X

ഇവര്‍ തടയുന്നത് ഗാന്ധിജിയെയാണ്!- എഡിറ്റോറിയല്‍

‘നാനാത്വത്തില്‍ ഏകത്വ’ത്തിലധിഷ്ഠിതമായ ഇന്ത്യ ഏകാത്മക സംസ്‌കാരത്തിലേക്കും സവര്‍ണാധിഷ്ഠിതമായ ഏകമത വിശ്വാസത്തിലേക്കുമുള്ള പ്രചുരപ്രയാണത്തിലാണിപ്പോള്‍. ന്യൂനപക്ഷ മതവിഭാഗക്കാരെയും അവരുടെ വിശ്വാസാചാരങ്ങളെയും വേഷഭൂഷാദികളെയും ഭത്‌സിക്കുകയും അത്തരക്കാരെ പൊതുഇടങ്ങളില്‍നിന്ന് ബലംപ്രയോഗിച്ച് അകറ്റുകയും തല്ലിച്ചതയ്ക്കുകയും കൊലപ്പെടുത്തുകയുംചെയ്യുന്ന ഇന്ത്യ സനാതന മതത്തിന്റെയും മഹാത്മാഗാന്ധിയുടേതുമാകുന്നതെങ്ങനെ? കഴിഞ്ഞദിവസങ്ങളിലായി രാജ്യത്തെ ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്കും വസ്ത്രധാരണരീതിക്കുമെതിരായി നടക്കുന്ന കോലാഹലങ്ങളാണ് മേല്‍ചിന്തകള്‍ക്ക് ഉള്‍പ്രേരകം. കര്‍ണാടകയില്‍ ഒരുമാസത്തോളമായി മുസ്‌ലിം പെണ്‍കുട്ടികളുടെ നേര്‍ക്ക് മന്ത്രിമാരടക്കമുള്ളവര്‍ നടത്തിക്കൊണ്ടിരിക്കുന്ന അത്യന്തം വിഷലിപ്തമായ പ്രചാരണവും ഔദ്യോഗിക ഉത്തരവുകളുമാണ് ഇന്ത്യയുടെ മതേതര സത്തയെതന്നെ ചോദ്യംചെയ്യുന്നത്. ദക്ഷിണ കര്‍ണാടയിലെ കുന്താപുര, ഉഡുപ്പി, ഷിമോഗ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ തലമറച്ച് (ഹിജാബ്) എത്തിയതാണ് സംഘ്പരിവാര്‍-ബി.ജെ.പി പ്രഭൃതികളെ എന്തെന്നില്ലാതെ അസ്വസ്ഥരും പ്രകോപിതരുമാക്കിയിരിക്കുന്നത്. ഗടഗ് ജില്ലയില്‍ രണ്ടു മുസ്‌ലിം യുവാക്കളെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയിട്ട് രണ്ടാഴ്ചയേ ആകുന്നുള്ളൂ.

കുന്താപുരയില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ കോളജ് പടിക്കല്‍ തടഞ്ഞ സംഭവവും അതേതുടര്‍ന്നുള്ള സംസ്ഥാനത്തെ കലാപാന്തരീക്ഷവും മതേതര വിശ്വാസികളില്‍ വലിയ ഞെട്ടലാണുളവാക്കിയിരിക്കുന്നത്. സര്‍ക്കാര്‍തന്നെ ഹിജാബ് നിരോധന ഉത്തരവിറക്കി. വര്‍ഗത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ വേഷത്തിന്റെയോപേരില്‍ ഒരു പൗരനോടും രാഷ്ട്രം വിവേചനം കാട്ടരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ള ഭരണഘടനയുള്ള രാജ്യത്താണിത്തരമൊരു ഉത്തരവ് ബി.ജെ.പി ഭരണകൂടം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനെതിരെ വലിയ പ്രക്ഷോഭമാണ് നടന്നുവരുന്നത്. ഇന്നലെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. മൂന്നു ദിവസത്തേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടുന്നിടത്തേക്കും കാര്യങ്ങളെത്തി. ഹിജാബ് ധരിച്ച് സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥിനിക്കുനേര്‍ക്ക് നൂറോളം വിദ്യാര്‍ത്ഥികള്‍ കാവിഷാളുമായി ‘ജയ്ശ്രീറാം’ വിളിച്ച് തടയുന്ന ദൃശ്യവും അത്ഭുതപ്പെടുത്തുന്നു. വിഷയത്തില്‍ മുസ്‌ലിലീഗ് എം.പിമാര്‍ ലോക്‌സഭയില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സര്‍ക്കാര്‍ അതനുവദിച്ചിട്ടില്ല. കോണ്‍ഗ്രസ് എം.എല്‍.എ കനീസ്ഫാത്തിമയുടെ നേതൃത്വത്തില്‍ കലബുര്‍ഗി ജില്ലാകലക്ടറേറ്റിലേക്ക് ഹിജാബ് ധാരികളായ പെണ്‍കുട്ടികള്‍ നടത്തിയ മാര്‍ച്ച് രാജ്യത്തെ സാംസ്‌കാരികവൈവിധ്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെയാണ് ഉണര്‍ത്തിയത്. കോളജുകളുടെ യൂണിഫോമിന്റെ നിറത്തില്‍ ഹിജാബ് ധരിക്കാമെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ സ്‌കൂളില്‍ പ്രത്യേക ക്ലാസ് മുറിയിലിരുത്താമെന്നാണ് സര്‍ക്കാരിന്റെ ‘ഔദാര്യം’. ഹര്‍ജികളില്‍ വിധി പറയുന്നത് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്. സംയമനത്തിനാണ് കോടതിയുടെ ആഹ്വാനം. 2016ല്‍ സി.ബി.എസ്.ഇ സമാനമായ ഉത്തരവിറക്കിയത് കേരള ഹൈക്കോടതി റദ്ദാക്കിയത് വിധിയില്‍ പ്രതിഫലിച്ചേക്കും. പ്രശ്‌നം വര്‍ഗീയ കലാപത്തിലേക്ക് നീങ്ങാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ഞായറാഴ്ച അന്തരിച്ച ഗായിക ലതമങ്കേഷ്‌കറുടെ മൃതശരീരത്തില്‍ തുപ്പിയെന്നു പ്രചരിപ്പിച്ചതും ചേര്‍ത്തുവായിക്കപ്പെടണം. ബോളിവുഡ് താരം ഷാരൂഖ്ഖാന്‍ ലതയുടെ ഭൗതിക ശരീരത്തിനരികില്‍ കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചതാണ് ബി.ജെ.പിയുടെ ഹരിയാന സംസ്ഥാനാധ്യക്ഷന്‍ അരുണ്‍യാദവിലൂടെ വര്‍ഗീയവിഷമായി സംഘ്പരിവാറുകാര്‍ രാജ്യത്താകെ പടര്‍ത്തിയത്. പ്രാര്‍ത്ഥനയെപോലും ഇത്രമാത്രം വൈകാരികമായും വര്‍ഗീയമായും വിലയിരുത്തിയവര്‍ ചെയ്തത് സത്യത്തില്‍ ഒരു മഹാനടനോട് മാത്രമല്ല, ലോകംകണ്ട മാഹാഗായികയോടുമുള്ള അധിക്ഷേപമാണ്.

കേന്ദ്രത്തിലും കര്‍ണാടകയിലും മാത്രമല്ല, യൂണിഫോമിനെ മറയാക്കി കേരളത്തിലും അകമേ വര്‍ഗീയത പേറുന്നവരുടെ പ്രസ്താവനകളും നടപടികളുമുണ്ടാവുന്നതും ഭീതിപ്പെടുത്തുന്നു. വിദ്യാര്‍ത്ഥി പൊലീസ്‌സേനയില്‍ ഹിജാബ് അനുവദിക്കാനാവില്ലെന്ന സി.പി.എം ഭരിക്കുന്ന ആഭ്യന്തരവകുപ്പിന്റെ വിചിത്ര ഉത്തരവ് കാട്ടുന്നത് അതാണ്. ഇതേവകുപ്പാണ് ശബരിമലയില്‍ പൊലീസുകാര്‍ക്ക് താടിവെക്കാനനുമതി നല്‍കുന്നതും തിരുവനന്തപുരത്തെ ശ്രീപത്മനാഭക്ഷേത്ര പരിസരത്തെ പൊലീസുകാര്‍ക്ക് ആചാരമനുസരിച്ച് ഷാള്‍ പുതയ്ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതും. യു.പി മുഖ്യമന്ത്രിക്ക് കാവിവസ്ത്രം ധരിച്ച് ആ കസേരയിലിരിക്കാമെങ്കില്‍ ആ സ്വാതന്ത്ര്യം രാജ്യത്തെ ഓരോപൗരനും ലഭിക്കുകതന്നെവേണം. അതേ സ്വാതന്ത്ര്യമാണ് ദരിദ്രനാരായണന്മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മേല്‍മുണ്ട് ധരിച്ച മഹാത്മാവിന് ലണ്ടനില്‍ ബ്രിട്ടീഷുകാര്‍ നല്‍കിയതും. അതിനാല്‍ ഹിന്ദുത്വവൈതാളികര്‍ തടയുന്നത് കേവലം ഏതാനും മുസ്‌ലിം പെണ്‍കുട്ടികളെമാത്രമല്ല, മറിച്ച് രാഷ്ട്രപിതാവിന്റെ ആത്മാവിനെയും ആദര്‍ശത്തെയുംതന്നെയാണ്. നാഥുറാം ഗോദ്‌സേ മാത്രമേ ഇല്ലാതായിട്ടുള്ളൂ. പതിനായിരക്കണക്കിന് ഗോദ്‌സേമാര്‍ ഇന്നും രാജ്യത്തിന്റെ അധികാരകൊത്തളങ്ങളില്‍പോലും വിലസുന്നുവെന്നാണിതിന്റെയൊക്കയര്‍ത്ഥം!

Test User: