X

ഇതാണ് ഹൃദയ സോക്കര്‍

ഒമാനെതിരെ അഞ്ച് ദിവസം മുമ്പായിരുന്നു ആ പരാജയം. 82 മിനുട്ട് വരെ ലീഡ് ചെയ്ത ടീം പിന്നെ രണ്ട് ഗോള്‍ വാങ്ങി പരാജയപ്പെടുന്നു.. അന്ന് ആ ശപിക്കപ്പെട്ട എട്ട് മിനുട്ടിനല്‍ തല താഴ്ത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഫുട്‌ബോള്‍ എന്ന സുന്ദര ഗെയിമിന്റെ അതിജീവന സൗന്ദര്യം ഖത്തറിന് കാണിച്ച് കൊടുത്തു. ഖത്തര്‍ ചില്ലറക്കാരായിരുന്നില്ല. ഏഷ്യന്‍ ചാമ്പ്യന്മാരാണ്. ലോകോത്തര താരങ്ങളുടെ പിന്തുണ അവര്‍ക്കുണ്ടായിരുന്നു. ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തിലാവട്ടെ നിറയെ ഖത്തരികളും. പക്ഷേ പിഴവില്‍ നിന്നും പാഠം പഠിച്ചിരുന്നു ഇഗോര്‍ സ്റ്റിമോക്കിന്റെ കുട്ടികള്‍. നായകന്‍ സുനില്‍ ഛേത്രിയുണ്ടായിരുന്നില്ല. ഗോഹട്ടിയില്‍ പറന്ന് കളിച്ച ആഷിഖ് ഉണ്ടായിരുന്നില്ല. പക്ഷേ ഗുര്‍പ്രീത് എന്ന ഗോള്‍ക്കീപ്പര്‍ നായകന്‍ പാറ പോലെ ഉറച്ച് നിന്നു. എത്രയെത്ര സുന്ദര സേവുകള്‍. ആ സേവുകള്‍ക്ക് എങ്ങനെ നന്ദി പറയും. ഗുര്‍പ്രീത്, താങ്കള്‍ തന്നെയാണ് ഹീറോ….. ഒമാനെതിരായ മല്‍സരത്തിന്റെ അവസാന എട്ട് മിനുട്ടില്‍ രണ്ട് ഗോള്‍ താങ്കള്‍ വഴങ്ങിയെങ്കില്‍ ഇന്നലെ ഖത്തറില്‍ താങ്കള്‍ പ്രകടിപ്പിച്ച മികവിനെ വര്‍ണിക്കാന്‍ വാക്കുകളില്ല. ഇതാണ് ഫുട്‌ബോള്‍. നിങ്ങള്‍ ഫുട്‌ബോളിനെ ഹൃദയം കൊണ്ട് കളിക്കണം. മനസ് കൊണ്ട് കളിക്കണം. ആ കളിയില്‍ പ്രതിയോഗികള്‍ ആരായാലും അവരെ നേരിടാനാവും. സഹല്‍ അബ്ദുള്‍ സമദ് എന്ന കൊച്ചു താരം. എത്ര മനോഹരമായാണ് മധ്യനിരയില്‍ അവന്‍ കളിച്ചത്. മനോഹരമായ പാസുകള്‍. അതിവേഗതയിലുള്ള ആന്റിസിപ്പേഷന്‍. രണ്ടാം പകുതിയിലെ കോര്‍ണറില്‍ നിന്നുള്ള ആ കിടിലന്‍ ഷോട്ട് നേരിയ മാര്‍ജിനില്‍ പുറത്തായ കാഴ്ച്ചയിലുണ്ട് സഹല്‍ എന്ന മിന്നും താരം. അനിരുദ്ധ് ഥാപ്പയെ എങ്ങനെ മറക്കും. മധ്യനിരയിലെ യന്ത്രം. പിന്‍നിരയില്‍ ജിങ്കാനും ബോര്‍ജസുമെല്ലാം ഗംഭീരമായി. ഈ സമനിലക്ക് വിജയത്തിന്റെ മധുരമുണ്ട്. കാരണം ഏഷ്യന്‍ ചാമ്പ്യന്മാരെ അവരുടെ തട്ടകത്തിലാണ് തളച്ചത്. കണക്കില്‍ ഖത്തറായിരുന്നു മുന്നില്‍. 15 കോര്‍ണറുകള്‍, 27 ഗോള്‍ ഷോട്ടുകള്‍. പക്ഷേ ഒമാന്‍ നല്‍കിയ പാഠമായിരുന്നു ഇന്ത്യന്‍ കരുത്ത്. ആ പാഠത്തില്‍ വേദനയുണ്ടായിരുന്നു. ആ വേദനക്കുള്ള മരുന്നാണ് ഈ സമനില.

web desk 1: