X
    Categories: MoreViews

വെയിലാവും വില്ലന്‍-തേര്‍ഡ് ഐ

കമാല്‍ വരദൂര്‍

ഈ താരതമ്യം വായിക്കുക. കൃസ്റ്റിയാനോ റൊണാള്‍ഡോ സ്പാനിഷ് ലാലീഗയില്‍ ഇത് വരെ റയല്‍ മാഡ്രിഡിനായി കളിച്ചത് 276 മല്‍സരങ്ങള്‍. ബാര്‍സിലോണ സൂപ്പര്‍ താരം ലിയോ മെസി കളിച്ചത് 289 മല്‍സരങ്ങള്‍. കൃസ്റ്റിയാനോ 289 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തപ്പോള്‍ മെസി നേടിത് 309 ഗോളുകള്‍. കൃസ്റ്റിയാനോ ഗോളിലേക്ക് 92 പാസുകള്‍ നല്‍കിയപ്പോള്‍ മെസി നല്‍കിയത് 137 പാസുകള്‍. റയലിന് കൃസ്റ്റിയാനോ രണ്ട് വട്ടം ലാലീഗ കിരീടം സമ്മാനിച്ചപ്പോള്‍ മെസി ബാര്‍സക്ക് കിരീടം സമ്മാനിച്ചത് അഞ്ച് തവണ…..
താരതമ്യങ്ങള്‍ക്ക് മല്‍സരക്കളത്തില്‍ പ്രസക്തിയില്ല. പക്ഷേ എല്‍ ക്ലാസിക്കോയെ വിലയിരുത്തുന്നവര്‍ക്ക് മുന്നില്‍ ഈ കണക്കുകളെല്ലാം മന:പാഠമാണ്. കാരണം അത്രമാത്രം ശക്തരാണ് ഈ രണ്ട് പ്രതിഭകള്‍. രണ്ട് ക്ലബുകള്‍ എന്നതിനേക്കാള്‍ രണ്ട് വ്യക്തികള്‍ തമ്മിലാണ് നാളത്തെ ബെര്‍ണബു ബലാബലം. ഈ വ്യക്തികളെ വില്‍ക്കുകയാണ് ലാലീഗക്കാര്‍. അത് കൊണ്ടാണല്ലോ സാധാരണ ഇന്ത്യന്‍ സമയം അര്‍ധ രാത്രി നടക്കുന്ന മല്‍സരം ഇത്തവണ നമ്മുടെ സമയം വൈകുന്നേരത്തേക്ക് മാറ്റിയത്.
ലോക ഫുട്‌ബോളില്‍ ഇന്ന് ഏറ്റവും വിലപിടിപ്പുളള താരങ്ങള്‍ ഇവര്‍ രണ്ട് പേരുമാണ്. രണ്ട് പേര്‍ക്കും നല്ല ആരാധക വൃന്ദമുണ്ട്. സ്‌പെയിനില്‍ ഇവരുടെ കളി ഏത് സമയത്ത് വെച്ചാലും സ്‌റ്റേഡിയം നിറയും. ഇത് മനസ്സിലാക്കിയാണ് നട്ടുച്ച സമയത്ത് ബെര്‍ണബുവില്‍ മല്‍സരം പ്ലാന്‍ ചെയ്തിരിക്കുന്നത്. അവരുടെ നട്ടുച്ച നമുക്ക് വൈകുന്നേരമാണ്. ഏഷ്യയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ വിപണി. അവരെ വീഴ്ത്താനാണ് കളി സമയം പോലും മാറ്റിയിരിക്കുന്നത്.
സ്പാനിഷ് നട്ടുച്ചയില്‍ ആരായിരിക്കും ജയിക്കുക…? അവിടെയാണ് സമ്മര്‍ദ്ദം. മെസിക്കും കൃസ്റ്റിയാനോക്കും ഈ ചൂട് അത്ര പരിചിതമല്ല. ഡിസംബര്‍ വെയിലില്‍ കളിക്കുമ്പോള്‍ ആരായിരിക്കും വെയിലത്ത് വാടുക….? കൃസ്റ്റിയാനോക്ക് പ്രായം 32. മെസിക്ക് 30. വാടുന്നവര്‍ തല താഴ്‌ത്തേണ്ടി വരും.

chandrika: