X

ഗാന്ധിജിയെ അവര്‍ ഇപ്പോഴും ഭയപ്പെടുന്നു-ടി.കെ.എ അസീസ്

1948 ജനുവരി 30, മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ അവസാനദിവസം- സ്വതന്ത്ര ഇന്ത്യയില്‍ 165 ദിവസങ്ങള്‍ മാത്രമേ ഗാന്ധിജി ജീവിച്ചിരുന്നിട്ടുള്ളൂ. ഇതില്‍ 142 ദിവസവും താമസിച്ചത് തലസ്ഥാനനഗരിയായ ഡല്‍ഹിയിലാണ്. ഏറെ ദു:ഖത്തോടും ഇന്ത്യയുടെ ഭാവിയെ ഓര്‍ത്ത് ഏറെ ആകുലതകളോടുംകൂടി തള്ളിനീക്കിയ ദിനരാത്രങ്ങളായിരുന്നു അതെന്ന് ഗാന്ധിജി തന്നെ പറഞ്ഞിട്ടുണ്ട്. 1948 ജനുവരി 12ന് നടന്ന സ്ഥിരം പ്രാര്‍ത്ഥനായോഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ‘എന്നെ മരിക്കാന്‍ അനുവദിക്കുക, ഞാന്‍ ശാന്തമായി മരണം വരിക്കട്ടെ, ഇന്ത്യയുടെ നാശം കണ്‍മുന്നില്‍ കാണുന്നതിനേക്കാള്‍ മരണം എനിക്കൊരു മനോഹരമായ മോചനമാണ്. ഹിന്ദുമതത്തിന്റെയും സിക്കുമതത്തിന്റെയും ഇസ്‌ലാം മതത്തിന്റെയും നാശം കാണുന്നതിന് മുമ്പ് അത് സംഭവിക്കട്ടെ! വെടിയേറ്റ് മരിക്കുന്നതിന് 18 ദിവസം മുമ്പ് നടത്തിയ ഈ ആത്മഗതം സ്വതന്ത്ര ഇന്ത്യയില്‍ ഗാന്ധിജി അനുഭവിച്ച മനോവിഷമങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ്. വിഭജനം ഇന്ത്യക്ക് നല്‍കിയ മുറിവുകളായിരുന്നു ഗാന്ധിജിയെ ഏറെ ദു:ഖിപ്പിച്ചത്. ഹിന്ദുക്കളില്‍ ചിലര്‍ അദ്ദേഹത്തെ മുസ്‌ലിം പക്ഷക്കാരനായും മുസ്‌ലിംകളില്‍ ചിലര്‍ അദ്ദേഹത്തെ ഹിന്ദുവാദിയായും സംശയിച്ചു. എന്നാല്‍ താന്‍ ഇതൊന്നുമല്ലെന്ന് അദ്ദേഹം കര്‍മ്മങ്ങള്‍കൊണ്ട് തെളിയിക്കുകയായിരുന്നു.

പാക്കിസ്താന് ഇന്ത്യകൊടുക്കാമെന്നേറ്റ 55 കോടി രൂപ കൊടുക്കണമെന്നുള്ള ഗാന്ധിജിയുടെ നിഷ്‌കര്‍ഷയും പാക്കിസ്താനിലേക്ക് പലായനം ചെയ്ത മുസ്‌ലിംകളുടെ വീടുകള്‍ കയ്യേറിയവരോട് അത് ഒഴിവാക്കി അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്ക് പോകണമെന്ന് പറഞ്ഞതും ചില ഹിന്ദു സംഘടനാനേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. മുഹമ്മദലി ജിന്ന ഉള്‍പ്പെടെയുള്ള ചില മുസ്‌ലിം നേതാക്കളുടെ പല നിലപാടുകളോടും ഇതേപോലെ ഗാന്ധിജിക്ക് വിയോജിപ്പും ഉണ്ടായിരുന്നു. ഇരുമതക്കാരുടെയും സംശയങ്ങള്‍ ഗാന്ധിജിയെ ശരിയാംവിധം മനസ്സിലാക്കാത്തത്മൂലം ഉണ്ടായതായിരുന്നു.

അന്ത്യ ദിവസത്തിലും അദ്ദേഹം കര്‍മ്മനിരതനായിരുന്നു. ഡല്‍ഹി ബിര്‍ളാ മന്ദിരത്തിന് താഴത്തെ നിലയിലുള്ള തന്റെ മുറിയില്‍ വെളുപ്പിന് 3.30ന് തന്നെ ഗാന്ധിജി ഉണര്‍ന്നെഴുന്നേറ്റിരുന്നു. പ്രഭാതകര്‍മ്മങ്ങളും പ്രാര്‍ത്ഥനയും കഴിഞ്ഞശേഷം ആ തണുത്ത വെളുപ്പാന്‍ കാലത്ത് തലേദിവസം താന്‍ എഴുതി തയ്യാറാക്കിയ കോണ്‍ഗ്രസിന്റെ പുതിയ ഭരണഘടനയുടെ കരടില്‍ കുറച്ച് മാറ്റങ്ങള്‍കൂടി വരുത്തി. അദ്ദേഹം അവസാനം എഴുതിയ ഈ രേഖയെ ഗാന്ധിജിയുടെ ഒസ്യത്ത് എന്നും വിശേഷിപ്പിക്കുന്നു. രാവിലത്തെ ഭക്ഷണത്തിന് ശേഷം ഈ കരട്‌രേഖ തന്റെ സെക്രട്ടറി പ്യാരലാലിനെ ഏല്‍പ്പിച്ച് ആവശ്യമായ മിനുക്ക്പണികളോടെ അസ്സല്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. അടുത്ത് നടക്കാന്‍ പോകുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അവതരിപ്പിക്കാനുള്ള ഭരണഘടനയായിരുന്നു ഇത്. സ്വതന്ത്ര ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ കക്ഷിയായി നിലനില്‍ക്കേണ്ടതില്ലെന്നും ലോക്‌സേവക് സംഘ് എന്ന പേരില്‍ സന്നദ്ധ സേവന പ്രസ്ഥാനമായി അതിനെ പരിവര്‍ത്തനം ചെയ്യണമെന്നുമുള്ള സുപ്രധാനമായ നിര്‍ദ്ദേശം ഇതിലുണ്ടായിരുന്നു.

ഗാന്ധിജിയുടെ വധത്തിന് ശേഷം 1948 ഫെബ്രുവരി 15 ന് ഗാന്ധിജിയുടെ അവസാനത്തെ വില്‍പത്രവും ഒസ്യത്തും എന്ന പേരില്‍ ‘ഹരിജന്‍’ മാസികയില്‍ ഇത് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഈ ഒസ്യത്ത് ഒരു ചരിത്രരേഖമാത്രമായി മാറി. ഇന്ത്യയിലെ ഏഴ് ലക്ഷം ഗ്രാമങ്ങള്‍ക്ക് സാമൂഹിക, സാമ്പത്തിക, ധാര്‍മ്മിക സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും അവ നഗരങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗാന്ധിജി ഈ രേഖയുടെ ആമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.

ഒസ്യത്ത് തയ്യാറാക്കിയശേഷം പതിവ് നുല്‍നൂല്‍പ്പ,് മസാജ് തുടങ്ങിയ ചര്യകളില്‍ അദ്ദേഹം മുഴുകി. അന്ന് നിരവധി അഭിമുഖങ്ങള്‍ ഗാന്ധിജിക്കുണ്ടായിരുന്നു. അവസാനം അഞ്ച് മണിക്ക് പ്രാര്‍ത്ഥനായോഗമാണ്. അതിന് മുമ്പ് നാല് മണിയോടെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഗാന്ധിജിയെ കാണാനെത്തി. ഏതാണ്ട് ഒരു മണിക്കൂര്‍നേരം ചര്‍ച്ച നീണ്ടു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍പട്ടേലും തമ്മില്‍ ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഇത് പരിഹരിച്ച് ഒന്നിച്ച് പോകണമെന്നായിരുന്നു ഗാന്ധിജിയുടെ നിര്‍ദ്ദേശം. സമയം ദീര്‍ഘിച്ചു. പ്രാര്‍ത്ഥനായോഗത്തിന് സമയമായപ്പോള്‍ ഗാന്ധിജി തിരക്കിട്ടെഴുന്നേറ്റു. രാത്രി നെഹ്‌റുവും മൗലാനാ ആസാദും എന്നെ വന്ന് കാണുമെന്ന് ഗാന്ധിജി പറഞ്ഞു. അവര്‍ തമ്മില്‍ പിരിയുകയും ചെയ്തു.

സമയം അഞ്ച് മണി കഴിഞ്ഞ് 10 മിനുട്ട്. പ്രാര്‍ത്ഥായോഗത്തിലേക്ക് പോകാന്‍ ബിര്‍ളാ മന്ദിരത്തിന്റെ മുമ്പിലുള്ള പുല്‍തകിടിയിലേക്ക് ഗാന്ധിജി നടന്നു ഒപ്പം സഹചാരികളായ മനു, ആഭ എന്നീ പെണ്‍കുട്ടികളും ഉണ്ട്. അഭിവാദ്യം ചെയ്തുകൊണ്ടിരുന്ന ജനങ്ങളെ പുഞ്ചിരിയോടെ പ്രത്യഭിവാദ്യം ചെയ്ത് ഗാന്ധിജി തിരക്കിട്ട് യോഗ സ്ഥലത്തേക്ക് നടന്നുനീങ്ങുന്നു. പെട്ടെന്നായിരുന്നു അത്. ആള്‍ക്കൂട്ടത്തിന്റെ ഇടത് വശത്ത് നിന്നും ഒരാള്‍ തിക്കിതിരക്കി മുന്നോട്ട്‌വന്നു. നാഥുറാം വിനായക് ഗോദ്‌സെ എന്ന് പേരായ ഹിന്ദുമഹാസഭയുടെ നേതാവായിരുന്നു അത്. ഗാന്ധിജിയുടെ സമീപത്ത് വന്ന അയാള്‍ തൊട്ട് വന്ദിക്കാന്‍ എന്ന വ്യാജേന കുമ്പിടാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച മനുവിനെ തട്ടിമാറ്റി പോക്കറ്റില്‍ ഒളിപ്പിച്ച് വെച്ച റിവോള്‍വര്‍ എടുത്ത് പാപം ചെയ്യാത്ത ആ മനുഷ്യന്റെ വിരിമാറിലേക്ക് മൂന്ന് വട്ടം നിറ ഒഴിച്ചു. ഒന്നാമത്തെ വെടിയേറ്റപ്പോള്‍ തന്നെ ഹേറാം എന്ന് പറഞ്ഞ് അദ്ദേഹം നിലത്ത് വീണു.

ജനുവരി 30ന് ഗോദ്‌സെ നടത്തിയത് മാത്രമായിരുന്നില്ല ഗാന്ധിജിക്ക് നേരെയുളള വധശ്രമം. അവസാനമായി ശ്രമിച്ച ആളും ആദ്യമായി വിജയിച്ച ആളും ആയിരുന്നു ഗോദ്‌സെ. അതിന് മുമ്പ് 12 തവണ വിവിധ രീതിയില്‍ അദ്ദേഹത്തെ വക വരുത്താന്‍ പലരും ശ്രമിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഇങ്ങനെയൊക്കെയായിട്ടും ഗാന്ധിജിയുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തില്ല എന്നത് ആശ്ചര്യകരവും നമ്മെ കുറ്റബോധമുള്ളവരാക്കുന്നതുമാണ്. ആ ജീവിതം വാള്‍ത്തലയിലൂടെയുള്ള സഞ്ചാരമായിരുന്നു എന്ന് പറയാം.

ഗാന്ധിജിയെ വധിച്ച ഗൂഢശക്തികള്‍ ഇന്നും ഇവിടെയുണ്ട്. ഒളിഞ്ഞും തെളിഞ്ഞും അവര്‍ രംഗത്ത്‌വരുന്നുണ്ട്. അഭിനവ ഗോദ്‌സെമാര്‍ ആ ചിത്രത്തിന് നേരെ പോലും നിറയൊഴിച്ചത് ഈ അടുത്ത കാലത്താണ്. വര്‍ഗീയ വിദ്വേഷവും മതവൈരവും വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ക്ക് ഗാന്ധിജി ഇന്നും പേടിസ്വപ്‌നമാണെന്ന് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു. ഈ തരം ശക്തികളെ ഉന്മൂലനം ചെയ്യാനും ശിഥിലമാക്കാനും പ്രതിജ്ഞ പുതുക്കുക. അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ സമകാലിക കടമയത്രെ ഇത്. ഈ രക്തസാക്ഷിത്വ സ്മൃതി ദിനം അങ്ങനെ സാര്‍ത്ഥകമാകട്ടെ.

ഹൃദയം കല്ലുപോല്‍ വരണ്ട് പോകവെ
ദയതന്‍ വര്‍ഷമായി വരിക നീ
പണിതന്‍ ശബ്ദത്താല്‍ ചെവികള്‍
മൂടവേ
വരികശാന്തി തന്‍ വരമായി.
ഹൃദയദാരിദ്ര്യം മടിച്ച് നിക്കേ നീ
വരിക ദാനത്തിന്‍ പ്രഭുവായി.
മനസ്സില്‍ അന്ധത നിറയവെ ദേവ
വരിക നീ തടില്ലതയായി
മഹാകവി രവീന്ദ്രനാഥടാഗോര്‍ പാടിയ വരികളാണിത്. ഒരു പുനര്‍ജനനം ഉണ്ടാകാതിരിക്കില്ല.

 

Test User: