അനധികൃതമെന്ന് ആരോപിച്ച് ഹല്‍ദ്വാനിയില്‍ പള്ളിയും മദ്രസയും പൊളിച്ച സംഭവത്തിന് പിന്നാലെ വീടുകേറി തങ്ങളെ പൊലീസ് തല്ലിചതച്ചുവെന്ന് പ്രദേശവാസികളായ മുസ്‌ലിംകളുടെ പരാതി. ഫെബ്രുവരി പത്തിന് രാത്രി 10.30ഓടെ പൊലീസ് വീടുകളില്‍ റെയ്ഡ് നടത്തുകയും കുടുംബാംഗങ്ങളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
സ്ത്രീകളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ മര്‍ദിക്കുകയും പുരുഷന്മാരെ കാരണം കൂടാതെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും പരാതിയില്‍ പറയുന്നു. സ്വത്തുവകകള്‍ പൊലീസ് മനഃപൂര്‍വം നശിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പള്ളി പൊളിച്ചതിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ തങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുകയായിരുന്നുവെന്ന് സമീപത്തെ സ്‌കൂളില്‍ പാചക ജോലി ചെയ്യുന്ന ശാമ പറഞ്ഞു. വീടിന്റെ വാതിലുകള്‍ തകര്‍ത്തുകൊണ്ടാണ് പൊലീസ് അകത്തേക്ക് എത്തിയതെന്നും ശാമ പര്‍വീണ്‍ വ്യക്തമാക്കി.
തന്റെ പങ്കാളിയെ മര്‍ദിച്ചുവെന്നും വീട്ടിലെ സാധനങ്ങള്‍ എല്ലാം പൊലീസ് വലിച്ചെറിഞ്ഞെന്നും ശാമ ചൂണ്ടിക്കാട്ടി. പങ്കാളിയെ തല്ലുന്നത് കണ്ട് 12 വയസുള്ള കുഞ്ഞ് ഭയന്ന് കരഞ്ഞതായും ഇത്തരത്തിലുള്ള മര്‍ദനങ്ങള്‍ നേരിട്ട് എങ്ങനെയാണ് മുന്നോട്ട് പോവുകയെന്നും ശാമ ചോദിച്ചു.
സംഘര്‍ഷത്തിനിടക്ക് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് വീട്ടില്‍ എത്തുകയും പങ്കാളിയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തുവെന്ന് സമീപവാസിയായ റുക്‌സാന പറഞ്ഞു. എന്നാല്‍ അന്നേദിവസം തങ്ങള്‍ പള്ളിയുടെ സമീപത്തേക്ക് പോയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വീട്ടിലുണ്ടായിരുന്ന വാഹനം നശിപ്പിച്ചുവെന്നും റുക്‌സാന പരാതിയില്‍ പറയുന്നു.
നിലവില്‍ സംഘര്‍ഷത്തിനിടയില്‍ പൊലീസിന്റെ വെടിയേറ്റ റുക്‌സാനയുടെ പങ്കാളി മുഹമ്മദ് ഷാനവാസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുസ്‌ലിംകളായത് കൊണ്ടാണോ തങ്ങളെ ഇത്തരത്തില്‍ സര്‍ക്കാര്‍ വേട്ടയാടുന്നതെന്ന് സമീപവാസിയായ സബ ചോദ്യം ഉയര്‍ത്തുകയും ചെയ്തു.
പള്ളിയും മദ്രസയും പൊളിച്ചതിനെ തുടര്‍ന്നുണ്ടായ പൊലീസ് ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരാള്‍ കൂടി കഴിഞ്ഞ ദിവസം മരിച്ചു. നിലവില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. സംഘര്‍ഷത്തില്‍ വെടിയേറ്റ 50കാരനായ മുഹമ്മദ് ഇസ്രാര്‍ സുശീല തിവാരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ടുവെന്നും നൈനിറ്റാള്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് പ്രഹ്ലാദ് നാരായണ്‍ മീണ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും മീണ കൂട്ടിച്ചേര്‍ത്തു.