X
    Categories: MoreViews

സൂകിയുടെ വീടിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം

യാങ്കൂണ്‍: മ്യാന്മര്‍ നേതാവും സമാധാന നൊബേല്‍ ജേതാവുമായ ആങ് സാന്‍ സൂകിയുടെ വസതിക്കുനേരെ പെട്രോള്‍ ബോംബ് ആക്രമണം. യാങ്കൂണില്‍ സൂകി താമസിക്കുന്ന വീടിനു നേരെയാണ് അജ്ഞാതര്‍ ബോംബ് എറിഞ്ഞത്. ആക്രമണം നടക്കുമ്പോള്‍ സൂകി സ്ഥലത്തുണ്ടായിരുന്നില്ല. മുന്‍ പട്ടാള ഭരണകൂടത്തിനു കീഴില്‍ ദീര്‍ഘകാലം വീട്ടുതടങ്കലില്‍ കഴിഞ്ഞ വീടിന് ആക്രമണത്തില്‍ ചെറിയ കേടുപാട് സംഭവിച്ചു. റോഹിന്‍ഗ്യ മുസ്്‌ലിം കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട് സൂകി സ്വീകരിച്ച നിലപാട് അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായിരുന്നു.

റോഹിന്‍ഗ്യ കൂട്ടക്കുഴിമാടങ്ങള്‍ക്ക് തെളിവുമായി അന്വേഷണ റിപ്പോര്‍ട്ട്

മ്യാന്മറിലെ റോഹിന്‍ഗ്യ മുസ്്‌ലിം ഗ്രാമങ്ങളില്‍ സൈന്യം നടത്തിയ കൂട്ടക്കൊലകള്‍ക്ക് തെളിവുണ്ടെന്ന് അസോസിയേറ്റഡ് പ്രസ്. റോഹിന്‍ഗ്യ മുസ്്‌ലിംകളെ കൊന്നൊടുക്കി അഞ്ച് കൂട്ടക്കുഴിമാടത്തില്‍ തള്ളിയതായി അസോസിയേറ്റഡ് പ്രസ് നടത്തിയ പ്രത്യേക അന്വേഷണത്തില്‍ കണ്ടെത്തി.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ദൃക്‌സാക്ഷികളും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഗ ദാര്‍ പിന്‍ ഗ്രാമത്തില്‍ ഫുട്‌ബോളിന് സമാനമായ കളിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കുനേരെ സൈന്യം വെടിവെക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഭൂരിഭാഗം പേരും കൊല്ലപ്പെട്ടു. സുഹൃത്തുക്കളില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ രണ്ട് വ്യത്യസ്ത കൂട്ടക്കുഴിമാടങ്ങളില്‍ അടക്കം ചെയ്ത നിലയില്‍ കണ്ടതായി നൂര്‍ കാദിര്‍ എന്നയാള്‍ പറയുന്നു. കൂട്ടക്കുരുതികളുടെ തെളിവുകള്‍ മുഴുവന്‍ തേച്ച്മായ്ച്ചു കളയാനാണ് സൈന്യം ശ്രമിച്ചത്. ആസിഡ് ഉപയോഗിച്ച് മൃതദേഹങ്ങള്‍ ദഹിപ്പിച്ചുകളയുന്ന വീഡിയോ ദൃശ്യവും അസോസിയേറ്റഡ് പ്രസിന് ലഭിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ മണ്ണ് ഇളകി നീങ്ങിയപ്പോഴാണ് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. റാഖൈന്‍ സ്റ്റേറ്റില്‍ നടന്ന വംശഹത്യയുടെ വ്യക്തമായ അടയാളങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് മ്യാന്മറിലെ യു.എന്‍ മനുഷ്യാവകാശ പ്രതിനിധി യാങ്കീ ലീ അഭിപ്രായപ്പെട്ടു. മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് വ്യക്തമാണെന്നും ലീ പറഞ്ഞു.

chandrika: