X

അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുനവ്വറലി തങ്ങൾ സന്ദർശിച്ചു

കോഴിക്കോട് : സൗദിയിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്നതിനിടെ മലയാളികളുടെ നല്ല മനസ്സ് കൊണ്ട് മോചിതനാകാൻ പോകുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.

കൈയ്യബദ്ധം മൂലം സൗദി കുടുംബത്തിലെ കുട്ടി മരിക്കാൻ ഇടയായതാണ് അബ്ദുൽ റഹീമിനെതിരെ വധശിക്ഷ വിധിക്കാൻ കാരണമായത്. നീണ്ട 18 വർഷമായി സൗദിയിലെ ജയിലിലായിരുന്നു അദ്ദേഹം. ഇന്ത്യൻ രൂപ 34 കോടിക്ക് സമാനമായ സൗദി റിയാൽ നൽകിയാൽ സൗദി കുടുംബം മാപ്പ് നൽകാൻ തയ്യാറാകുമെന്നറിയിച്ചതോടെ റഹീമിൻ്റെ മോചനം സാധ്യമാകുന്ന സാഹചര്യം വന്നു. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന ജനകീയ ഫണ്ട് ശേഖരണത്തിലൂടെ ആവശ്യമായ തുക ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചു. ഇതിനായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വലിയ രീതിയിൽ സോഷ്യൽ മീഡിയാ പ്രചാരണം നടത്തിയിരുന്നു. മോചനത്തിനാവശ്യമായ തുക സമാഹരിച്ചതോടെ അബ്ദുൽ റഹീമിൻ്റെ നാട്ടിലേക്കുള്ള തിരിച്ച് വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഉമ്മയും മലയാളികളും.

കരുണയുടെ പുതിയ കേരള സ്റ്റോറി നിർമ്മിച്ച എല്ലാവരെയും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിനന്ദിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട്, റഹീം ലീഗൽ സപ്പോർട്ട് സമിതി ചെയർമാൻ കെ. സുരേഷ്, കൺവീനർ കെ.കെ ആലിക്കുട്ടി, എ. അഹമ്മദ് കോയ, മജീദ് അമ്പലക്കണ്ടി എന്നിവർ തങ്ങളെ അനുഗമിച്ചു.

webdesk14: