X

തേര്‍ഡ് ഐ: വിനയായത് മാറ്റങ്ങള്‍- കമാല്‍ വരദൂര്‍

പരിശീലകന്‍ അഥവാ മാനേജര്‍ക്ക് ഫുട്‌ബോള്‍ മൈതാനത്ത് വലിയ റോളില്ലെന്നത് സത്യം. കളിക്ക് മുമ്പും ഇടവേളയിലും താരങ്ങളോട് ഗെയിം പ്ലാന്‍ സംസാരിക്കാം, നിലപാട് വ്യക്തമാക്കാം, കോച്ചിന്റെ മുഖ്യ റോള്‍ സബ്‌സ്റ്റിറ്റിയൂഷനാണ്- കളത്തില്‍ മങ്ങുന്നവരെ മാറ്റുക, കളിയുടെ ഗതിക്കനുസരിച്ച് അനുയോജ്യ സബ്‌സ്റ്റിറ്റിയൂഷന്‍ വരുത്തുക. ചിലപ്പോള്‍ സബ്‌സ്റ്റിറ്റിയൂഷന്‍ ക്ലിക് ചെയ്യും. ചിലപ്പോള്‍ തിരിച്ചടിക്കും. ഇന്നലെ രണ്ട് പരിശീലകരെയുമെടുക്കുക. കാര്‍ലോസ് അന്‍സലോട്ടി എന്ന റയല്‍ സീനിയര്‍ കോച്ച് റോഡ്രിഗോ, എഡ്വാര്‍ഡോ കമുവിംഗ എന്നീ താരതമ്യേന ജുനിയേഴ്‌സിനെയാണ് രംഗത്തിറക്കിയത്. അദ്ദേഹം പിന്‍വലിച്ചതാവട്ടെ വിലയേറിയ രണ്ട് സീനിയേഴ്‌സിനെ- ലുക്കാ മോദ്രിച്ചിനെയും ടോണി ക്രൂസിനെയും. അതേ സമയം തന്നെ പെപ് ഗുര്‍ഡിയോളയിലെ പരിശീലകന്‍ സ്വന്തം നായകന്‍ കെവിന്‍ ഡി ബ്രുയനെയും അതിമനോഹരമായ ഗോള്‍ സ്വന്തമാക്കിയ റിയാദ് മെഹ്‌റസിനെയും തിരികെ വിളിച്ചു. പകരമിറക്കിയത് ജാക് ഗ്രിലിഷ്, ഫെര്‍ണാണ്ടിഞ്ഞോ എന്നിവരെ. ഇതില്‍ കുറ്റം കാണാന്‍ കഴിയില്ല. സബ്‌സ്റ്റിറ്റിയൂഷന്‍ കോച്ചിന്റെ സ്വാതന്ത്ര്യമാണ്. ഓര്‍മയില്ലേ മലപ്പുറത്ത് നടന്ന സന്തോഷ് ട്രോപി സെമിയില്‍ കര്‍ണാടക്കെതിരെ ഒരു ഗോളിന് പിന്നില്‍ പോയപ്പോഴാണ് കേരളാ കോച്ച് ബിനോ ജോര്‍ജ്ജ് 20-കാരനായ ജെസിന്‍ തോണിക്കര എന്ന താരത്തെ രംഗത്തിറക്കിയത്. ആ യുവതാരം അഞ്ച് ഗോളും നേടി. അത് ഭാഗ്യ നീക്കമായിരുന്നു. ഇത്തരത്തിലുള്ള സബ്‌സ്റ്റിറ്റിയൂഷന്‍ ക്ലിക് ചെയ്താല്‍ കോച്ചിന് മാര്‍ക്ക് വീഴും.

പക്ഷേ പെപ് എന്ന പരിശീലകന്‍ ഫോമില്‍ നില്‍ക്കുന്ന രണ്ട് പേരെയാണ് പിന്‍വലിച്ചത്. ഇതിന്റെ കാരണമാണ് മനസിലാവാത്തത്. കളി കണ്ടവര്‍ക്കെല്ലാമറിയാം എത്ര സുന്ദരമായാണ് കെവിന്‍ കളിച്ചതെന്ന്. അദ്ദേഹത്തില്‍ പന്ത് കിട്ടുമ്പോള്‍ റയല്‍ പ്രതിരോധം പതറുന്നു. മെഹ്‌റസ് നേടിയ ഗോള്‍ പവര്‍ ഗോളായിരുന്നു. കിടിലന്‍ കിക്ക്. രണ്ട് പേരെയും പിന്‍വലിച്ചതോടെ സിറ്റിയുടെ മധ്യനിര ദരിദ്രമായി എന്നതാണ്് സത്യം. പിന്നെ നല്ല നീക്കം പോലും കണ്ടില്ല. റയലിനെ പോലെ ഒരു ടീമിനെതിരെ രണ്ട് സീനിയേഴ്‌സിനെ-അതും മനോഹരമായി കളിക്കവെ പിന്‍വലിച്ചതിലെ ബുദ്ധി എന്തായാലും അംഗീകരിക്കാനാവില്ല. പെപ് ഇത് മുമ്പും ചെയ്തിട്ടുണ്ട്. വിമര്‍ശകരുടെ ഇരയുമായിട്ടുണ്ട്. അദ്ദേഹം താരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ല. പലപ്പോഴും ശക്തമായി ഇടപെടുന്നു. സബ്സ്റ്റിറ്റിയൂഷന്‍ കാര്യത്തില്‍ സഹ പരിശീലകരുമായി പോലും സംസാരിക്കുന്നില്ല. ഇതാദ്യമായിട്ടല്ല പെപിന് പിഴക്കുന്നത്. അന്‍സലോട്ടിയിലെ സീനിയറാവട്ടെ താരങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി. രണ്ട് യുവാക്കളില്‍ അദ്ദേഹം വിശ്വാസമര്‍പ്പിച്ചുവെന്ന് മാത്രമല്ല ഒരിക്കല്‍ പോലും ഡഗൗട്ടില്‍ സമ്മര്‍ദ്ദം പ്രകടിപ്പിച്ചില്ല. ഫോമില്‍ അല്ലാതിരുന്നിട്ടും, ഇടക്ക് പരുക്കേറ്റിട്ടും ബെന്‍സേമയിലെ നായകനെ അദ്ദേഹം പിന്‍വലിച്ചില്ല. അദ്ദേഹത്തിനറിയാമായിരുന്നു ഏത് സമയത്തും അപകടകാരിയാവാന്‍ തന്റെ നാകനാവുമെന്ന്. അപ്പോള്‍ വിശ്വാസമാണ് വിജയത്തില്‍ പ്രധാനം. പെപ്പിനോട് വിരോധം ആര്‍ക്കുമില്ല. പക്ഷേ അദ്ദേഹത്തിലെ കോച്ച് അല്‍പ്പമധികം താര സൗഹൃദമാവണം

Test User: