്‍ വിജയങ്ങളിലേക്ക് മുന്നേറാനുള്ള പോസിറ്റീവ് ഊര്‍ജ്ജമാണ് അക്കാദമിയും ഗോപിയും നല്‍കുന്നത്. ശ്രീകാന്തും പ്രണോയ് കുമാറും സായ് പ്രണീതും സിന്ധുവുമെവല്ലാം പറയുന്നതും ഇത് തന്നെ-കോച്ചിന്റെ ശിക്ഷണം, പൊരുതാനുളള നല്ല മനസ്. നമുക്ക് മാതൃകയാക്കാം ഗോപിയെയും അക്കാദമിയെയും.