തേര്‍ഡ് ഐ-
കമാല്‍ വരദൂര്‍
കഴിഞ്ഞ ഏഴ് വര്‍ഷമായി യൂറോപ്പ് എന്ന ഫുട്‌ബോള്‍ വന്‍കരയിലെ ടോപ് സ്‌ക്കോറര്‍ പട്ടം രണ്ട് പേര്‍ മല്‍സരിച്ച് പങ്കുവെക്കുകയായിരുന്നു-കൃസ്റ്റിയാനോ റൊണാള്‍ഡോയും ലിയോ മെസിയും. 2017 ല്‍ ഈ പദവിക്കുടമയായി ഇതാ ഒരു 24 കാരന്‍ എത്തിയിരിക്കുന്നു-അതും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന്. പുത്തന്‍ താരമാവുകയാണ് ഹാരീ കീന്‍ എന്ന ചെറുപ്പക്കാരന്‍. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ സൗത്താംപ്ടണെതിരെ ഹാട്രിക്ക് സ്വന്തമാക്കുക വഴി പ്രീമിയര്‍ ലീഗിലെയും യൂറോപ്പിലെയും ഗോള്‍ റെക്കോര്‍ഡുകള്‍ തിരുത്തിയതിന് പിറകെ യുവ സൂപ്പര്‍ താരത്തെ തേടി സ്പാനിഷ് ക്ലബൂകളും ഇറ്റലായിന്‍ ക്ലബുകളുമെല്ലാം രംഗത്തിറങ്ങിയിരിക്കുന്നു..
ഇംഗ്ലണ്ടിന്റെ ദേശീയ കുപ്പായത്തിലും ടോട്ടനത്തിന്റെ വെളുത്ത ജഴ്‌സിയിലുമായി 52 മല്‍സരങ്ങളാണ് 2017 ല്‍ ഹാരി കളിച്ചിരിക്കുന്നത്. നേടിയതാവട്ടെ 56 ഗോളുകളും. ബാര്‍സിലോണയുടെ അര്‍ജന്റീനിയന്‍ താരം മെസി 2017 ല്‍ ക്ലബിനും രാജ്യത്തിനുമായി കളിച്ചത് 64 മല്‍സരങ്ങളാണ്. അദ്ദേഹം നേടിയതാവട്ടെ 54 ഗോളുകള്‍. ജര്‍മന്‍ ബുണ്ടസ് ലീഗില്‍ ബയേണ്‍ മ്യൂണിച്ചിനായി കളിക്കുന്ന പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവിസ്‌ക്കി 55 മല്‍സരങ്ങളില്‍ നിന്ന് 53 ഗോളുകള്‍ നേടിയപ്പോല്‍ പോര്‍ച്ചുഗലിന്റെ റയല്‍ താരം കൃസ്റ്റിയാനോ 60 മല്‍സരങ്ങളില്‍ നിന്ന് 53 ഗോളുകളാണ് നേടിയത്.
സ്പാനിഷ് ലീഗിലാണ് സാധാരണ സൂപ്പര്‍ ഗോളുകള്‍ കാണാറുള്ളത്. ഗോള്‍വേട്ടക്കാരായ കൃസറ്റിയാനോയും മെസിയും സുവാരസും അന്റോണിയോ ഗ്രീസ്മാനുമെല്ലാം സ്‌പെയിനില്‍ കളിക്കുന്നതിനാല്‍ സ്പാനിഷ് ലീഗ് ഗോള്‍ സമ്പന്നമാവുന്നതില്‍ അതിശയമില്ല. ഒരു കാലത്ത് സ്പാനിഷ് ലാലീഗയേക്കാള്‍ ഗോള്‍ സമ്പന്നമായിരുന്നു പ്രീമിയര്‍ ലീഗ്. അലന്‍ ഷിയററും ഗാരി ലിനേക്കറും മൈക്കല്‍ ഓവനുമെല്ലം കത്തി നിന്ന ആ കാലത്തിന് ശേഷമാണ് പ്രീമിയര്‍ ലീഗ് ക്ലബില്‍ നിന്നും ഒരു സൂപ്പര്‍ സ്‌ട്രൈക്കര്‍ ഉദിച്ചുയരുന്നത്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഗോള്‍ വേട്ടയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് 260 ഗോളുകള്‍ സ്വന്തമാക്കിയ ഷിയററും 208 ഗോളുകള്‍ നേടി ഇപ്പോഴും കളിക്കുന്ന വെയിന്‍ റൂണിയും (എവര്‍ട്ടണ്‍) 175 ഗോളുകള്‍ നേടിയ ആഴ്‌സനലിന്റെ ഫ്രഞ്ച് താരം തിയറി ഹെന്‍ട്രിയും 177 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ച് ചെല്‍സിക്കാരന്‍ ഫ്രാങ്ക് ലംപാര്‍ഡുമെല്ലാമാണ്. ആ പട്ടികയില്‍ ഇപ്പോള്‍ 28-ാം സ്ഥാനത്തുണ്ട് ഹാരി. 96 ഗോളുകളാണ് അദ്ദേഹം ഇതിനകം സ്‌ക്കോര്‍ ചെയ്തിരിക്കുന്നത്. 165 ഗോളുകള്‍ കൂടി സ്വന്തമാക്കിയാല്‍ ഷിയററെയും കടത്തി വെട്ടും ഹാരി.
നിലവിലെ ഫോമില്‍ കാര്യമായ പരുക്കുകള്‍ കൂടാതെ കളിക്കാനായാല്‍ അദ്ദേഹത്തിന് ആ റെക്കോര്‍ഡ് എത്തിപിടിക്കാനാവും. ഷിയററുടെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് ഒരു കാലത്ത് കരുതപ്പെട്ട റോബി വാന്‍ പര്‍സിയും തിയറി ഹെന്‍ട്രിയും റുഡ്‌വാന്‍ നിസ്റ്റല്‍റൂയിയുമെല്ലാം കിതച്ച് മടങ്ങിയ കാഴ്ച്ചയിലും ഹാരി നല്‍കുന്ന പ്രതീക്ഷയെന്നത് അദ്ദേഹത്തോടൊപ്പം കളിക്കുന്ന താരങ്ങളാണ്. ഡാലെ അലി, കൃസ്റ്റ്യന്‍ എറിക്‌സണ് തുടങ്ങിയവരാണ് ടോട്ടനത്തില്‍ ഹാരിയുടെ സഹായികള്‍. നല്ല ഐക്യമുള്ള മുന്‍നിരയുടെ ശക്തിയാണ് ടോട്ടനത്തെ വിത്യസ്തരാക്കുന്നതും.ഫുട്‌ബോള്‍ പുരസ്‌ക്കാരങ്ങളെല്ലാം മാറി മാറി സ്വന്തമാക്കുന്ന മെസിക്കും കൃസ്റ്റിയാനോക്കും മുന്നിലേക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് ഹാരിയുടെ വരവ് എന്നതും ശ്രദ്ധേയമാണ്. കൃസ്റ്റിയാനോക്ക് പ്രായം 32, മെസിക്ക് 30. രണ്ട് പേരേക്കാള്‍ എത്രയോ ഇളയവനാണ് ഹാരി. കാലം അദ്ദേഹത്തിനായി കാത്തുനില്‍ക്കുന്നുമുണ്ട്. പക്ഷേ ഒന്നുണ്ട്- ക്ലബ് മാറിയാല്‍ കാര്യങ്ങള്‍ എളുപ്പമാവണമെന്നില്ല. വലിയ വാതില്‍ തുറക്കപ്പെടാം. പക്ഷേ അവിടെ ഇത്തരം അവസരങ്ങള്‍ ലഭിക്കണമെന്നില്ല. ടോട്ടനത്തില്‍ ഹാരി ഒന്നാമനാണ്. റയലിലോ ബാര്‍സയിലോ പോയാല്‍ ഒന്നാം പട്ടിക എളുപ്പമാവില്ല. അതിനാല്‍ കരുനീക്കങ്ങള്‍ സൂക്ഷിച്ച് വേണം.