X

അവര്‍ കൊന്നത് ഒരാളെയല്ല, ഞങ്ങള്‍ ഒമ്പതു പേരെ; ഗോരക്ഷാ സംഘം കൊലപ്പെടുത്തിയ റക്ബര്‍ ഖാന്റെ വിധവ പറയുന്നു

cowരാജസ്ഥാന്‍: തരക്കേടില്ലാത്ത വിള ലഭിക്കുമെന്ന പ്രതീക്ഷയില്‍ രാജസ്ഥാന്‍ മേവാത്തിലെ കര്‍ഷകരെല്ലാം ഇത്തവണ വലിയ സന്തോഷത്തിലാണ്. എന്നാല്‍ മേവാത്തിലെ രാംഗഡിലുള്ള റക്ബര്‍ ഖാന്റെ കുടുംബത്തിനു മാത്രം സങ്കടങ്ങളുടെ കാലവര്‍ഷമാണ് പെയ്തു തീര്‍ന്നത്. സ്വയം പ്രഖ്യാപിത ഗോ രക്ഷാ സംഘങ്ങള്‍ രാജ്യമെങ്ങും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആള്‍കൂട്ട കൊലപാതകങ്ങളില്‍ സ്വന്തം ഗൃഹനാഥനെ നഷ്ടമായതിന്റെ വേദനയില്‍നിന്ന് അവര്‍ ഇനിയും മുക്തമായിട്ടില്ല.
ഒമ്പതു പേരടങ്ങുന്ന കുടംബത്തിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് 60 ദിവസം മുമ്പാണ്. രണ്ട് പശുക്കളേയും അവയുടെ കുട്ടികളേയും കൊണ്ട് വീട്ടിലേക്ക് വരും വഴിയാണ് ആള്‍വാര്‍ ജില്ലയിലെ ലലാവണ്ടിയില്‍ റക്ബര്‍ ഖാനെയും കൂടെയുണ്ടായിരുന്നയാളേയും ഗോ രക്ഷാ സംഘം ആക്രമിച്ചത്. ക്രൂരമായി മര്‍ദ്ദനമേറ്റ റക്ബര്‍ ഖാന്‍ കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്നയാള്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഭര്‍ത്താവിനെക്കുറിച്ചു പറയുമ്പോള്‍ 30കാരി അസ്മീനയുടെ തൊണ്ടയിടറുന്നു. അവര്‍ കൊന്നത് എന്റെ ഭര്‍ത്താവിനെ മാത്രമല്ല, ഞങ്ങള്‍ ഒമ്പതു പേരെയുമാണ്. മക്കളുടെ മുഖത്തു നോക്കി അസ്മീന ഇത് പറയുമ്പോള്‍ കേട്ടിരിക്കുന്ന ആര്‍ക്കും ഉത്തരം മുട്ടിപ്പോകും. ഭാര്യയും ഏഴ് മക്കളും പിതാവും അടങ്ങുന്ന കുടംബത്തിന്റെ ഏക ആശ്രയമായിരുന്നു റക്ബര്‍ ഖാന്‍. മൂത്ത മകള്‍ക്ക് 12 വയസ്സുണ്ട്. ഇളയത് ഒരു വയസ്സ് മാത്രമുള്ള കൈക്കുഞ്ഞാണ്.

ഭര്‍ത്താവിന്റെ മരണത്തെതുടര്‍ന്നുള്ള ഇദ്ദ അനുഷ്ഠാനത്തിലാണിപ്പോള്‍ അസ്മീന. ഇദ്ദ കഴിയട്ടെ, കുട്ടികളുടെ കൈയും പിടിച്ച് ഞാന്‍ ആള്‍വാര്‍ മജിസ്‌ട്രേറ്റിന്റെ വീട്ടു പടിക്കല്‍ ചെന്നു കിടക്കും. എന്റെ ഭര്‍ത്താവിനെ കൊന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം. എന്റെ കുടുംബത്തിന് നീതി കിട്ടണം- അവളുടെ വാക്കുകളില്‍ അമര്‍ഷത്തിന്റെ തീപ്പൊരി ചിതറുന്നുണ്ട്.
നാലു കുട്ടികള്‍ അലീഗഡിലെ മദ്രസയില്‍ പഠിക്കുന്നു. പിതാവിന്റെ മരണവും ഉമ്മ ഇദ്ദ അനുഷ്ഠാനത്തിലുമായതോടെ മറ്റു കുട്ടികളെ നോക്കാനായി മൂത്തവള്‍ സാഹില പഠനം നിര്‍ത്തി. വീട്ടിലുള്ള രണ്ടു പശുക്കളേയും നാല് ആടുകളേയും പരിചരിക്കുന്നതും ഇപ്പോള്‍ അവളാണ്. അതു മാത്രമാണ് ഇപ്പോള്‍ കുടുംബത്തിന്റെ വരുമാന മാര്‍ഗം. റക്ബര്‍ ഖാന്റെ പിതാവ് സുലൈമാന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വീടിനു പുറത്തു പോകാറില്ല. മുന്തിയ ഇനം പശുക്കളെ കൊണ്ടു വന്ന് വളര്‍ത്തുന്നതില്‍ പ്രദേശത്തു തന്നെ മാതൃകയായ ക്ഷീര കര്‍ഷകനായിരുന്നു തന്റെ മകനെന്ന് സുലൈമാന്‍ പറയുന്നു. എന്നിട്ടും എന്തിനാണവരെന്റെ മകനെ ഇല്ലാതാക്കിയതെന്നറിയില്ലെന്ന് പറയുമ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ നിറയുന്നു. പണി തീരാത്ത വീട്ടില്‍ ചാക്കു കൊണ്ട് വലിച്ചു കെട്ടിയ ഇത്തിരി സ്ഥലത്താണ് ഒമ്പതംഗ കുടുംബത്തിന്റെ ജീവിതം.

കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ മാത്രമാണ് ഇതുവരെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്. മുഖ്യ പ്രതികള്‍ ഉള്‍പ്പെടെ ഇപ്പോഴും വലയ്ക്കു പുറത്താണ്. ആദ്യ ദിവസങ്ങളിലെ പ്രതിഷേധങ്ങളും ബഹളങ്ങളും കെട്ടടങ്ങിയതോടെ പൊലീസ് അന്വേഷണവും നിലച്ച മട്ടാണ്.
രാജ്യത്ത് പശുവിന്റെ പേരിലുള്ള ആള്‍കൂട്ട കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്ന പ്രദേശം കൂടിയാണ് രാജസ്ഥാനിലെ ആള്‍വാര്‍. പെഹ്‌ലു ഖാന്‍, ഉമര്‍ മുഹമ്മദ് തുടങ്ങി എല്ലാവരുടേയും കുടുംബങ്ങള്‍ക്ക് പറയാനുള്ളത് സമാനമായ കണ്ണീര്‍ കഥകള്‍ മാത്രമാണ്.

chandrika: