X

യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ ബോംബേറ്; ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു

തില്ലങ്കേരി: കഴിഞ്ഞദിവസം ഉപതെരഞ്ഞെടുപ്പ് നടന്ന തില്ലങ്കേരി ഡിവിഷനിലെ കാക്കയങ്ങാട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന രാമകൃഷ്ണന്റെ വീടിന് നേരെ ബോംബേറ്. കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം വൈസ് പ്രസിഡന്റാണ് രാമകൃഷ്ണന്‍.

ഇന്നലെ രാത്രി 2.45 ഓടെ ഒരു സംഘം ആളുകള്‍ വീടിന് നേരെ ബോംബ് എറിയുകയായിരുന്നു. വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

തെരഞ്ഞെടുപ്പ് പ്രചരണ വേളയിലും തെരഞ്ഞെടുപ്പ് ദിവസവും രാമകൃഷ്ണന് നേരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പഞ്ചായത്തിലെ യുഡിഎഫിന്റെ മിക്ക ബൂത്ത് ഏജന്റ്മാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്ക് നേരേയും സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റവും അക്രമവും നടത്തിയിരുന്നു.ഉപതെരഞ്ഞെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി ബൂത്തില്‍ നിന്ന് സിപിഎം നേതാക്കളുടെ ആവശ്യപ്രകാരം പ്രിസൈഡിംഗ് ഓഫീസര്‍ ഇറക്കിവിട്ട സംഭവം വിവാദമായിരുന്നു.

സിപിഎമ്മിന്റെ ആക്രമണത്തിനും ഭീഷണിക്കും മുന്നില്‍ പൊലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നിഷ്‌ക്രിയരും സിപിഎമ്മിന് സഹായകരമായ സമീപനം സ്വീകരിക്കുന്നതുമാണ് വീണ്ടും സി പി എം ആക്രമണവും പ്രദേശത്ത് പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.
കള്ളവോട്ട് ചെയ്തും ജനാധിപത്യത്തെ കശാപ്പ് ചെയ്തും ഉണ്ടാക്കിയ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ സിപിഎം നടത്തുന്ന ആക്രമണത്തെയും കുപ്രചരണങ്ങളേയും ജനാധിപത്യ സമരങ്ങളിലൂടെയും നിയമപരമായും ജനകീയമായും നേരിടുമെന്ന് യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് നേതാക്കന്മാരായ വി. രാജു, ഒമ്പാന്‍ ഹംസ, കെ വി റഷീദ്, നസീര്‍ നല്ലൂര്‍, കെ.വി.ഗിരീഷ് എന്നിവര്‍ പറഞ്ഞു.

 

Test User: