ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധസമരങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നിയമനിര്‍മാണം വേണമെന്ന ആവശ്യമുന്നയിച്ച് കര്‍ഷകസംഘടനകള്‍ നടത്തുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു.
രാജ്യത്തെ ധനികരുടെ 3,50,000 കോടി വായ്പ എഴുതി തള്ളാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുന്നുണ്ടെങ്കില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ നിരാമാതാക്കളായ കാര്‍ഷകരുടെ വായ്പ എഴുതി തള്ളാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ രാജ്യത്തെ കര്‍ഷകര്‍ ഭയപ്പെടേണ്ടതില്ലെന്നും ഞങ്ങള്‍ നിങ്ങള്‍ക്കായുണ്ടാകുമെന്ന ഉറപ്പുനല്‍കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി മോദി കര്‍ഷകര്‍ക്കായി എം.എസ്.പി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ബോണസ് വാഗ്ദാനവും മോദി നടത്തി. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ നോക്കൂ, ശൂന്യമായ പ്രസംഗങ്ങള്‍ എല്ലാതെ എന്താണ് അദ്ദേഹം നല്‍കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.
ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സിപിഎം ദേശീയ നേതാവ് സീതാറാം യെച്ചൂരി എന്നിവരും പങ്കെടുത്തു. എന്‍ഡിഎ സര്‍ക്കാറിനെതിരെ ഉയര്‍്ന്നു വരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമത്തിനാണ് രാജ്യതലസ്ഥാനത്തെ കര്‍ഷക മാര്‍ച്ച് സാക്ഷ്യം വഹിച്ചത്. ഇരുവര്‍ക്കും പുറമെ മുതിര്‍ന്ന ജെഡിയു നേതാവ് കെസി ത്യാഗി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സമാജ്വാദി പാര്‍ട്ടി നേതാക്കളും കിസാന്‍ മുക്തി മാര്‍ച്ചിനൊപ്പം അണിചേര്‍ന്നു.
210 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയാണ് കര്‍ഷകറാലി നയിക്കുന്ന പ്രധാന സംഘടനകള്‍.
കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം, കാര്‍ഷിക കട മുക്തി നിയമം പാസാക്കണം, വിളകള്‍ക്ക് ഉല്‍പാദന ചെലവിനേക്കാള്‍ 50 ശതമാനം കൂടുതല്‍ താങ്ങുവില നിശ്ചയിക്കണം, പലിശരഹിത വായ്പ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
കര്‍ഷക പങ്കാളിത്തം കൊണ്ട് തലസ്ഥാന നഗരം പ്രതിഷേധക്കടലായി മാറുന്ന കാഴ്ചക്കാണ് കിസാന്‍ മുക്തി മാര്‍ച്ച് വേദിയായത്. രാവിലെ രാംലീല മൈതാനിയില്‍ നിന്നാണ് കര്‍ഷകര്‍ റാലിയായി പാര്‍ലമെന്റിലേക്ക് പുറപ്പെട്ടത്. യോഗേന്ദ്ര യാദവ്, മേധ പട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ റാലിയില്‍ പങ്കെടുത്തു. പാര്‍ലമെന്റ് സ്ട്രീറ്റില്‍ കര്‍ഷക നേതാക്കള്‍ക്കൊപ്പം പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളും കര്‍ഷകരെ അഭിസംബോധന ചെയ്തു.
മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നടന്ന കാര്‍ഷക പ്രക്ഷോഭങ്ങളുടെ ചുവടുപിടിച്ചാണ് ഡല്‍ഹിയിലെയും റാലി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യയും രാമക്ഷേത്ര നിര്‍മ്മാണവും ചര്‍ച്ചയാകുമ്പോഴും കാര്‍ഷിക പ്രശ്നങ്ങളെ ദേശീയ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ പ്രതിഷേധക്കാര്‍ക്ക് മാര്‍ച്ചിലൂടെ കഴിഞ്ഞു.
പാര്‍ലമെന്റ് ലക്ഷ്യം വെച്ച് നീങ്ങുന്ന മാര്‍ച്ചിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ദല്‍ഹി സര്‍ക്കാര്‍ മൊബൈല്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റിലാണ് മൊബൈല്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കര്‍ഷകരെ സഹായിക്കാന്‍ ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരുമായി ദല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും രംഗത്തുണ്ട്.