X

റഫറീമാരേ, ചുവപ്പും മഞ്ഞയും മാത്രമല്ല കളിമുറ്റം

തേര്‍ഡ് ഐ കമാല്‍ വരദൂര്‍

ഇങ്ങനെയൊരു റെഡ് കാര്‍ഡ്… ഒരിക്കലും ബഫണ്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. അവസാന ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ചുവപ്പിന്റെ വേദന. 2006 ലെ ലോകകപ്പ് ഫൈനലില്‍ കിരീടത്തിന് തൊട്ടരികില്‍ ചുവപ്പ് കണ്ട് പുറത്തായ സൈനുദ്ദീന്‍ സിദാന്റെ അതേ വേദന ഒരു പക്ഷേ ബഫണും അറിഞ്ഞിരിക്കും. ലോകകപ്പിന്റെ ഫൈനലില്‍ മാര്‍ക്കോ മറ്റരേസി നടത്തിയ മോശം പരാമര്‍ശങ്ങളില്‍ കുപിതനായ സിദാന്‍ മറ്റരേസിയെ ഇടിച്ചുവീഴ്ത്തിയപ്പോള്‍ ലോക ഫുട്‌ബോള്‍ ദര്‍ശിച്ച ഏറ്റവും വേദനാജനകമായ ചുവപ്പാണ് ഉയര്‍ന്നിരുന്നത്. മൈതാനത്ത്് വെച്ച ലോകകപ്പിനരികിലൂടെ തല താഴ്ത്തി മടങ്ങിയ സിസു-ഇപ്പോഴും ആ വേദന ഫുട്‌ബോള്‍ ലോകത്തിന്റെ മനസ്സിലുണ്ട്.

ബഫണ്‍-ഫുട്‌ബോള്‍ ലോകം മറക്കാത്ത ഗോള്‍ക്കീപ്പര്‍. ഇറ്റലി ഇത്തവണ ലോകകപ്പിന് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ രാജ്യാന്തര ഫുട്‌ബോള്‍ വിട്ട താരം. റഷ്യയില്‍ കളിച്ച് ലോകകപ്പ് ആരവങ്ങളില്‍ വിരമിക്കാന്‍ മോഹിച്ച താരത്തിന് അതിന് കഴിയാതെ വന്നത് വലിയ നിരാശയാണെങ്കില്‍ ചാമ്പ്യന്‍സ് ലീഗില്‍ അദ്ദേഹത്തിന്റെ ടീം നടത്തിയ തിരിച്ചുവരവ് രാജകീയമായിരുന്നു. ടൂറിനില്‍ നടന്ന ആദ്യപാദത്തില്‍ മൂന്ന് ഗോളിന് തോറ്റ ടീം റയലിന്റെ മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബുവിലേക്ക് വന്നത് പ്രതീക്ഷകളൊന്നുമില്ലാതെയായിരുന്നു. പക്ഷേ ഏവരെയും അമ്പരപ്പിച്ച് കൊണ്ട് അവര്‍ പ്രകടിപ്പിച്ചത് ഇറ്റാലിയന്‍ വീര്യമായിരുന്നു. അതിന് നേതൃത്വം നല്‍കിയതാവട്ടെ ബഫണും. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനോടേറ്റ പരാജയത്തിന് പകരം വീട്ടുന്നത് പോലെ മൂന്ന് കിടിലന്‍ ഗോളുകള്‍. മല്‍സരം 3-3 ല്‍ നില്‍ക്കവെ ഇംഗ്ലീഷുകാരനായ റഫറിയുടെ പെനാല്‍ട്ടി തീരുമാനം. ആ ഫൗള്‍ പെനാല്‍ട്ടി അര്‍ഹിച്ചിരുന്നോ എന്നത് ചര്‍ച്ചാ വിഷയമാണ്-പക്ഷേ തൊട്ടരികില്‍ നില്‍ക്കുന്ന ബഫണ്‍ അത് നേരില്‍ കാണുന്നുണ്ടായിരുന്നു. തന്റെ ഡിഫന്‍ഡര്‍ റയല്‍ മധ്യനിരക്കാരനെ മന:പ്പൂര്‍വ്വം ദ്രോഹിച്ചിട്ടില്ലെന്ന് ബഫണ്‍ റഫറിയോട് ആവര്‍ത്തിച്ചിട്ടും അദ്ദേഹം വഴങ്ങാതെ വന്നപ്പോള്‍ നടത്തിയ ആക്രോശം-അത് ചുവപ്പായി ഉയരുമെന്ന് ആരും കരുതിയില്ല.

അവസാന ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ചുവപ്പിന്റെ വേദന. ബഫണ്‍ നടന്നകന്നപ്പോള്‍ അത് ഫുട്‌ബോള്‍ ലോകത്തിന്റെ മറ്റൊരു കണ്ണീര്‍ മുഹൂര്‍ത്തമായിരുന്നു. പെനാല്‍ട്ടി കിക്കെടുത്ത കൃസ്റ്റിയാനോക്ക് പിഴച്ചില്ല. യുവന്തസ് പുറത്തായ ആ മുഹൂര്‍ത്തത്തിലും ചുവപ്പിന്റെ വേദന മറക്കാന്‍ കഴിയാതെ ബഫണ്‍ അനുമോദിച്ചത് റയലിനെയായിരുന്നു. അതായിരുന്നു ആ മഹാനായ താരത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്. വിജയം അര്‍ഹിക്കുന്ന പ്രകടനമാണ് റയല്‍ നടത്തിയതെന്ന് കൃസ്റ്റിയാനോയെ സാക്ഷിയാക്കിയാണ് അദ്ദേഹം പറഞ്ഞത്. കളത്തിലെ വീര്യം കളത്തിന് പുറത്തില്ലെന്ന് തെളിയിച്ച് കൃസ്റ്റിയാനോയും ബഫണെ അനുമോദിച്ചു. ചാമ്പ്യന്‍സ് ലീഗിന്റെ വലിയ മൈതാനങ്ങളില്‍ ബഫണ്‍ ഇനിയില്ല. എത്രയോ മികച്ച ഗോള്‍ക്കീപ്പര്‍മാരെ കണ്ട ലോക ഫുട്‌ബോള്‍ ഇത്രയും ജീവനുള്ള ഒരു ഗോള്‍ക്കീപ്പറെ ഇതിന് മുമ്പ് കണ്ടിട്ടില്ല. യുവന്തസിന്റെയും ഇറ്റലിയുടെയും കുപ്പായത്തില്‍ മാത്രം കളിച്ച താരത്തെ ഒരിക്കലും ലോകം മറക്കില്ല. ലോക ഫുട്‌ബോളിലെ എത്രയോ ഉന്നതര്‍ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടാന്‍ കഴിയാതെ കളിമുറ്റം വിട്ടവരാണ്. പാവല്‍ നെദ്‌വദേവും ലോത്തര്‍ മത്തേവൂസും സുല്‍ത്താന്‍ ഇബ്രാഹീമോവിച്ചും ബ്രസീലിന്റെ സാക്ഷാല്‍ റൊണാള്‍ഡോയും പാട്രിക് വിയേരയുമെല്ലാം കപ്പിനരികിലെത്തി മടങ്ങിയവരാണ്. അതേ നിയോഗമാണ് ബഫണും. പലവട്ടം അദ്ദേഹവും സഹതാരം ചെലീനിയുമെല്ലാം കപ്പിന് അരികിലെത്തി. പക്ഷേ തൊടാനായില്ല.

ഇനി റഫറിമാരോട്-നിങ്ങളുടെ തീരുമാനം അന്തിമമാണ്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ കളത്തില്‍ പൊരുതുന്ന താരങ്ങളെയും നിങ്ങള്‍ മനസ്സിലാക്കണം. മൈക്കല്‍ ഒലിവര്‍ എന്ന ഇംഗ്ലീഷുകാരന്‍ റഫറി ചുവപ്പ് ഉയര്‍ത്തിയത് തന്റെ അവസാന ചാമ്പ്യന്‍സ് ലീഗ് മല്‍സരം കളിക്കുന്ന ഒരു താരത്തിന് നേരെയാണ്. അതും 18-ാം വയസ്സില്‍ കളി തുടങ്ങി നാല്‍പ്പതിലും അചഞ്ചലനായി നില്‍ക്കുന്ന ഒരു ഗോള്‍ക്കീപ്പര്‍ക്ക് നേരെ. രോഷത്തില്‍ ആ ഗോള്‍ക്കീപ്പര്‍ പലതും വിളിച്ച് പറഞ്ഞില്ലേ-അത് അദ്ദേഹത്തിന്റെ മനസ്സാണ്. ഇറ്റലിക്കായി ലോകകപ്പ് കളിച്ച് വിരമിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. നടന്നില്ല. ചാമ്പ്യന്‍സ് ലിഗ് കിരീടത്തില്‍ ഒരു തവണയെങ്കിലും മുത്തമിടാന്‍ കൊതിച്ചു. അതാവട്ടെ ചുവപ്പില്‍ തകര്‍ന്നു. റഫറിമാരേ-നിങ്ങള്‍ക്ക് കളിയെന്നാല്‍ അത് മഞ്ഞയും ചുവപ്പുമാണ്. പക്ഷേ കളിക്കാരന് കളിയെന്നാല്‍ അത് ജീവിതമാണ്. അവന്റെ ശ്വാസോഛാസങ്ങളെയാണ് നിങ്ങള്‍ കാര്‍ഡുമായി ഇല്ലാതാക്കുന്നത്. ബഫണ് ഇനി ചാമ്പ്യന്‍സ് ലീഗില്ല. ആ നിരാശ അദ്ദേഹത്തെ എന്നും വേട്ടയാടും. കളിച്ചാണ് തോറ്റതെങ്കില്‍ അത് കളിയുടെ രസതന്ത്രമാണ്. ഇത് താങ്കളുടെ സഹായത്തലാണ് ജയിച്ചിരിക്കുന്നത്. ഇവിടെ തോല്‍ക്കുന്നത് ബഫണ്‍ മാത്രമല്ല ഫുട്‌ബോള്‍ കൂടിയാണ്. താങ്കളുടെ വിസില്‍ കളിയുടെ സത്യ വിസിലാവണം-അല്ലാതെ തന്നിഷ്ട വിസിലാവരുത്.

chandrika: