കോഴിക്കോട്: വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയുടെ ഫോണ്‍ കവര്‍ന്നു. സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ സ്വദേശി സയ്യിദ് സഫ്‌നാസ്, മോരിക്കര സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13 നാണ് കേസിന് ആസ്പദമായ സംഭവം. എടക്കാട് മാക്കഞ്ചേരി പറമ്പിലെ വീട്ടില്‍ രാവിലെ ആറോടെ ഇരുവരും അതിക്രമിച്ച് കയറാന്‍ ശ്രമിച്ചപ്പോള്‍ വയോധിക തടഞ്ഞു. എന്നാല്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയെ ആക്രമിച്ച സംഘം മൊബൈല്‍ ഫോണ്‍ കവര്‍ന്ന് കടന്നുകളയുകയായിരുന്നു.
കണ്ണൂര്‍ സ്വദേശിയായ സയ്യിദ് സഫ്‌നാസ് ഒന്നര വര്‍ഷം മുന്‍പ് ഈ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. ഈ പരിചയം മുതലെടുത്താണ് കവര്‍ച്ചാ ശ്രമം നടത്തിയത്. സഫ്‌നാസിനെ കണ്ണൂരില്‍ നിന്നും മുഹമ്മദ് റഫീഖിനെ കോഴിക്കോട് മോരിക്കരയില്‍ നിന്നുമാണ് പിടികൂടിയത്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കണ്ണൂരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.