തേര്‍ഡ് ഐ
കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലെ (2014) ഏറ്റവും നിറമുള്ള മല്‍സരങ്ങളിലൊന്നായിരുന്നു ഇറ്റലിയും ഇംഗ്ലണ്ടും തമ്മില്‍ ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ തന്നെ നടന്നത്. യൂറോപ്പിലെ രണ്ട് പരമ്പരാഗത ഫുട്‌ബോള്‍ ശക്തികള്‍. ആമസോണിലെ മനൗസിലായിരുന്നു മല്‍സരം. ഞാന്‍ താമസിച്ച സാവോപോളോയില്‍ നിന്നും 3000 കീലോമീറ്ററാണ് മനൗസിലേക്കുള്ള ദൂരം. ദീര്‍ഘയാത്ര നടത്തിയാല്‍ മറ്റ് മല്‍സരങ്ങള്‍ നഷ്ടമാവുമെന്നിരിക്കെ മനൗസിലേക്ക് പോയില്ല. ആവേശം കത്തിയ മല്‍സരത്തില്‍ ഇറ്റലി 2-1ന് വിജയിച്ചപ്പോല്‍ വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞത് അസൂരികളുടെ ഗോള്‍ സ്‌ക്കോര്‍ ചെയ്ത മര്‍ച്ചിസിയോ, മരിയോ ബലട്ടേലിയോ ആയിരുന്നില്ല-ഇംഗ്ലീഷ് മുന്‍നിരക്കാരുടെ കുതിപ്പിന് തടയിട്ട ഗോള്‍ക്കീപ്പറും ക്യാപ്റ്റനുമായ ജിയാന്‍ ലുക്കാ ബഫണായിരുന്നു. പ്രായത്തെ തോല്‍പ്പിക്കുന്ന അതുല്യ പ്രകടനങ്ങള്‍ നടത്താറുള്ള ആ ഗോള്‍ക്കീപ്പറുടെ പ്രകടനം നിശ്ചയമായും കാണണമെന്ന് കരുതിയാണ് ഇറ്റലിയുടെ രണ്ടാം മല്‍സര വേദിയായ റസിഫെയില്‍ എത്തിയത്. മധ്യ അമേരിക്കന്‍ സംഘമായ കോസ്റ്റാറിക്കക്കാരായിരുന്നു ഗ്രൂപ്പ് ഡിയിലെ പ്രതിയോഗികള്‍ എന്നതിനാല്‍ അനായാസം ഇറ്റലി ജയിക്കുമെന്നാണ് കരുതിയത്. പക്ഷേ ബ്രയന്‍ റൂയിസ് എന്ന അധികമാരുമറിയപ്പെടാത്ത താരം ബഫണ്‍ കാത്ത വലയില്‍ ഒന്നാം പകുതിയുടെ അവസാനത്തില്‍ പന്ത് എത്തിച്ചപ്പോള്‍ ഞങ്ങളെല്ലാം ഞെട്ടി. ആദ്യ മല്‍സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ സാക്ഷാല്‍ ലൂയിസ് സുവാരസിന്റെ ഉറുഗ്വേയെ മറിച്ചിട്ടായിരുന്നു കോസ്റ്റാറിക്കക്കാര്‍ വന്നത്. എങ്കിലും നാല് തവണ ലോകപ്പട്ടം സ്വന്തമാക്കിയിട്ടുളള പ്രതിരോധ മികവുള്ള ഇറ്റലിക്കാരെ വീഴ്ത്താന്‍ മാത്രം കരുത്ത് അവര്‍ക്കുണ്ടെന്ന് കരുതിയില്ല. രണ്ടാം പകുതിയില്‍ ബലട്ടോലിയും സംഘവും സര്‍വം മറന്ന് ആക്രമിച്ചെങ്കിലും കോസ്റ്റാറിക്കന്‍ വല കാത്ത കൈലര്‍ നവാസ് (ഇപ്പോഴത്തെ റയല്‍ മാഡ്രിഡ് ഗോള്‍ക്കീപ്പര്‍) വഴങ്ങിയില്ല. ഒരു ഗോളിന്റെ തോല്‍വിയില്‍ അന്ന് തല താഴ്ത്തിയ ബഫണിനെ ഒരിക്കല്‍ കൂടി കാണാന്‍ ഗ്രൂപ്പിലെ അവസാന മല്‍സര വേദിയായ നതാലിലെത്തി. ജയം നിര്‍ബന്ധമായ മല്‍സരത്തില്‍ ബഫണിന്റെ വലയില്‍ ഡിയാഗോ ഗോഡ്‌വിന്‍ എന്ന താരം പന്തെത്തിച്ചപ്പോള്‍ ഒരിക്കല്‍ കൂടി ലോകം ഞെട്ടി. അന്ന് കളം നിറഞ്ഞത് മാന്‍ ഓഫ് ദ മാച്ച് പട്ടം സ്വന്തമാക്കിയ ബഫണായിരുന്നു. ആ മല്‍സരം പക്ഷേ വലിയ വിവാദമായി. ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ചെലീനിയെ (ഇപ്പോഴത്തെ യുവന്തസ് താരം) സുവാരസ് ചെവിക്ക് കടിച്ചതും ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് സുവാരസ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതും വലിയ വാര്‍ത്തയായി മാറി.
ഈ ലോകകപ്പ് അനുഭവങ്ങള്‍ പറയാന്‍ കാരണം നാളെ നടക്കാന്‍ പോവുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ യുവന്തസിന്റെ വല കാക്കുുന്ന അവരുടെ നായകന്‍ ബഫണിനെക്കുറിച്ച് പറയാന്‍ തന്നെയാണ്. 78 ല്‍ ജനിച്ച ബഫണ്‍ പതിമൂന്നാം വയസ് മുതല്‍ ഗോള്‍ക്കീപ്പറുടെ ഗ്ലൗസ് അണിയുന്നു. ഇപ്പോള്‍ പ്രായം 39 ല്‍ നിന്നും നാല്‍പ്പതിലേക്ക് പോവുമ്പോഴും ആ ഗ്ലൗസുകള്‍ക്ക് വിശ്രമമില്ല- യുവന്തസിനായും ഇറ്റാലിയന്‍ ദേശീയ ടീമിനായും വിശ്രമമില്ലാതെ ബഫണ്‍ കളിച്ച് കൊണ്ടിരിക്കയാണ്. നാളെ കാര്‍ഡിഫിലെ മിലേനിയം സ്‌റ്റേഡിയത്തില്‍ റയല്‍ മാഡ്രിഡും അവരുടെ ലോകോത്തര പരിശീലകന്‍ സൈനുദ്ദീന്‍ സിദാനും ആരെയെങ്കിലും ഭയപ്പെടുന്നുവെങ്കില്‍ അത് ബഫണിനെയാണ്. സിദാന്‍ യുവന്തസിനായി കളിച്ച കാലത്ത് അദ്ദേഹത്തോടൊപ്പം ടീമിലുണ്ടായിരുന്നു ബഫണ്‍. സിസു കളി നിര്‍ത്തി പരിശീലക കാലം ആസ്വദിക്കുമ്പോള്‍ ചോരാത്ത കൈകളുമായി ടീമിന്റെ നട്ടെല്ലായി പ്രായത്തിന്റെ അസ്വസ്ഥകളില്ലാതെ കളി തുടരുകയാണ് ബഫണ്‍. നാളെ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നതോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്ന രണ്ടാമത്തെ പ്രായം ചെന്ന താരമെന്ന ബഹുമതി അദ്ദേഹത്തിന് സ്വന്തമാവും. ഡച്ചുകാരന്‍ വാന്‍ഡര്‍സര്‍ 41 ലും ഫൈനല്‍ കളിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തില്‍ ബഫണ്‍ പറയുന്നത് തന്റെ കാലം കഴിഞ്ഞിട്ടില്ല എന്നാണ്.
