X

മൂന്നാമത് മറ്റൊരു ഡോസ് വാക്‌സീന്‍ അനുവദിക്കണമെന്ന് ഹര്‍ജി; മാര്‍ഗനിര്‍ദേശമില്ലെന്ന് കേന്ദ്രം

കൊച്ചി: രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് മൂന്നാമത് മറ്റൊരു ഡോസ് കൂടി എടുക്കുന്ന കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോവാക്‌സീന് വിദേശത്ത് അംഗീകാരം ഇല്ലാത്തതിനാല്‍ മൂന്നാമത് ഒരു ഡോസ് മാറി എടുക്കാന്‍ അനുവദിക്കണം എന്ന ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ മറുപടി. കണ്ണൂര്‍ സ്വദേശി ഗിരീഷ് കുമാറാണ് മൂന്നാം ഡോസ് എടുക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇയാള്‍ക്ക് സൗദിയില്‍ പോകാന്‍ അംഗീകാരമുള്ള വാക്‌സീന്‍ സ്വീകരിക്കേണ്ട ആവശ്യമുണ്ട് എന്നാണ് അറിയിച്ചിരിക്കുന്നത്.

ബൂസ്റ്റര്‍ ഡോസായി മറ്റൊരു വാക്‌സീന്‍ സ്വീകരിക്കാമോ, സമ്മിശ്രമായി വാക്‌സീനുകള്‍ സ്വീകരിക്കാനാകുമോ എന്ന ചോദ്യങ്ങളാണ് കോടതിക്കു മുമ്പിലെത്തിയത്. ഈ രണ്ട് ആവശ്യങ്ങളിലും അനുകൂല മറുപടി നല്‍കാവുന്ന സാഹചര്യമില്ല എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. ഇതു സംബന്ധിച്ച പഠനങ്ങളും പരീക്ഷണങ്ങളും പുരോഗമിക്കുന്നു എന്നല്ലാതെ മൂന്നാമത് ഒരു ഡോസ് വാക്‌സീന്‍ സ്വീകരിക്കാന്‍ നിലവില്‍ മാര്‍ഗനിര്‍ദേശം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഹര്‍ജി വരുന്ന 28നു പരിഗണിക്കാന്‍ മാറ്റിവച്ചിട്ടുണ്ട്.

നേരത്തേ കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് സ്പുട്‌നിക് പോലെയുള്ള വാക്‌സീന്‍ മൂന്നാം ബൂസ്റ്ററായി എടുക്കാം എന്ന രീതിയില്‍ പഠനങ്ങള്‍ പുറത്തു വന്നിരുന്നു. ആരോഗ്യ വിദഗ്ധരും ഇതു ശരിവച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതു സംബന്ധിച്ച് കൃത്യമായ പഠന വിവരങ്ങള്‍ ലഭിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.

 

Test User: