തനിക്കെതിരെ വ്യക്തി ആക്ഷേപം ഇപ്പോഴും തുടരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. രണ്ടുമാസം മുന്‍പ് നടത്തിയ പ്രസംഗം ഇന്നലെ നടത്തിയതെന്ന പേരില്‍ പ്രചരിപ്പിച്ചു. കഴിഞ്ഞ കുറെ നാളായി കുടുംബത്തെ വേട്ടയാടുന്നു. ദേശാഭിമാനി എന്തൊക്കെ പറഞ്ഞുവെന്ന് എനിക്ക് ഓര്‍മ്മയുണ്ട്. ദേശാഭിമാനിയും , കൈരളിയും വ്യാജ പ്രചരണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വ്യക്തി ജീവിതത്തെ ഉന്നം വയ്ക്കുന്നു. മാണി സാറിന്റെ കുടുംബത്തെ എന്തൊക്കെ പറഞ്ഞ് ആക്ഷേപിച്ചു. ഇതൊക്കെ ചെയ്തിട്ടും അവര്‍ പറയുന്നത് ചെയ്തത് കോണ്‍ഗ്രസുകാരാണെന്നാണ്, 20 വര്‍ഷമായി കുടുംബത്തെ വേട്ടയാടുന്നുവെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
സോളാര്‍ കേസിലെ സി.ബി.ഐ റിപ്പോര്‍ട്ടില്‍ ഇനിയൊരു അന്വേഷണം വേണ്ടെന്നാണ് ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞതെല്ലാം കഴിഞ്ഞു. പിതാവിനെ ഉപദ്രവിച്ചവരോടെല്ലാം അനുരഞ്ജനത്തിന്റെ സമീപനമാണ് തനിക്കെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ല. പൊതുപണത്തില്‍ നിന്ന് കോടികള്‍ മുടക്കി ഇനിയൊരു അന്വേഷണം വേണ്ട. അതുകൊണ്ട് എന്തെങ്കിലും അര്‍ഥമുണ്ടാകുമെന്ന് കരുതുന്നില്ല. ടി.ജി. നന്ദകുമാറിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല.
ആരോപണത്തില്‍ പറഞ്ഞപോലെയുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. കോണ്‍ഗ്രസിന്റെയുള്ളില്‍ പ്രശ്‌നമുണ്ടാക്കുക ലക്ഷ്യമിട്ടുള്ള ആരോപണങ്ങളെ മുഖവിലക്കെടുക്കുന്നില്ല. സത്യപ്രതിജ്ഞാ ദിവസം സോളാറില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നത് ആദരവായാണ് കാണുന്നതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.