കമാല്‍ വരദൂര്‍
ലിയോ മെസിയാണ് മൈതാനത്ത് കളിക്കുന്നതെങ്കില്‍ ഗോളുകളുടെ സൗന്ദര്യം വിവരിക്കാന്‍ പുതിയ വിശേഷണങ്ങള്‍ വേണ്ടി വരും. കളി പറയുന്ന ടെലിവിഷന്‍ കമന്റേറ്ററും ഓണ്‍ലൈനില്‍ തല്‍സമയം കളിയെ അപഗ്രഥിക്കുന്നവര്‍ക്കും വാര്‍ത്തകള്‍ എഴുതുന്ന റിപ്പോര്‍ട്ടറും വാട്ട്‌സാപ്പില്‍ ദൃശ്യങ്ങളെ വിവരിക്കുന്നവര്‍ക്കുമെല്ലാം മെസിയുടെ ഗോളുകളില്‍ പതിവ് വിശേഷണങ്ങള്‍ പറഞ്ഞ് മടുത്തിരിക്കുന്നു. ഫന്റാസ്റ്റിക്, മാര്‍വലസ്, അണ്‍ ബിലിവബിള്‍ തുടങ്ങി ഇംഗ്ലീഷില്‍ കളി പറയുന്നവര്‍ ഒരേ പദങ്ങള്‍ തന്നെ ആവര്‍ത്തിക്കുമ്പോള്‍ മലയാളത്തില്‍ അത് സുന്ദര ഗോളും അപൂര്‍വ്വ ഗോളും അതി മനോഹര ഗോളുമെല്ലാമായി പതിവ് ലൈനില്‍ പോവുന്നു. കഴിഞ്ഞ ഒരാഴ്ച്ച മാത്രം എടുക്കു-അദ്ദേഹം സ്പാനിഷ് ലാലീഗയില്‍ നേടിയ മൂന്ന് സൂപ്പര്‍ ഫ്രീകിക്ക് ഗോളുകള്‍-എല്ലാം വിത്യസ്തം, ഒന്നിനൊന്ന് മഹത്തരം. ഏത് പദവിന്യാസങ്ങള്‍ ഉപയോഗിച്ചാലും ആ ഗോളുകളുടെ മികവിനെ അളക്കാനാവുന്നില്ല. ജിറോനക്കെതിരായ ഫ്രീകിക്ക് ഗോള്‍ മെസി സ്‌ക്കോര്‍ ചെയ്യുമ്പോള്‍ കമന്റേറ്റര്‍ പറഞ്ഞു- വാട്ട് എ ഗോള്‍…! ജിറോനയുടെ പെനാല്‍ട്ടി ബോക്‌സിന് സമീപത്ത് നിന്നും മെസി ഫ്രീകിക്ക് എടുക്കാന്‍ വരുമ്പോള്‍ മുന്നില്‍ എട്ട് പേരുടെ പ്രതിരോധ മതില്‍. ഗോള്‍ക്കീപ്പറെയും ഗോള്‍ വലയത്തെയും കൃത്യമായി കാണാന്‍ കഴിയാത്ത അവസ്ഥ. പക്ഷേ പ്രതിരോധ മതിലിലെ ചെറിയ വിള്ളല്‍ മെസി കാണുന്നു. ആ വിള്ളല്‍ അദ്ദേഹത്തിന്റെ ഗോള്‍ മുഖമായി. ലാസ് പാമസിനെതിരായെ മല്‍സരം. ഫ്രീകിക്ക് പെനാല്‍ട്ടി ബോക്‌സിന് പുറത്ത്. മുന്നില്‍ മതില്‍. പക്ഷേ മതിലിന്റെ ശക്തിയെ പരിഹസിച്ച് വളഞ്ഞുള്ള കിക്ക് പോസ്റ്റില്‍ പതിച്ചപ്പോള്‍ ടെലിവിഷന്‍ കമന്റേറ്റര്‍ ആര്‍ത്തുവിളിച്ചു-ദിസ് ഈസ് മെസി. ഒരു ദിവസം മുമ്പ് നുവോ കാമ്പില്‍ പ്രതിയോഗികള്‍ ശക്തരായ അത്‌ലറ്റികോ മാഡ്രിഡ്. ബാര്‍സയുടെ കിരീടത്തിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്ന സിമയോണി സംഘം. മല്‍സരം 26 മിനുട്ട് പിന്നിടുമ്പോള്‍ അത്‌ലറ്റികോ ഗോള്‍മുഖത്ത് നിന്നും 25 അടി അകലെ ബാര്‍സക്ക് ഫ്രീകിക്ക്. മെസിക്ക് മുന്നില്‍ പന്ത്. അത്‌ലറ്റികോ ഗോള്‍ക്കീപ്പര്‍ ജാന്‍ ഒബ്‌ലാക് തനിക്ക് മുന്നില്‍ കൂട്ടുകാര്‍ ഉയര്‍ത്തിയ മതിലില്‍ വിളളല്‍ ഇല്ലെന്ന് ഉറപ്പ് വരുത്തി. അദ്ദേഹം ഗോള്‍ലൈനിന്റെ മധ്യത്തില്‍ നിലയുറപ്പിച്ചു. റഫറിയുടെ വിസില്‍-മെസി മുന്നോട്ട് വരുന്നു. ഇടത്് ഭാഗത്ത് നിന്നും വലത് ഭാഗം ലക്ഷ്യമാക്കിയുള്ള പവര്‍ഫൂള്‍ ഷോട്ട്-പന്ത് മതിലും കടന്ന്, ഗോള്‍ക്കീപ്പറുടെ ജാഗ്രതാ കണ്ണുകളെയും തോല്‍പ്പിച്ച് ഇടത് മൂലയിലേക്ക്….., മെസി സിഗ്നേച്ചര്‍…. അതായിരുന്നു കമന്റേറ്റര്‍ക്ക് പറയാനുണ്ടായിരുന്നത്്. ബാര്‍സക്ക് വേണ്ടി അദ്ദേഹം നേടുന്ന അറുന്നൂറാമത്തെ ഗോള്‍.
ഒരാഴ്ച്ചക്കിടെ രണ്ട് ഹാട്രിക്കുകളുമായി കളം നിറഞ്ഞ അന്റോണിയോ ഗ്രീസ്മാന്‍ എന്ന ഫ്രഞ്ചുകാരന്‍ അത്‌ലറ്റികോ സംഘത്തിലുണ്ടായിരുന്നു. അദ്ദേഹം പോലും തലയില്‍ കൈവെച്ചു-മെസി ഗോള്‍ കണ്ടിട്ട്. ഫുട്‌ബോള്‍ ലോകം മെസിയെന്ന ഇതിഹാസത്തിന്റെ ഗോള്‍ വേട്ട കാണാന്‍ തുടങ്ങിയിട്ട് വര്‍ഷം പതിമൂന്നായിരിക്കുന്നു. 2005 ല്‍ കുട്ടിതാരമായി ബാര്‍സയിലെത്തി അല്‍ബസറ്റക്കെതിരെ ആദ്യ ഗോള്‍ നേടി തുടങ്ങിയ ജീവിതം. അടുത്ത വര്‍ഷം അര്‍ജന്റീനയുടെ ദേശീയ കുപ്പായത്തില്‍ ക്രൊയേഷ്യക്കെതിരെ ഗോള്‍ അരങ്ങേറ്റം. അതിന് ശേഷം ബാര്‍സക്കായും അര്‍ജന്റീനക്കായും മെസി നേടിയ ഗോളുകള്‍ക്ക് കണക്കില്ല. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗോളുകളുടെ പട്ടിക എടുത്താലും കണ്‍ഫ്യൂഷനാണ്. എല്ലാ ഒന്നിനൊന്ന് മികച്ചവ. 2007 ഏപ്രില്‍ 19 ന് ഗറ്റാഫെക്കെതിരെ നേടിയ ഫ്രീകിക്ക് ഗോള്‍ മെസിയെന്ന നീളന്‍ മുടിക്കാരന്റെ വരവറിയിക്കുന്നതായിരുന്നു. 2010 ല്‍ റയല്‍ സരഗോസക്കെതിരെ നേടിയ ഗോള്‍, 2011 ഏപ്രില്‍ 27 ന് റയല്‍ മാഡ്രിഡിനെതിരെ നേടിയ ഗോളിനെ കുറിച്ച് സാവി ഫെര്‍ണാണ്ടസ് പറഞ്ഞത് ലോക ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച ഗോള്‍ എന്നാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി റയലിന്റെ മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടക്കുമ്പോള്‍ സെര്‍ജിയോ ബെസ്‌ക്കിറ്റസിന്റെ പാസില്‍ നാല് റയല്‍ ഡിഫന്‍ഡര്‍മാരെയും പിന്നെ അവരുടെ വിശ്വസ്തനായ ഗോള്‍ക്കീപ്പര്‍ ഇകാര്‍ കാസിയസിനെയും പരാജയപ്പെടുത്തിയുള്ള ഗോള്‍. 2015 മെയ് ആറിന് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ലോകം കണ്ട ഏറ്റവും മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരില്‍ ഒരാളായ ബയേണ്‍ മ്യുണിച്ചിന്റെ ജെറോം ബോയ്താംഗിനെ നിഷ്പ്രഭമാക്കിയ ആ ഗോള്‍ എങ്ങനെ മറക്കും. മൂന്ന് വര്‍ഷം മുമ്പ് കിംഗ്‌സ് കപ്പ് ഫൈനലില്‍ അത്‌ലറ്റികോ ബില്‍ബാവോക്കെതിരെ നേടിയ ഗോള്‍…… അങ്ങനെ എത്രയെത്ര ഗോളുകള്‍..
ഓരോ ഗോളുകള്‍ പിറക്കുമ്പോഴും ഞങ്ങള്‍ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥിരം വിശേഷണങ്ങള്‍ നല്‍കുന്നു. ആ വിശേഷണ പദങ്ങള്‍ വായിച്ച് വായനക്കാര്‍ക്കും മടുത്തിരിക്കുന്നു. ഇനി എന്ത് പദങ്ങള്‍ നല്‍കും….? കണ്‍ഫ്യൂഷന്‍…!