ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വംശജനു നേരെ ആക്രമണം. കെന്റ് നഗരത്തിലായിരുന്നു സംഭവം.
രണ്ടാഴ്ചക്കിടെ യു.എസില്‍ ഇന്ത്യന്‍ വംശജര്‍ക്കു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. 39കാരനായ സിഖ് വംശജനാണ് ആക്രണത്തിനിരയായത്. ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകട നില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.
മുഖംമൂടി ധരിച്ചെത്തിയയാളാണ് ‘നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോകണ’മെന്നാവശ്യപ്പെട്ട് വെടിവെപ്പു നടത്തിയത്. അക്രമി ഉടന്‍തന്നെ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കെന്റ് പൊലീസ് മേധാവി കെന്‍ തോമസ് പറഞ്ഞു. എഫ്.ബി.ഐയേയും ഇതര അന്വേഷണ ഏജന്‍സികളേയും വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ വംശജര്‍ക്കുനേരെ നിരന്തരം ആക്രമണമുണ്ടാകുന്നത് സംബന്ധിച്ചും അന്വേഷണ സംഘം പരിശോധിക്കുമെന്ന് പൊലീസ് കമാന്‍ഡര്‍ ജെറോഡ് കാസ്‌നെര്‍ പറഞ്ഞു.
സംഭവം സംബന്ധിച്ച് പ്രാദേശിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ പറഞ്ഞു. യു.എസ് ജനപ്രതിനിധി സഭയിലെ ഇന്ത്യന്‍ വംശജയായ പ്രമീള ജെയ്പാലിന്റെ മണ്ഡലമായ സീറ്റിലില്‍നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെയാണ് വെടിവെപ്പുണ്ടായ കെന്റ്. സിഖ് സമൂഹത്തിന്റെ രക്ഷക്കായി ആയിരക്കണക്കിന് പേരുടെ പ്രാര്‍ത്ഥനയുണ്ടെന്നും ഹീനമായ ഈ കുറ്റകൃത്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പ്രമീള ജെയ്പാല്‍ ട്വീറ്റ് ചെയ്തു.