ബഫണ്‍ കളം നിറയുന്നത് ആത്മവിശ്വാസത്തിലാണ്. ഈ സീസണില്‍ യുവന്തസ് ചാമ്പ്യന്‍സ് ലീഗില്‍ ഇത് വരെ രണ്ടേ രണ്ട് ഗോളുകള്‍ മാത്രമാണ് വഴങ്ങിയതെന്നോര്‍ക്കണം. ക്വാര്‍ട്ടറില്‍ മെസിയും നെയ്മറും സുവാരസുമെല്ലാമടങ്ങുന്ന ബാര്‍സാപ്പടയുടെ തേരോട്ടത്തെ അചഞ്ചലനായി അദ്ദേഹം ചെറുത്തത് ആത്മവിശ്വാസത്തില്‍ മാത്രമായിരുന്നു. ചെലിനിയും ഡാനി ആല്‍വസും ബനുച്ചിയുമെല്ലാം കാക്കുന്ന പിന്‍നിരക്കാര്‍ ബഫണിന് തുണയായി നില്‍ക്കുമ്പോള്‍ ഏത് മുന്‍നിരക്കാരനും കാര്യങ്ങള്‍ എളുപ്പമാവില്ല. റയലിന്റെ മുന്‍നിരയില്‍ മൂന്ന് ചാട്ടൂളികളുണ്ട്. ഗോള്‍വീരനായ കൃസ്റ്റിയാനോയും അവസരവാദിയായ കരീം ബെന്‍സേമയും സ്വന്തം മൈതാനത്ത് കളിക്കുന്ന ജെറാത്ത് ബെയിലും. അവര്‍ക്ക് യുവന്തസ് പിന്‍നിരയെ കീഴ്‌പ്പെടുത്താനായാലും കോട്ട പോലെ ബഫണ്‍ ഉണ്ടാവും.
ലോക ഫുട്‌ബോള്‍ വീരഗാഥകളില്‍ എത്രയോ ഗോള്‍ക്കീപ്പര്‍മാരെ കാണാം. ലെവ് യാഷിനും പീറ്റര്‍ ഷില്‍ട്ടണും ദിനോസോഫും വാന്‍ഡര്‍സറും ഒലിവര്‍കാനുമെല്ലാം. പ്രായം ഇവര്‍ക്ക് മുന്നില്‍ തോറ്റിട്ടേയുളളു. ആ പട്ടികയില്‍ ബഫണ്‍ അംഗമാവുന്നതിന്റെ തെളിവായി ഇറ്റാലിയന്‍ ദേശീയ ടീമിന്റെ കുതിപ്പും യുവന്തസിന്റെ നേട്ടങ്ങളുമുണ്ട്. യുവെ ഈ സീസണില്‍ ഇതിനകം രണ്ട് കിരീടങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു. സിരിയ എ കിരീടവും ഇറ്റാലിയന്‍ കപ്പും. രണ്ട് ചാമ്പ്യന്‍ഷിപ്പുകളിലും ടീമിനെ നയിച്ചത് മറ്റാരുമായിരുന്നില്ല. നാളെ മൂന്നാം കിരീടത്തിലൂടെ മറ്റൊരു ചരിതം രചിക്കാന്‍ ബഫണ്‍ ഇറങ്ങുമ്പോള്‍ ഇറ്റലിക്കാര്‍ മാത്രമല്ല അദ്ദേഹത്തിനൊപ്പമുള്ളത്-ആത്മവിശ്വാസത്തിന്റെ ഫുട്‌ബോള്‍ മൈതാനത്തില്‍ പ്രായമല്ല പ്രകടനമാണ് ഒന്നാമന്‍ എന്ന് വിശ്വസിക്കുന്ന എല്ലാവരുമുണ്ടാവും. മറ്റൊരു സവിശേഷത കഴിഞ്ഞ ലോകകപ്പ് തന്നെ. അന്ന് ഇറ്റലിയും കോസ്റ്റാറിക്കയും ഏറ്റുമുട്ടിയപ്പോള്‍ അസൂരികളെ ചെറുത്തത്് കോസ്റ്റാറിക്കന്‍ കാവല്‍ക്കാരന്‍ കൈലര്‍ നവാസാണ്. ഇപ്പോള്‍ റയലിന്റെ ഗോള്‍ക്കീപ്പറാണ് നവാസ്. യുവന്തസ് സംഘത്തില്‍ കളിക്കുന്നതാവട്ടെ മിക്കവാറും ഇറ്റലിക്കാരും. ബഫണ് നവാസിനോട് കണക്ക് തീര്‍ക്കാനുണ്ട്.